ഇൻവെർട്ടറുകൾ വാങ്ങാൻ പോകുകയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം | Inverter Buying Guide
കറണ്ട് പോകുന്നത് എപ്പോഴും ദുരിതമാണെങ്കിലും ദേഹം പൊള്ളിയടരുന്ന ഈ വേനൽക്കാലത്ത് അത് അസഹനീയമാണ്. വേനൽച്ചൂടിൽ വൈദ്യുതിയില്ലാതെ അൽപ്പസമയം പോലും ചിലവഴിക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. കറണ്ടില്ലാത്ത സമയങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനുള്ള സംവിധാനമാണ് ഇൻവെർട്ടറുകൾ. നിങ്ങളുടെ വീട്ടിലേക്ക് ഒരു ഇൻവെർട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ നോക്കാം.
നിങ്ങളുടെ വീട്ടിലെ വൈദ്യുതി ഉപയോഗം അറിഞ്ഞിരിക്കണം : പുതിയ ഇൻവെർട്ടർ വാങ്ങുമ്പോൾ ആദ്യം പരിഗണിക്കേണ്ട കാര്യം നിങ്ങളുടെ വീട്ടിൽ വേണ്ടി വരുന്ന ആവശ്യകതയാണ്. ഉദാഹരണമായി പറഞ്ഞാൽ റഫ്രിജറേറ്റും എസിയും പോലെയുള്ള ലോഡ് കൂടിയ ഉപകരണങ്ങൾക്കോണോ അതോ ലൈറ്റിനും ഫാനിനുമാണോ നിങ്ങൾ ഇൻവെർട്ടർ ഉപയോഗിച്ച് പവർ ബാക്കപ്പ് നൽകാൻ ആഗ്രഹിക്കുന്നത് എന്നതിൽ വ്യക്തതത വേണം.

Inverter ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളും എണ്ണവുമാണ് ആവശ്യമുള്ള പവർ നിർണയിക്കുന്നത്. ഉദാഹരണത്തിന് 30 വാട്ട്സ് ശേഷിയുള്ള രണ്ട് ട്യൂബ് ലൈറ്റുകൾ, 70 വാട്ട്സുള്ള ഒരു ഫാൻ, 20 വാട്ട്സിന്റെ രണ്ട് സിഎഫ്എൽ എന്നിവയാണ് നിങ്ങൾ പ്രവർത്തിപ്പിക്കുന്നതെങ്കിൽ ആകെ പവർ റിക്വയർമെന്റ് ഇങ്ങനെ കണക്ക് കൂട്ടാം : 60 + 70 + 40 = 170W.
ഇൻവെർട്ടർ കപ്പാസിറ്റി : ഇൻവെർട്ടറുകൾ വാങ്ങുമ്പോൾ ആദ്യ പരിഗണന അവയുടെ കപ്പാസിറ്റിയ്ക്കായിരിക്കണം. നിങ്ങളുടെ ഉപയോഗത്തിന് ചേരുന്ന കപ്പാസിറ്റിയുള്ള ഇൻവെർട്ടർ വാങ്ങണം. വോൾട്ട് ആമ്പിയർ (VA) റേറ്റിങിലാണ് ഇൻവെർട്ടർ കപ്പാസിറ്റി അളക്കുന്നത്. ഉപകരണങ്ങൾക്ക് ഇൻവെർട്ടറിൽ നിന്നും ലഭിക്കുന്ന വോൾട്ടേജും കറന്റുമാണ് ഇത് അർഥമാക്കുന്നത്. പവർ റിക്വയർമെന്റിനെ പവർ ഫാക്ടർ കൊണ്ട് ഹരിച്ചാണ് വിഎ കണക്ക് കൂട്ടുന്നത്.

