ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു
ആപ്പിൾ ഐഫോൺ 12 സീരീസ് അവതരിപ്പിച്ചു. നാല് ഐഫോണുകൾ അടങ്ങുന്ന ഐഫോൺ 12 സീരീസ് ഒലെഡ് ഡിസ്പ്ലേകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഐഫോണുകളിൽ ആപ്പിളിന്റെ എ14 ബയോണിക് എസ്ഒസി ഉണ്ട്. 15W വരെ വയർലെസ് ചാർജിങ് സപ്പോർട്ടുള്ള മാഗ്സേഫ് വയർലെസ് ചാർജിങ് സാങ്കേതികവിദ്യയും ഐഫോൺ 12 സീരിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകളാണ് ഈ സീരിസിൽ ഉള്ളത്.

ഐഫോൺ 12 സീരിസ്: വില
മുകളിൽ സൂചിപ്പിച്ചത് പോലെ ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് ഐഫോൺ 12 മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. 64 ജിബി സ്റ്റേറേജുള്ള ഐഫോൺ 12 മിനി ബേസ് വേരിയന്റിന് 699 ഡോളറാണ് വില (ഏകദേശം 51,200 രൂപ), ഐഫോൺ 12 64 ജിബിയുടെ വില 799 ഡോളറാണ് (ഏകദേശം 58,600 രൂപ). ഇന്ത്യയിൽ ഐഫോൺ 12ന് 79,900 രൂപ മുതലായിരിക്കും വില. ഐഫോൺ 12 മിനിക്ക് ഇന്ത്യയിൽ 69,900 രൂപ മുതലായിരിക്കും വില.

128 ജിബി സ്റ്റോറേജുള്ള ഐഫോൺ 12 പ്രോ ബേസ് വേരിയന്റന് 999 ഡോളർ (ഏകദേശം 73,000 രൂപ) വിലയുണ്ട്, ഐഫോൺ 12 പ്രോ മാക്സിന്റെ 128 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിന് 1,099 ഡോളർ (ഏകദേശം 80,600 രൂപ) വിലയുണ്ട്. ഇന്ത്യയിൽ ഐഫോൺ 12 പ്രോയുടെ വില ആരംഭിക്കുന്നത് 1,19,000 രൂപ മുതലാണ്. ഐഫോൺ 12 പ്രോ മാക്സിന്റെ ബേസ് വേരിയന്റിന് ഇന്ത്യയിൽ 1,29,000 രൂപയാണ് വില.

ഐഫോൺ 12: സവിശേഷതകൾ
ഒലെഡ് ഡിസ്പ്ലേയുള്ള ഐഫോൺ 12 സീരിസ് സ്മാർട്ട്ഫോണുകളിൽ സെറാമിക് ഷീൽഡ് ഗ്ലാസ് സാങ്കേതികവിദ്യയും ആപ്പിൽ നൽകിയിട്ടുണ്ട്. ഐഫോൺ 12 സീരീസ് 5 ജി സപ്പോർട്ടോടെയാണ് വരുന്നത്. അമേരിക്കയിൽ ഇത് എംഎം വേവ് 5ജി സപ്പോർട്ട് ചെയ്യുന്നു. എല്ലാ സ്മാർട്ട്‌ഫോണുകളും പുതിയ ഐപാഡ് എയറിൽ ഉള്ള അതേ എ14 ബയോണിക് എസ്ഒസിയുമായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. iOS 14ലാണ് ഡിവൈസുകൾ പ്രവർത്തിക്കുന്നത്. നാല് കോർ ജിപിയു ഉള്ള ആറ് കോർ പ്രോസസറാണ് എ 14 ബയോണിക്കിന്റേത്. എല്ലാ സ്മാർട്ട്‌ഫോണുകളിലെയും സിപിയു, ജിപിയു എന്നിവ വേഗതയുള്ളതാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു.

