നമ്മിൽ പലരും കരുതിപ്പോരുന്ന 4 ഗമണ്ടൻ അന്ധവിശ്വാസങ്ങൾ
എല്ലാ മേഖലകളിലെയും പോലെ നമ്മുടെ ടെക്ക് ലോകത്തുമുണ്ട് ചില അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും. വർഷങ്ങളായി നമ്മൾ ശരിയാണെന്ന് കരുതിപ്പോന്നിരുന്ന അത്തരം ചില അബദ്ധ ധാരണകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.


തെറ്റിധാരണ 1: കൂടുതൽ സിഗ്നലുകൾ ഉണ്ടെങ്കിൽ കൂടുതൽ വ്യക്തത
പലരും കാലങ്ങളായി വിശ്വസിച്ചുപോരുന്ന ഒരു കാര്യം. ഒരുപക്ഷെ മൊബൈൽ ഫോണുകളുടെ ആദ്യകാലം തൊട്ടേ നിലവിൽ വന്നൊരു അന്ധവിശ്വാസം. നിങ്ങളുടെ തൊട്ടടുത്തുള്ള ടവറിലെ കവറേജ് മാത്രമാണ് സിഗ്നലുകൾ കാണിക്കുന്നത്. ഇവ കൂടി എന്ന് കരുതി കോളുകൾക്ക് കൂടുതൽ വ്യക്തത നൽകുന്നതുമായി യാതൊരു ബന്ധവുമില്ല. കൂടുതൽ സിഗ്നൽ ബാറുകൾ ഉണ്ടെങ്കിൽ പൊതുവെ നെറ്റ് വർക്കിന് ഗുണമാണെങ്കിലും അതൊരിക്കലും വ്യക്തയുള്ള കോളുകൾ നൽകും എന്നർത്ഥമില്ല.

തെറ്റിധാരണ 2: കൂടുതൽ മെഗാപിക്സൽ ഉള്ള ഫോണാണ് ഏറ്റവും നല്ല ഫോട്ടോ എടുക്കുക
കൂടുതൽ മെഗാപിക്സലുകൾ ഉള്ള ഫോൺ ക്യാമറ നല്ല ചിത്രങ്ങൾ തരും എന്നത് വാസ്തവം തന്നെയാണ്. എന്നുകരുതി മെഗാപിക്സൽ മാത്രമല്ല ഒരു നല്ല ചിത്രത്തിൻറെ അളവുകോൽ. കാരണം ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ലെന്സ്, ഹാർഡ്‌വെയർ, പ്രൊസസർ എന്നിങ്ങനെയുള്ളവയും ഇതെല്ലാം ഏറ്റവും മികച്ച രീതിയിൽ സമന്വയിപ്പിച്ച് മികച്ച ഫോട്ടോ ആക്കി മാറ്റാൻ കെല്പുള്ള സോഫ്ട്‍വെയർ എന്നിവയെല്ലാം കൂടിച്ചേരുമ്പോഴാണ് മികച്ചൊരു ചിത്രം ലഭിക്കുക. ചിലപ്പോഴെങ്കിലും നമ്മൾ പറയാറില്ലേ, ഈ ഫോണിലെ 16 മെഗാപിക്സലിനെക്കാളും എത്രയോ നല്ല ഫോട്ടോ പഴയ നോകിയയുടെയും സോണിയുടേയുമെല്ലാം 5 മെഗാപിക്സൽ ക്യാമറയിൽ എടുക്കാമായിരുന്നു എന്ന്. ഇതാണ് അതിന് കാരണം.

തെറ്റിധാരണ 3: ആപ്പിൾ മാക്ക് കമ്പ്യൂട്ടറുകളിൽ വൈറസ് കയറില്ല
പലരും ഇത് പറയുന്നത് എത്ര ലാഘവത്തോടെയാണെന്ന് ആലോചിച്ചുപോയിട്ടുണ്ട്. സ്വന്തമായി ഒരു ആപ്പിൾ മാക്ക് ഉള്ളതിന്റെ ആ ഒരു പ്രതാപം കാണിക്കാനായിരിക്കും എന്ന് തോന്നുന്നു ഇങ്ങനെ പറഞ്ഞു നടക്കുന്നത്. എന്നാൽ ഒന്നറിഞ്ഞിരിക്കുക, വൈറസ് ആക്രമണത്തിൽ നിന്നും ഗാഡ്ജറ്റുകളൊന്നും തന്നെ ഒഴിവാകുന്നില്ല. അതിനി ആപ്പിളായാലും വേണ്ടിയില്ല മുന്തിരിയായാലും വേണ്ടിയില്ല. പിന്നെ ഒരു കാര്യമുള്ളത് പൊതുവെ കുറച്ചു പേർ മാത്രമേ ആപ്പിൾ മാക്ക് കമ്പ്യൂട്ടറും ലാപ്പും ഉപയോഗിക്കുന്നുള്ളൂ എന്നത് വൈറസുകൾ എത്തുന്നത് കുറയ്ക്കാൻ സഹായിക്കുന്നു എന്ന് മാത്രം.

തെറ്റിധാരണ 4: ഫുൾ എച്ച് ഡി യെ ക്വാഡ് എച്ച് ഡിയുമായി താരതമ്യം ചെയ്ത് വിലകുറയ്ക്കൽ
"നിന്റേത് ഫുൾ എച് ഡി അല്ലെ.. എന്റേത് അസ്സൽ ക്വാഡ് എച്ച് ഡിയാണ് ഭായ്.. " എന്നും പറഞ്ഞു ചിലർ പരിഹസിക്കുന്നതോ താരതമ്യം ചെയ്യുന്നതോ കാണാം. ഫുൾ എച്ച്ഡി (Full HD 1920*1080)യും ക്വാഡ് എച്ച് ഡി (quad HD 2560*1440)യും തമ്മിൽ താരതമ്യം ചെയ്ത് ഫുൾ എച്ച്ഡി അത്ര പോരാ എന്നൊരു തോന്നൽ പലർക്കുമുണ്ടാകും. ഇത് ഫുൾ എച്ച്ഡി മോഡലുകൾ ഒഴിവാക്കി ക്വാഡ് എച്ച് ഡി മോഡലുകൾ വാങ്ങാൻ നമ്മെ പ്രേരിപ്പിച്ചേക്കും. എന്നാൽ അത്തരത്തിൽ ഒരു താരതമ്യത്തിന് ആവശ്യമില്ല. സംഭവം ഫലത്തിൽ ക്വാഡ് എച്ച് ഡി ആണ് കൂടുതൽ വ്യക്തത, ചിത്രങ്ങൾ കൂടുതൽ കൃത്യമായി കാണാം എന്നൊക്കെ ഉണ്ടെങ്കിലും കൂടെ മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധിക്കുന്ന, തിരിച്ചറിയാൻ പറ്റുന്ന പരമാവധി പിക്സൽസ് 326 പിക്‌സൽസ് പെർ ഇഞ്ച് ആണ്. അതിനാൽ ഫുൾ എച്ഡി മാത്രമാണല്ലോ എന്റെ ഫോൺ എന്നോർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല.


Click it and Unblock the Notifications