ഒരു എസി സർക്യൂട്ടിലെ ശരാശരി പവറും പ്രത്യക്ഷത്തിലുള്ള പവറും തമ്മിലുള്ള അനുപാതമാണ് ശരാശരി പവർ ഫാക്ടർ. നമ്മളിവിടെ ശരാശരി പവർ ഫാക്ടറായി എടുക്കുന്നത് 0.7 ആണ്. അത്തരത്തിൽ 170W പവർ റിക്വയർമെന്റുള്ള വീട്ടിൽ ആവശ്യമായ ഇൻവെർട്ടർ കപ്പാസിറ്റി ഏകദേശം 250VA ആയിരിക്കണം. എന്നാൽ സാഹചര്യത്തിന് അനുസരിച്ചും ശരാശരി പവർ ഫാക്ടറിനും അനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഓർത്തിരിക്കണം.
ഇൻവെർട്ടർ ടൈപ്പ് : കാണാൻ ഇൻവെർട്ടറുകൾ എല്ലാം ഏറെക്കുറെ സമാനമാണ്. അവ പവഡ ഡെലിവർ ചെയ്യുന്ന രീതിയിലാണ് പ്രധാന വ്യത്യാസമുള്ളത്. ഇൻവെർട്ടറുകളെ സൈൻ വേവെന്നും സ്ക്വയർ വേവെന്നും തിരിക്കാം. കറണ്ട് പോകുന്നതിനും ഇൻവെർട്ടർ കറണ്ട് സപ്ലൈ ചെയ്യുന്നതിനും ഇടയിൽ ഒട്ടും കാലതാമസമെടുക്കാത്തതിനാൽ പ്യുവർ സൈൻ വേവ് ഇൻവെർട്ടറുകൾ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്. എന്നാൽ സ്ക്വയർ വേവ് ഇൻവെർട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്യുവർ സൈൻ വേവ് ഇൻവെർട്ടറുകൾക്ക് വില അൽപ്പം കൂടുതലുമായിരിക്കും.

ബാറ്ററി സെലക്ഷൻ : ഇൻവെർട്ടർ സെറ്റപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ബാറ്ററി. ഇൻവെർട്ടറിന്റെ കപ്പാസിറ്റി കുറയാതിരിക്കാനും കൂടുതൽ കാലം ഉപയോഗിക്കാനും നല്ല ബാറ്ററികൾ തന്നെ ഉപയോഗിക്കണം. ഇൻവെർട്ടർ എത്ര നേരം ഉപയോഗിക്കേണ്ടി വരുമെന്നതും ബാറ്ററി സെലക്ഷനെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് നിങ്ങൾക്ക് 2 മണിക്കൂറിൽ കൂടുതൽ ഇൻവെർട്ടർ തുടർച്ചയായി ഉപയോഗിക്കണമെങ്കിൽ കപ്പാസിറ്റി കൂടിയ ബാറ്ററികൾ തന്നെ സെലക്റ്റ് ചെയ്യണം.
ഓവർലോഡ് പ്രൊട്ടക്ഷനും വോൾട്ടേജ് റെഗുലേറ്ററും : ഇൻവെട്ടറുകൾക്ക് ഏറ്റവും അനിവാര്യമായ രണ്ട് ഫീച്ചറുകളാണ് ഇവ രണ്ടും. അൺസ്റ്റേബിൾ ആയിട്ടുള്ള വോൾട്ടേജ് ഔട്ട്പുട്ട് വീട്ടിലെ ഉപകരണങ്ങൾ തകരാറിലാക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ നല്ല വോൾട്ടേജ് റെഗുലേറ്റർ സെറ്റപ്പുള്ള ഇൻവെർട്ടറുകൾ വാങ്ങാൻ ശ്രദ്ധിക്കുക. ഓവർലോഡ് പ്രൊട്ടക്ഷൻ ഇൻവെർട്ടർ ഓവർ ഹീറ്റ് ആകുന്നത് തടയുന്നു. ഓവർലോഡ് പ്രൊട്ടക്ഷൻ ഫീച്ചർ വീട്ടിലെ ഉപകരണങ്ങളെയും സംരക്ഷിക്കുന്നു.
ഇവയൊക്കെയാണ് ഒരു ഇൻവെർട്ടർ വാങ്ങുമ്പോൾ ശ്രദ്ധ നൽകേണ്ട പ്രധാന കാര്യങ്ങൾ. ഇൻവെർട്ടർ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഇൻവെർട്ടർ ട്രോളി വാങ്ങുന്നതും നല്ലതാണ്. അത് പോലെ തന്നെ ഇൻവെർട്ടർ ബ്രാൻഡിന്റെ വിശ്വസനീയതയും ആഫ്റ്റർ സെയിൽ സർവീസും ഉറപ്പ് വരുത്തണം. പുതിയ ഇൻവെർട്ടറും ബാറ്ററിയും വാങ്ങുമ്പോൾ വാറന്റി സംബന്ധിച്ച വിശദാംശങ്ങൾ മനസിലാക്കുകയും വേണം.


Click it and Unblock the Notifications








