ഉപയോക്താക്കൾക്ക് തലവേദനയായി സ്കാം, സ്പാം കോളുകൾ; ഒറ്റ മെസേജിൽ എല്ലാം ബ്ലോക്ക് ചെയ്യാം, ഇനി ശല്യമുണ്ടാകില്ല
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് സ്പാം കോളുകൾ കൊണ്ടായിരിക്കും. നിരവധി സ്പാം കോളുകളാണ് ഒരു ദിവസം തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. രാജ്യത്ത് ആകെമാനമുള്ള ഉപഭോക്താക്കൾ ഇത്തരത്തിൽ സ്പാം കോളുകളുടെ ശല്യം നേരിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ ഏറ്റവും ശല്യമായി ഉപഭോക്താക്കൾക്ക് തോന്നുന്നത് എന്തെങ്കിലും അത്യാവശ്യ ജോലികൾ ചെയ്യുമ്പോൾ വരുന്ന കോളുകളാണ്. ജോലി ഇടയ്ക്ക് വെച്ച് നിറുത്തി ഫോൺ എടുക്കുമ്പോൾ ആയിരിക്കും ഇത് സ്പാം കോൾ ആണെന്ന് അറിയാൻ സാധിക്കുക. ലോൺ വേണമോ, ഓഫറിൽ സാധനങ്ങൾ വേണമോ എന്ന് തുടങ്ങിയ വാഗ്ദാനങ്ങൾ ആയിരിക്കും ഇവർ മുന്നോട്ട് വയ്ക്കുന്നത്. ഉപഭോക്താക്കൾ എത്രയൊക്കെ അവോയ്ഡ് ചെയ്യാൻ ശ്രമിച്ചാലും വീണ്ടും ഇത്തരം കോളുകൾ വന്നുകൊണ്ടേ ഇരിക്കും.

ഉപഭോക്താക്കൾക്ക് ആകെ ഉള്ള ഓപ്ഷൻ ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക എന്നത് മാത്രമാണ്. എന്നാലും വേറെ നമ്പറിൽ നിന്ന് കോളുകൾ വന്നുകൊണ്ടേ ഇരിക്കും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി എഐ ഫിൽറ്റർ ഇൻസ്റ്റാൾ ചെയ്യാൻ വിവധ ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകിയിരുന്നു. ഒരു കോളർ ഐഡി പോലെ പ്രവർത്തിച്ച് വിളിക്കുന്നത് ആരാണ് എന്ന് ഉപഭോക്താക്കൾക്ക് സൂചന നൽകുന്ന സംവിധാനമാണ് ഇത്. എന്നാൽ ഈ സാങ്കേതിക വിദ്യ വേണ്ടതുപോലെ പ്രാവർത്തികമായിട്ടില്ല.
എന്നിരുന്നാലും ഇത്തരത്തിലുള്ള സ്പാം കോളുകൾ തടയാൻ മികച്ച ഓപ്ഷൻ ഉപഭോക്താക്കൾക്ക് മുന്നിൽ ഉണ്ട്. ഇതാണ് ഡിഎന്‍ഡി (ഡു നോട്ട് ഡിസ്‌റ്റേര്‍ബ്) എന്ന ഓപ്ഷൻ. ഈ ഓപ്ഷൻ നിങ്ങൾ ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നെ ഇത്തരം സ്പാം കോളുകളുടെയും എസ്എംഎസുകളുടെയും ശല്യം നിങ്ങൾക്ക് നന്നായി കുറയ്ക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ സ്പാം കോളുകൾ തടയുന്ന സംവിധാനമാണിത്. എങ്ങനെയാണ് ഈ ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യുന്നതെന്ന് പരിശോധിക്കാം.

ടെക്സ്റ്റ് മെസേജ് അയച്ചാണ് ഈ ഡിഎന്‍ഡി ഓപ്ഷൻ നിങ്ങളുടെ ഫോണിൽ ആക്ടിവേറ്റ് ചെയ്യുക. ഇതിനായി 1909 എന്ന നമ്പറിലേക്ക് FULLY BLOCK എന്ന് ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററിൽ ടൈപ്പ് ചെയ്ത് മെസേജ് അയയ്ക്കുക. ഇത്തരത്തിൽ ചെയ്താൽ അധികം വൈകാതെ തന്നെ നിങ്ങളുടെ ഫോണിൽ ഡിഎന്‍ഡി ഓപ്ഷൻ ആക്ടിവേറ്റ് ആകുന്നതായിരിക്കും. പിന്നീട് ഈ നമ്പറിലേക്ക് വരുന്ന സ്പാം കോളുകളുടെ എണ്ണം നല്ലതുപോലെ കുറയും.
നിങ്ങൾ ഡുവൽ സിം ഉപയോഗിക്കുന്ന ആളാണെങ്കിൽ രണ്ട് സിമ്മിൽ നിന്നും ഇത്തരത്തിൽ ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഒരു സിമ്മിൽ സ്പാം കോളുകൾ വന്നുകൊണ്ടേ ഇരിക്കും. എല്ലാത്തരത്തിലുള്ള സ്പാം കോളുകളും തടയാനാണ് ഈ വിദ്യ ഉപഗോയിക്കേണ്ടത്. എന്നാൽ ബാങ്കിങ് പരമായ സ്പാം കോളുകൾ (ക്രെഡിറ്റ് കാർഡ്, ലോൺ) എന്നീ ആവിശ്യങ്ങൾക്ക് ശല്യപ്പെടുത്തിയുള്ള കോളുകൾ മാത്രം തടയാൻ ആണെങ്കിൽ BLOCK 1 എന്നായിരിക്കണം സന്ദേശം അയയ്ക്കേണ്ടത്.
റിയൽ എസ്റ്റേറ്റ് പരസ്യങ്ങളുമായി ബന്ധപ്പെട്ട കോളുകൾ ഒഴിവാക്കാനാണ് നിങ്ങൾക്ക് താൽപര്യം എങ്ങിൽ BLOCK 2 എന്നാണ് അയയ്ക്കേണ്ടത്. വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ ഒഴിവാക്കണമെങ്കിൽ യഥാക്രമം BLOCK 3, BLOCK 4 എന്നിങ്ങനെയാണ് സന്ദേശം അയയ്ക്കേണ്ടത്. ഇത്തരത്തിൽ വിവധ സ്പാം കോളുകൾ തരംതിരിച്ച് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
അതേ സമയം ട്രൂക്കോളർ ഉപയോഗിച്ച് നമ്പർ തിരിച്ചറിഞ്ഞ് സ്പാം കോളുകൾ അവോയ്ഡ് ചെയ്യുന്നവരും നമ്പർ ബ്ലോക്ക് ചെയ്യുന്നവരും നിരവധിയുണ്ട്. എന്നാൽ ട്രൂക്കോളർ ഒരു സുരക്ഷിത ആപ്പ് അല്ല എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ നിരവധി വിവരങ്ങൾ ട്രോക്കോളർ ആപ്പിൽ നിന്ന് ചോരാൻ സാധ്യത ഉണ്ടെന്നാണ് ഈ റിപ്പോർട്ടുകളിൽ പറഞ്ഞിരിക്കുന്നത്. ആയതിനാൽ സുരക്ഷിതമായി സ്പാം കോളുകൾ ബ്ലോക്ക് ചെയ്യാൻ ഡിഎന്‍ഡി ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യുന്നതായിരിക്കും കൂടുതൽ സൗകര്യം.


Click it and Unblock the Notifications