ഐഫോൺ 12ന് രണ്ട് 12 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകളുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്. ലൈറ്റ് കുറഞ്ഞ അവസരങ്ങളിലും മികച്ച ഫോട്ടോകൾ എടുക്കാൻ ഇത് സഹായിക്കും. ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ഐഫോൺ 12 ന്റെ എല്ലാ ക്യാമറകളിലും ആപ്പിൾ നൈറ്റ് മോഡ് നൽകിയിട്ടുണ്ട്. ഐഫോൺ 12ന് നൈറ്റ് മോഡ് ടൈം-ലാപ്സ് ഫീച്ചറും ഉണ്ട്. ഇത് ലോ ലൈറ്റ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. പുതിയ ഐഫോണിനായി മാഗ് സേഫ് വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡും ആപ്പിൾ അവതരിപ്പിച്ചു. ഈ സ്റ്റാൻഡേർഡ് 15W വരെ വയർലെസ് ചാർജിംങ് സപ്പോർട്ടുള്ളതാണ്.

ഐഫോൺ 12 മിനി: സവിശേഷതകൾ
ഐഫോൺ 12 മിനിയിൽ 5.4 ഇഞ്ച് അതേ സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. എ 14 ബയോണിക് എസ്ഒസി, 5ജി സപ്പോർട്ട്, രണ്ട് 12 മെഗാപിക്സൽ ക്യാമറകൾ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഐഫോൺ 12 മിനി, ഐഫോൺ 12 എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസം വലുപ്പത്തിൽ മാത്രമാണെന്ന് ആപ്പിൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഐഫോൺ 7 പോലുള്ള 4.7 ഇഞ്ച് ഐഫോണുകളേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ് ഐഫോൺ 12 മിനി.

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്: സവിശേഷതകൾ
ഐഫോൺ 12 പ്രോയിൽ 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 12 പ്രോ മാക്‌സിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ആപ്പിൾ നൽകിയിട്ടുള്ളത്. രണ്ട് ഡിവൈസുകളുടെയും ഫോം ഫാക്ടർ ആപ്പിളിന്റെ മുൻതലമുറ ഡിവൈസുകൾക്ക് സമാനമാണ്. ഇത്തവണ ആപ്പിൾ ഐഫോൺ 12 പ്രോ സീരീസിലെ ക്യാമറകൾ വളരെയധികം മെച്ചപ്പെടുത്തി. എല്ലാ ക്യാമറകളിലും ആപ്പിളിന്റെ ഡീപ് ഫ്യൂഷൻ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. ഐഫോൺ 12 പ്രോയിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ രണ്ട് വൈഡ് ആംഗിൾ സെൻസറുകളും ഒരു ടെലിഫോട്ടോ സെൻസറുമാണ് ഉള്ളത്.

ഐഫോൺ 12 പ്രോ മാക്‌സിന് ടെലിഫോട്ടോ ക്യാമറയുള്ള മികച്ച ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 65 എംഎം ഫോക്കൽ ലെങ്ത്തുള്ള ക്യാമറയുണ്ട്. ഇത് 2.5x ഒപ്റ്റിക്കൽ സൂമും 5x സൂം റേഞ്ചും നൽകുന്നു. മെച്ചപ്പെട്ട അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. കുറഞ്ഞ ലൈറ്റിൽ ക്വാളിറ്റിയുള്ള ചിത്രങ്ങൾ എടുക്കാനും വീഡിയോ സ്റ്റെബിലൈസേഷൻ മെച്ചപ്പെടുത്താനും പുതിയ ഇമേജ് സെൻസറുകൾക്ക് സാധിക്കുന്നു. ജനപ്രിയ ഇമേജ് എഡിറ്റിംഗ് ആപ്ലിക്കേഷനുകൾക്ക് ഈ ഡിവൈസുകളിൽ സപ്പോർട്ട് നൽകുമെന്ന് ആപ്പിൽ അറിയിച്ചിട്ടുണ്ട്. ആപ്പിൾ പ്രോ റോ എന്ന പേരിലുള്ള ഫോർമാറ്റ് വഴി ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയിൽ റോ ഫോർമാറ്റ് ഇമേജുകൾ സപ്പോർട്ട് ചെയ്യും. ഐഫോൺ 12 പ്രോ സീരീസിൽ എച്ച്ഡിആർ വീഡിയോ റെക്കോർഡിംഗിനും ഡോൾബി വിഷൻ എച്ച്ഡിആറിനുമുള്ള സപ്പോർട്ടും ഉണ്ട്.


Click it and Unblock the Notifications








