ഈ ലക്ഷണങ്ങളൊക്കെ നിങ്ങളുടെ ഫോൺ കാണിക്കുന്നുണ്ടോ? എങ്കിൽ ഉറപ്പിച്ചോ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്തിരിക്കുയാണ്
ഈ ഡിജിറ്റൽ ലോകത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് സൈബർ ക്രിമിനലുകളുടെ പ്രവർത്തനങ്ങൾ. ചില ലിങ്കുകൾ അയച്ച് നമ്മുടെ ഫോണിലെ പ്രവർത്തനങ്ങൾ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ നമ്മുടെ ഫോണിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ ഇവർക്ക് ചോർത്താൻ സാധിക്കുന്നതാണ്.
പല തരത്തിൽ ഇവർക്ക് നമ്മുടെ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ആരെങ്കിലും നമ്മുടെ ഫോണോ മറ്റോ ഹാക്ക് ചെയ്തുകഴിഞ്ഞാൽ എങ്ങനെ തിരിച്ചറിയും? ഇതിന് ധാരാളം വഴികളുണ്ട് മറ്റൊരാൾ നമ്മുടെ ഫോൺ ഹാക്ക് ചെയ്തു കഴിഞ്ഞാൽ ഇതിന്റെ ചില സൂചനകൾ നമ്മുടെ ഫോൺ തന്നെ നമ്മുക്ക് നൽകുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് വിശദമായി ഒന്ന് പരിശോധിക്കാം. ഇതിൽ ആദ്യത്തെ ലക്ഷണമാണ് ഫോണിലെ ബാറ്ററി ചാർജ് വേഗം തീരുന്നത്.

പതിവില്ലാതെ നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നതായി ശ്രദ്ധയിൽ പെട്ടാൽ നമ്മുടെ ഫോണിന്റെ നിയന്ത്രണം മറ്റൊരാൾ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലപ്പോൾ എന്തെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്തിന് ശേഷമാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത് എങ്കിൽ പ്രത്യേകം ശ്രദ്ധ വേണം. ബാഗ്രൗണ്ടിൽ നിരവധി ആപ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കാതെ ഇരിക്കുക. ഉപകരണം ഹാക്ക് ചെയ്യപ്പെട്ടതിന്റെ മറ്റൊരു സൂചനയാണ് ഫോൺ കാരണമില്ലാതെ ചൂടാകുന്നത്.
നിങ്ങൾ ദീർഘനേരം ഫോൺ ഉപയോഗിക്കുമ്പോൾ ഇവ ചൂടാകുന്നത് തികച്ചും സ്വഭാവികമാണ്. എന്നാൽ ഒന്നും ചെയ്യാതെ തന്നെ ഫോൺ വെറുതെ ചൂടാകുന്നത് അപകടത്തിന്റെ ലക്ഷണമാണ്. മറ്റൊരാൾ നിങ്ങളുടെ ഫോൺ നിയന്ത്രിക്കുന്നതിനാലാകും ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് പുറമെ നിങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാലും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഹാക്കർമരുടെ കൈയ്യിലാണെന്ന് സംശയിക്കാവുന്നതാണ്. ഇതിനുള്ള മറ്റൊരു സൂചനയാണ് നിങ്ങളുടെ ഫോൺ സ്ലോ ആകുന്നത്.

ബാഗ്രൗണ്ടിൽ ധാരാളം ആപ്പുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ നിങ്ങളുടെ ഫോൺ സ്ലോവായാണ് പ്രതികരിക്കുന്നത് എങ്കിൽ ഇതും ഒരു അപകട സൂചനയാണ്. മറ്റൊരാൾ നിങ്ങളുടെ ഫോൺ തത്സമയം പ്രവർത്തിപ്പിക്കുന്നത് കൊണ്ടായിരിക്കാം ചിലപ്പോൾ ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങളുടെ ഫോൺ വിചിത്രമായി പ്രവർത്തിക്കാൻ തുടങ്ങിയാലും ഇതേ കാര്യം തന്നെ നിങ്ങൾക്ക് സംശയിക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ ഫോണിലെ ആപ്പുകൾ ക്രാഷ് ആകുക, ഇവ ഓപ്പൺ ആക്കുമ്പോൾ അപ്രതീക്ഷിതമായി ക്ലോസ് ആകുക എല്ലാം ഇവയുടെ സൂചനകളാണ്.
ഒരുപക്ഷെ ക്ഷുദ്ര വൈറസുകൾ നിങ്ങളുടെ ഫോണിൽ പ്രവേശിച്ചതിനാലായിരിക്കാം ഇത്തരത്തിൽ സംഭവിക്കുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇടയ്ക്കിടയ്ക്ക് പോപ്പ് അപ്പ് നോട്ടിഫിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ വരുന്നുണ്ടോ എന്നത്. സാധാരണയായി നമ്മൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന വെബ്സൈറ്റുകളിൽ നിന്ന് മാത്രമെ ഇത്തരത്തിലുള്ള അറിയിപ്പുകൾ നമ്മുക്ക് ലഭിക്കു. എന്നാൽ ഒന്നും ചെയ്യാതെ തന്നെ ഇത്തരത്തിൽ അറിയിപ്പുകൾ ലഭിക്കുന്നത് അപകടമാണ്. ഇക്കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ എന്തെല്ലാമാണെന്ന് ഇടയ്ക്ക് പരിശോധിക്കുന്നതും നല്ലതാണ്. കാരണം ക്ഷുദ്ര വൈറസുകൾ ബാധിച്ച വെബ്സൈറ്റുകൾ നിങ്ങൾ എപ്പോഴെങ്കിലും സന്ദർശിച്ചു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ ചില സ്പൈ ആപ്പുകൾ ഓട്ടോമാറ്റിക്ക് ആയി ഇൻസ്റ്റാൾ ആയേക്കാം. ഇവ ഫോണിൽ ഉള്ള കാലത്തോളം ഹാക്കർമാർക്ക് നിങ്ങളുടെ ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്നതായിരിക്കും. ആയതിനാൽ ഇത്തരം ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഇവ അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
മറ്റൊരു പ്രധാന കാര്യമാണ് നിങ്ങളുടെ ഫോണിലെ ചിത്രങ്ങൾ പരിശോധിക്കുക എന്നത്. കാരണം നിങ്ങൾ എടുത്ത ഫോട്ടോകൾ അല്ലാതെ വേറേ ഫോട്ടോകൾ ഗാലറിയിൽ കാണാൻ സാധിച്ചാൽ നിങ്ങളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾ നിങ്ങളുടെ ക്യാമറ നിയന്ത്രിക്കുന്നുണ്ടെന്നാണ് അർത്ഥം. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത സ്വീകരിക്കേണ്ടതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഫോൺ മറ്റാരുടെയെങ്കിലും നിയന്ത്രണത്തിലാണോ എന്ന് വ്യക്തമായി അറിയാൻ സാധിക്കുന്നതായിരിക്കും.


Click it and Unblock the Notifications








