ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം
ബിവറേജസ് കോർപ്പറേഷന് വേണ്ടി വികസിപ്പിച്ചെടുത്ത വെർച്യൽ ക്യൂ ആപ്പായ ബെവ് ക്യൂവിന് കഴിഞ്ഞ ദിവസം ഗൂഗിൾ അംഗീകാരം ലഭിച്ചിരുന്നു. ആപ്പിന്റെ ബീറ്റ വേർഷൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. ബീറ്റ വേർഷനിലൂടെ പരീക്ഷണം പൂർത്തിയാക്കിയ ആപ്പ് ബിവറേജസ് കോർപ്പറേഷനുകൾ തുറന്ന് പ്രവർത്തിക്കുന്നതോടെ ജനപ്രീയമാകുമെന്നാണ് കണക്ക് കൂട്ടുന്നത്.

ആപ്പ് എല്ലാവർക്കും ലഭ്യമാകുന്നതോടെ മദ്യ വിതരണം ആപ്പിലൂടെ മാത്രമാക്കി ചുരുക്കാനും സർക്കാരിന് പദ്ധതിയുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്ക് വർദ്ധിച്ചാൽ സാമൂഹിക അകലം നടപ്പാകില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. രണ്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ബിവറേജസ് കോർപ്പറേഷനുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് സഹാമൊരുക്കുന്ന ബെവ് ക്യൂ ആപ്പ് എങ്ങനെയാണ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്യാം
മറ്റെല്ലാ ആപ്പുകൾക്കും സമാനമായ ആപ്പ് തന്നെയാണ് ബെവ് ക്യൂ. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും ബെവ് ക്യൂ ഡിവൈസുകളിലേക്ക് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഡൌൺലോഡ് ചെയ്യുമ്പോൾ ആപ്പിന് ആവശ്യമായ പെർമിഷനുകൾ നൽകാനും ഒറിജിനൽ ആപ്പ് തന്നെയാണ് ഡൌൺലോഡ് ചെയ്തത് എന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കുക. സമാന പേരുകളിൽ ചിലപ്പോൾ മറ്റ് ആപ്പുകളും ഉണ്ടായേക്കും.

വെർച്യൽ ക്യൂ സംവിധാനം
ബെവ് ക്യൂ ആപ്പ് ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ് അല്ല. ഈ ആപ്പിന്റെ ലക്ഷ്യം ബിവറേജസ് കോർപ്പറേഷനുകളിലെ തിരക്ക് നിയന്ത്രിക്കുക എന്നതാണ്. വെർച്വൽ ക്യൂ സംവിധാനമായാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. മദ്യം വാങ്ങേണ്ട ആളുകൾക്ക് ബിവറേജസ് ഔട്ട്ലെറ്റുകളിൽ പോയി ക്യൂ നിൽക്കുന്നതിന് പകരം ആപ്പിലൂടെ ഒരു വെർച്യൽ ക്യൂ സൃഷ്ടിക്കുകയും ഉപയോക്താവിന് മദ്യം ലഭ്യമാകുന്ന സമയമടക്കമുള്ള വിവരങ്ങൾ അടങ്ങുന്ന ടോക്കൺ നൽകുകയും ചെയ്യുന്നു.

ലോഗിൻ ചെയ്യാം
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ നമ്മൾ മിക്ക സർവ്വീസ് ആപ്പുകളിലും കാണുന്ന രീതിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഉപയോക്താവിന്റെ പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് ഇതിനായി നൽകേണ്ടത്. വിവരങ്ങൾ നൽകി കഴിഞ്ഞാൽ ചെക്ക് ബോക്സിലെ എല്ലാ നിബന്ധനങ്ഹളും അഗീകരിക്കുന്നു എന്നതിൽ ടിക് ചെയ്ത് സബ്മിറ്റ് ചെയ്യാം. ആപ്പിൽ ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ സാധിക്കും.

