ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
ഇന്ത്യയിലെ ഓരോ പൗരനും ആധാർ കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ഓരോ പൌരന്മാരുടെയും എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന ഒരു ബയോമെട്രിക് ഓതന്റിക്കേഷനാണ് ആധാർ. ഇന്ന് എല്ലാ കാര്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയിരിക്കുന്നു. ആദായനികുതി റിട്ടേൺ, പുതിയ പാൻ കാർഡ്, പാസ്‌പോർട്ട് അപേക്ഷ, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യൽ, എൽപിജി സബ്സിഡി, ജൻ ധൻ യോജന തുടങ്ങിയ സർക്കാർ പദ്ധതികൾക്കും മറ്റ് രേഖകൾ ഉണ്ടാക്കാനുമെല്ലാം ആധാർ നിർബന്ധമാണ്.

നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ ഇത് തിരികെ കിട്ടാൻ വളരെ എളുപ്പമാണ്. ഇതിനുള്ള സംവിധാനങ്ങൾ യുഐഡിഎഐ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നിങ്ങളുടെ ആധാർ കാർഡ് നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മിക്ക സേവനങ്ങളും ഓൺലൈനിൽ തന്നെ ലഭിക്കും. നിങ്ങളുടെ നഷ്ടപ്പെട്ട ആധാർ കാർഡ് തിരികെ ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്യണ്ടതുണ്ട്. ഓൺലൈനായി ആധാർ കാർഡ് വീണ്ടെടുക്കുന്നത് എങ്ങനെയെന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ആധാർ കാർഡ് വീണ്ടും ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
യുഐഡിഎഐ വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക. ഈ വെബ്സൈറ്റിൽ നിരവധി ഓപ്ഷനുകൾ കാണാം. ഇതിൽ മൈ ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിൽ റിട്രീവ് ലോസ്റ്റ് എന്ന ഓപ്ഷൻ കാണാം. ഇത് നഷ്ടപ്പെട്ട ആധാർ തിരികെ എടുക്കുന്നതിനുള്ള ഓപ്ഷനാണ്. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക. പുതിയൊരു പേജ് ഓപ്പൺ ആയി വരും. ഈ പേജിലാണ് നമ്മുടെ വിവരങ്ങൾ നൽകേണ്ടത്. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. നൽകുന്ന വിവരത്തിൽ തെറ്റുകൾ ഉണ്ടെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കില്ല.

വിവരങ്ങൾ നൽകുന്ന പേജിൽ എൻറോൾമെന്റ് നമ്പറിനൊപ്പം നിങ്ങളുടെ ആധാർ കാർഡ് നമ്പറും ടൈപ്പ് ചെയ്യേണ്ടതുണ്ട്. മൊബൈൽ നമ്പർ, പേര് പോലുള്ള വിശദാംശങ്ങൾ എൻറോൾ ചെയ്യുമ്പോൾ എൻറോൾമെന്റ് നമ്പർ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടാകും. ഈ നമ്പരാണ് ആധാർ നമ്പരിനൊപ്പം നൽകേണ്ടത്. നേരത്തെ എടുത്ത ആധാർ കാർഡ് ലഭിക്കുന്നതിന് മുമ്പ് ആധാർ രജിസ്ട്രേഷൻ കേന്ദ്രത്തിൽ നിന്നും ലഭിച്ച പ്രിന്റ് ഔട്ടിലും എൻറോൾമെന്റ് നമ്പർ ഉണ്ടായിരിക്കും.

ആധാർ കാർഡ് നമ്പർ, എൻറോൾമെന്റ് നമ്പർ എന്നിവ നൽകി കഴിഞ്ഞാൽ താഴെയായി കാപ്ച കാണാം. ഇതിൽ എന്താണോ എഴുതിയിരിക്കുന്നത് അത് താഴെയുള്ള ടാബിൽ ടൈപ്പ് ചെയ്യണം. ഇത് നൽകി കഴിഞ്ഞാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ഒരു ഒടിപി ലഭിക്കും. പിന്നീട് mAADHAAR ആപ്പ് ഉപയോഗിക്കണം. ആധാർ സേവനങ്ങൾക്കായി സർക്കാർ പുറത്തിറക്കിയ ആപ്പാണ് ഇത്. ഈ ആപ്പിലൂടെ ആധാർ സംബന്ധിയായ നിരവധി സേവനങ്ങൾ ലഭിക്കും.

നിങ്ങളുടെ വിവരങ്ങൾ ആപ്പിൽ നൽകിയ ശേഷം യുഐഡിഎഐ വെബ്‌സൈറ്റ് വഴി 50 രൂപ അടയ്ക്കണം. ഇതിനായി ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ ഉപയോഗിക്കാം. ഇതിന് ശേഷം ആധാർ കാർഡിന്റെ ഹാർഡ് കോപ്പിക്ക് അപേക്ഷിക്കാം. 15 ദിവസത്തിനുള്ളിൽ തന്നെ പുതിയ ആധാർ കാർഡിന്റെ കോപ്പി നിങ്ങൾക്ക് ലഭിക്കും. മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമാണ് എന്ന് ഉറപ്പ് വരുത്തുക. ഇതിലൂടെ ആധാർ കാർഡ് തിരികെ ലഭിക്കും.


Click it and Unblock the Notifications