ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കും
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. നിങ്ങളുടെ വാട്സ്ആപ്പ അക്കൌണ്ട് പെട്ടെന്നൊരു ദിവസം നിരോധിക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. ഇതിനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേടിക്കേണ്ട, എല്ലാവർക്കും ഇത് ബാധകമല്ല. വാട്സ്ആപ്പിന്റെ പേരിലുള്ള വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് കമ്പനി ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. വാട്സ്ആപ്പ് പ്ലസ്, വാട്സ്ആപ്പ് ജിബി പ്ലസ് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവരെയാണ് ഇത് ബാധിക്കുക.

വാട്സ്ആപ്പിന്റെ പേര് ഉപയോഗിക്കുന്നതും എന്നാൽ കൂടുതൽ സവിശേഷതകൾ നൽകുകയും ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകൾക്കെതിരെ കടുത്ത നടപടികളാണ് വാട്സ്ആപ്പ് എടുക്കുന്നത്. വാട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് തുടങ്ങിയ ആപ്പുകൾ വാട്ട്‌സ്ആപ്പിലില്ലാത്ത നിരവധി സവിശേഷതകൾ നൽകുന്നുണ്ട്. എങ്കിലും ഈ ആപ്പുകൾ സുരക്ഷിതമല്ലാത്തതും നിങ്ങളുടെ പേഴ്സണൽ ഡാറ്റ മോഷ്‌ടിക്കാൻ കഴിയുന്ന മാൽവെയർ ഉള്ളതുമാണ്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇത്തരം ആപ്പുകൾ ഇടം പിടിക്കാത്തതിന്റെ കാരണവും അത് തന്നെയാണ്.

വാട്സ്ആപ്പിനെ അനുകരിക്കുന്ന വാട്സ്ആപ്പ് പ്ലസും മറ്റ് തേർഡ് പാർട്ടി ആപ്പുകളും ഓട്ടോ-റിപ്ലൈസ്, ചാറ്റ് ഷെഡ്യൂളിങ് എന്നിങ്ങനെയുള്ള സവിശേഷതകൾ നൽകുന്നുണ്ട്. ഈ ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമല്ല. വാട്സ്ആപ്പ് ഇതുവരെ ഓട്ടോ റിപ്ലൈ, ചാറ്റ് ഷെഡ്യൂളിങ് ഫീച്ചറുകൾ എന്നിവ പരിശോധിക്കാൻ പോലും ആരംഭിച്ചിട്ടില്ല. എന്നാൽ വ്യാജ വാട്സ്ആപ്പ് ആപ്പുകളിൽ ഇവ ഉണ്ട്. തേർഡ് പാർട്ടി ആപ്പുകളുടെ ഡവലപ്പർമാർ ഉപയോക്താക്കളെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ഇത്തരം ഫീച്ചറുകൾ കാണിച്ച് തന്നെയാണ്.

വാട്സ്ആപ്പ് പോളിസി അനുസരിച്ച്, മെസേജിങ് ആപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന അക്കൗണ്ടിനെ ആപ്പ് താൽക്കാലികമോ സ്ഥിരമായോ നിരോധിക്കും. വാട്സ്ആപ്പ് ആപ്പിന്റെ പേരിലുള്ള അനധികൃത പതിപ്പുകളെ "വാട്സ്ആപ്പ് മോഡുകൾ" എന്നാണ് വിളിക്കുന്നത്. നിങ്ങൾ ഇത്തരത്തിലുള്ള വാട്സ്ആപ്പ് മോഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അത് കമ്പനിയുടെ ടേംസ് ആന്റ് പോളിസിയുടെ വ്യക്തമായ ലംഘനമായി കണ്ട് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കും.

വാട്സ്ആപ്പ് പ്ലസ്, ജിബി പ്ലസ് പോലുള്ള മിക്ക തേർഡ് പാർട്ടി ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമല്ല. അവ എപികെ വഴി മാത്രമേ ഡൗൺലോഡ് ചെയ്യാൻ കഴിയൂ. ഇത്തരം വഴികളിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന ആപ്പുകൾ പലപ്പോഴും മാൽവെയറുകളുള്ളവയായിരിക്കും. ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും ആപ്പ് എങ്ങനെ സംരക്ഷിക്കുന്നു, ചാറ്റുകൾ സുരക്ഷിതമാണോ അല്ലയോ എന്നതിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കില്ല. ഈ ആപ്പുകൾ ഉപയോക്താക്കളുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും പ്രധാനമായി കാണുന്നില്ല.

തേർഡ് പാർട്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ വാട്സ്ആപ്പിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുകയും ചെയ്യും. 2019ൽ, ജിബി വാട്സ്ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയ നിരവധി അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചിരുന്നു. നിരോധനം താൽക്കാലികമായിരുന്നു, എന്നാൽ ഉപയോക്താക്കൾ തെറ്റ് തിരുത്തിയില്ലെങ്കിൽ അവരുടെ അക്കൌണ്ടുകൾ വാട്സ്ആപ്പിൽ നിന്ന് എന്നന്നേക്കുമായി നിരോധിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ തന്നെ നിങ്ങൾ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








