ഷവോമി എംഐ ബാൻഡ് 6 മാർച്ച് 29ന് വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
മാർച്ച് 29ന് ഒരു മെഗാ ലോഞ്ച് ഇവന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. ഈ പരിപാടിയിൽ വച്ച് ഷവോമി എംഐ 11 പ്രോ, എംഐ 11 അൾട്ര, എംഐ മിക്സ് സീരീസ് സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫിറ്റ്നസ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എംഐ ബാൻഡ് 6 ഈ ദിവസം തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച ഷവോമി എംഐ ബാൻഡ് 5ന്റെ പിൻഗാമിയാണ് ഈ ഡിവൈസ്. നേരത്തെ ഈ ബാൻഡുമായി ബന്ധപ്പെട്ട ലീക്ക് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ട്വിറ്ററിലൂടെയാണ് എംഐ ബാൻഡ് 6ന്റെ ലോഞ്ച് തിയ്യതി ഷവോമി സ്ഥിരീകരിച്ചത്. നിങ്ങൾ പുതിയ #എംഐസ്മാർട്ട്ബാൻഡ് 6ന് തയ്യാറാണോ? നിങ്ങളുടെ പുതിയ വ്യായാമ പദ്ധതികൾ തയ്യാറാക്കാൻ സമയമായി! മാർച്ച് 29 ന് 19:30 മണിക്ക് ഷവോമി 2021 പ്രൊഡക്ട് ലോഞ്ച് മിസ് ചെയ്യരുത്. എന്നാണ് ട്വീറ്റിൽ കൊടുത്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം എംഐ ബാൻഡ് 6ന്റെ ഒരു ലൈവ് ഇമേജ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫിറ്റ്നസ് ട്രാക്കർ എംഐ ബാൻഡ് 5ന്റെ അതേ കാപ്സ്യൂൾ ഡിസൈനുമായിട്ടാണ് പുതിയ ബാൻഡ് വിപണിയിലെത്തുന്നത്. ഇതിനൊപ്പം ഒരു മാഗ്നറ്റിക് ചാർജറും ലീക്ക് ആയ ചിത്രത്തിൽ കാണാം.

ഷവോമിയുടെ പ്രൊഡക്റ്റ് മാർക്കറ്റിംഗ് മേധാവിയും ആഗോള വക്താവുമായ അബി ഗോയും എംഐ ബാൻഡ് 6ന്റെ ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഷോർട്ട് ടീസറിൽ സ്മാർട്ട് ബാൻഡ് ഒരു കറുത്ത കേസിലാണ് ഉള്ളത് എന്ന് കാണാം. വ്യത്യസ്തമായ സ്ട്രാപ്പ് കളറുകളാണ് ഈ ബാൻഡിൽ ഉള്ളത്. ഡിസ്‌പ്ലേ അതിന്റെ മുൻഗാമിയേക്കാൾ അല്പം വലുതാണെന്നാണ് സൂചനകൾ. ഈ വലിപ്പം ചിത്രം നോക്കി സ്ഥിരീകരിക്കാൻ സാധിക്കില്ല. ഡിവൈസിന്റെ സവിശേഷതകളുടെ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ സ്‌ക്രീൻ വലുപ്പം കൂടുതലാണോ എന്ന് വ്യക്തമാകൂ.

ബ്ലഡ് ഓക്സിജൻ ലെവൽ ഡിറ്റക്ഷൻ (എസ്‌പിഒ 2 മോണിറ്ററിംഗ്) പോലുള്ള എംഐ ബാൻഡ് 5ൽ ഇല്ലാത്ത ചില പ്രധാന സവിശേഷതകളുമായിട്ടാണ് എംഐ ബാൻഡ് 6 പുറത്തിറങ്ങുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതൽ സ്പോർട്സ് മോഡുകൾ അവതരിപ്പിക്കുകയും വലിയ ഡിസ്പ്ലേ അവതരിപ്പിക്കുകയും ചെയ്യുമെന്നും ചില റിപ്പോർട്ടുകൾ സൂചനകൾ നൽകുന്നുണ്ട്. സ്മാർട്ട് ബാൻഡിന്റെ എൻഎഫ്‌സി വേരിയന്റും ഇതിനൊപ്പം ലോഞ്ച് ചെയ്തേക്കും. എംഐ സ്മാർട്ട് ബാൻഡ് 6 എന്ന പേരിലായിരിക്കും എംഐ ബാൻഡ് 6 ആഗോളതലത്തിൽ വിപണിയിലെത്തുകയെന്നാണ് സൂചനകൾ.

ഷവോമി എംഐ 11 പ്രോ, എംഐ 11 അൾട്ര സ്മാർട്ട്ഫോണുകളും മാർച്ച് 29ന് നടക്കുന്ന മെഗാ ഇവന്റിൽ വച്ച് പുറത്തിറക്കും. ഇതിനൊപ്പം എംഐ മിക്സ് സീരിസും അവതരിപ്പിക്കമെന്നാണ് റിപ്പോർട്ടുകൾ. ഗാലക്സി ഫോൾഡ് 2ന് സമാനമായ ഡിസൈനുള്ള ഷവോമിയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണാണ് എംഐ മിക്സ്. ഈ ലോഞ്ച് ഇവന്റിൽ വച്ച് ഫോൾഡബിൾ ഫോൺ പുറത്തിറക്കുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണങ്ങളൊന്നും ഇല്ല. മറ്റന്നാൾ നടക്കുന്ന ഇവന്റിൽ വച്ച് മികച്ച ചില ഡിവൈസുകൾ പുറത്തറങ്ങുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications








