ഫ്രണ്ട് ക്യാമറയിൽ ഒളിഞ്ഞിരിക്കുന്ന അപകടം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ പുറത്താകും
ഇന്നത്തെ കാലത്ത് എല്ലാവരുടെയും പക്കൽ ഉള്ള ഒരു ഡിജിറ്റൽ ഉപകരണമാണ് സ്മാർട്ട് ഫോണുകൾ. നിരവധി കാര്യങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ നമ്മുക്ക് അനുഗ്രഹമാണ്. മറ്റ് ചില കാര്യങ്ങളിൽ വലിയ ദോഷകരവും. ഈ ഡിജിറ്റൽ ലോകത്ത് പ്രൈവസി പോലുള്ള കാര്യങ്ങൾ കാത്തുസൂക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. നമ്മുടെ പ്രൈവസിയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഫോണുകളുടെ ഫ്രണ്ട് ക്യാമറയാണ്.
ഫോണിന്റെ ഫ്രണ്ട് ക്യാമറകൾ എങ്ങനെ നമ്മുടെ സ്വകാര്യ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് വിശദമായി പരിശോധിക്കാം. പ്രധാനമായും വീഡിയോ കോളിംഗിനും സെൽഫി ചിത്രങ്ങൾ, വീഡിയോ എന്നിവ എടുക്കുന്നതിനും ആണ് കമ്പനികൾ ഫോണിന് ഫ്രണ്ട് ക്യാമറകൾ നൽകിയിരിക്കുന്നത്. എന്നാൽ നമ്മൾ കൃത്യമായി സോഫ്റ്റുവെയറുകളും ഹാർഡ്വെയറുകളും അപ്ഡേറ്റ് ചെയ്യാതെ ഇരുന്നാൽ ഹാക്കർമാർക്കും മറ്റ് സൈബർ കുറ്റവാളികൾക്കും നമ്മുടെ ഫോൺ നിയന്ത്രണത്തിൽ എടുക്കാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ നമ്മുടെ ഫോണിന്റെ നിയന്ത്രണം ഇവർ ഏറ്റെടുത്ത് കഴിഞ്ഞാൽ നമ്മുടെ അനുവാദം ഇല്ലാതെ തന്നെ ഏതൊരു സമയത്തും നമ്മുടെ ഫോണിന്റെ ക്യാമറകൾ ദൂരെ നിന്ന് തന്നെ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ചിലപ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും ഇവർ ഇത്തരത്തിൽ ക്യാമറകൾ ഓൺ ചെയ്തേക്കാം. ഇത് വളരെ വലിയ അപകടം ആയിരിക്കും വിതയ്ക്കുക. ആയതിനാൽ തന്നെ നിങ്ങളുടെ ഉപകരണവും അതിന്റെ സോഫ്റ്റുവെയറും എപ്പോഴും അപ്ഡേറ്റ് ആയി തന്നെ സൂക്ഷിക്കുക.
ഇത്തരത്തിൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി ഹാക്കർമാർ നിരവധി വിദ്യകൾ ഉപയോഗിക്കും. ഫിഷിംഗ് മെയിലുകളും ലിങ്കുകൾ അടങ്ങിയിരിക്കുന്ന മെസേജുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളുമാണ് ഇതിൽ പ്രധാനം. നിങ്ങൾ ഈ ലിങ്കുകൾ ഓപ്പൺ ചെയ്താൽ ഒരു പക്ഷെ നിങ്ങളുടെ ഫോണിന്റെ അക്സസ് ഇവർക്ക് ലഭിച്ചേക്കാം. ഇതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ പെർമിഷൻ നൽകുന്ന കാര്യം.

നിരവധി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ക്യാമറയ്ക്കായുള്ള പെർമിഷൻ ചോദിക്കാറുണ്ട് എന്നാൽ ആവിശ്യമുള്ള ആപ്പുകൾക്ക് മാത്രമേ നിങ്ങൾ പെർമിഷൻ കൊടുക്കാവു. അല്ലാത്ത പക്ഷം ഇത് ദുരുപയോഗം ചെയ്യപ്പെടും. മാത്രമല്ല ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. വെബ്സൈറ്റുകളിൽ നിന്നെല്ലാം എപികെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ പ്രൈവസിയെ കാര്യമായി തന്നെ ബാധിച്ചേക്കാം.
നിങ്ങൾ എന്തെല്ലാം ആപ്പുകൾക്ക് ക്യാമറ പെർമിഷൻ നൽകിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. വിശ്വസനീയമായ ആപ്പുകൾക്ക് ഒഴികെ ബാക്കിയുള്ള ആപ്പുകളുടെ ക്യാമറ പെർമിഷൻ ഓഫാക്കാനും ശ്രമിക്കേണ്ടതാണ്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഇതിന്റെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷിക്കുക. സുരക്ഷിതവും എൻക്രിപ്റ്റ് ചെയ്തതുമായ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മോഡലുകൾ പാലിക്കുക. ഉപയോഗത്തിലില്ലാത്തപ്പോൾ നിങ്ങളുടെ ഫോണിന്റെ മുൻ ക്യാമറ മറയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഫോൺ കവറുകളും ലഭ്യമാണ്.
നിലവിലെ ടെക് കമ്പനികൾ എല്ലാം തന്നെ ഈ ആശങ്ക അംഗീകരിക്കുന്നുണ്ട്. വിവിധ ആപ്പുകൾക്ക് ക്യാമറ ആക്‌സസ് ചെയ്യുമ്പോൾ ഉപയോക്താവിന് സൂചന നൽകുന്ന ഒരു ബിൽറ്റ്- ഇൻ സവിശേഷതയുമായാണ് പല പുതിയ സ്മാർട്ട്‌ഫോണുകളും വരുന്നത്. അതുപോലെ, വിവിധ സ്‌മാർട്ട്‌ഫോണുകൾക്കായുള്ള ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഫ്രണ്ട് ക്യാമറയിലേക്ക് അനധികൃതമായ പ്രവേശനം തടയാനും ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും സ്വകാര്യ നിമിഷങ്ങളിൽ ഫോൺ മാറ്റിവെയ്ക്കാൻ ശ്രമിക്കുന്നത് ആയിരിക്കും ഉത്തമം.
ഏതായുലും ഇത്തരത്തിൽ ഫോണിന്റെ ഫ്രണ്ട് ക്യാമറകൾ ഉപയോഗിക്കുന്നവർ ഒരു ജാഗ്രത പാലിക്കേണ്ടത് ആവിശ്യമാണ്. ബാത്ത് റൂമുകളിൽ പോകുമ്പോഴും വസ്ത്രങ്ങൾ മാറുമ്പോഴുമെല്ലാം ഫോൺ മാറ്റിവെയ്ക്കുന്നതാണ് നല്ലത്. ഈ ഡിജിറ്റൽ ലോകത്ത് ഒന്നും തന്നെ സുരക്ഷിതമല്ല എന്ന കാര്യം എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ മനസിലാക്കേണ്ടതുമാണ്.


Click it and Unblock the Notifications