വേരിഫിക്കേഷൻ
എല്ലാ ആപ്പുകളിലും കാണാറുള്ളതുപോലെ രജിസ്ട്രേഷന്റെ ഭാഗമായി നൽകിയ വിവരങ്ങൾ പരിശോധിക്കുന്ന ഒരു വേരിഫിക്കേഷൻ സംവിധാനം ബെവ് ക്യൂ ആപ്പിലും ഉണ്ടായിരിക്കും. ലോഗിൻ വിവരങ്ങളുടെ വിൻഡോയിൽ നൽകിയ മൊബൈൽ നമ്പരിലേക്ക് ആറ് അക്കങ്ങളുള്ള ഒരു ഒടിപി അയക്കും. ഈ ഒടിപി നൽകി സബ്മിറ്റ് ചെയ്താൽ വേരിഫിക്കേഷൻ പൂർത്തിയാക്കാം. ഒടിപി ലഭിച്ചില്ലെങ്കിൽ വീണ്ടും ഒടിപി അയക്കാനുള്ള ഓപ്ഷനും ആപ്പിലുണ്ട്.

ഔട്ട്ലറ്റ് ബുക്കിങ്
വേരിഫിക്കേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ ഉപയോക്താവിന് പുതിയൊരു വിൻഡോയിലേക്ക് പ്രവേശനം ലഭിക്കും. റീഡയറക്ട് ചെയ്ത് എത്തുന്ന ഈ പേജിലൂടെയാണ് വേർച്വൽ ക്യൂവിനായി ഉപയോക്താവിന് അപേക്ഷിക്കാൻ കഴിയുന്നത്. ഇതിൽ വൈൻ ആന്റ് ബിയർ, മദ്യം എന്നിങ്ങനെ ആവശ്യമുള്ള മദ്യം തിരഞ്ഞെടുത്ത് വെർച്വൽ ക്യൂ ടോക്കനായി അപേക്ഷിക്കാം.

ബുക്കിങ് കൺഫർമേഷൻ
ബുക്കിങ് സ്വീകരിച്ചുകഴിഞ്ഞാൽ ഉപയോക്താവിന് കൺഫർമേഷൻ ലഭിക്കും. ഈ കൺഫർമേഷൻ പേജിൽ ക്യൂ നമ്പരും ഉപയോക്താവിന്റെ അടുത്തുള്ള ബിവറേജസ് ഔട്ട്ലെറ്റിന്റെ വിവരങ്ങളും ഉണ്ടായിരിക്കും. മദ്യം വാങ്ങാനായി ഔട്ട്ലെറ്റിലേക്ക് പോകേണ്ട സമയവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും. ഇതിലുള്ള ക്യൂആർ കോഡ് ഉപയോഗിച്ചാലും വിശദാംശങ്ങൾ ലഭിക്കും.

ടോക്കൺ ലഭിക്കുന്നതിനുള്ള നിബന്ധനകൾ
ടോക്കൺ ബുക്ക് ചെയ്യാനായി ആവശ്യമുള്ള വിവരങ്ങൾ നൽകി കഴിഞ്ഞാൽ ചിലപ്പോൾ അത് ലഭ്യമാകണം എന്നില്ല. ടോക്കൺ ലഭ്യമല്ലാത്ത അവസരങ്ങളിൽ ഇതും അറിയിപ്പായി വരും. കൂടുതൽ ആളുകൾ ബുക്ക് ചെയ്താൽ തിരക്ക് ഒഴിവാക്കാൻ ടോക്കൺ നൽകുകയില്ല. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് പണിവരെയാണ് ടോക്കൺ ബുക്ക് ചെയ്യാനുള്ള സമയം. ഒരു ഉപയോക്താവ് ടോക്കൺ ബുക്ക് ചെയ്ത് കഴിഞ്ഞാൽ അടുത്ത ബുക്കിങിന് 5ദിവസം കാത്തിരിക്കണം.


Click it and Unblock the Notifications








