ഗെയിം കളിക്കുന്നവർക്ക് നവംബറിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ
ഗെയിം കളിക്കുന്ന ആളുകൾക്ക് മികച്ച സ്മാർട്ട്ഫോണുകൾ ആവശ്യമാണ്. ആകർഷകമായ ഡിസ്പ്ലെയും കരുത്തൻ പ്രോസസറും ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്ന രണ്ട് ഘടകങ്ങളാണ്. ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകളിൽ പോലും ഗെയിമിങിന് വേണ്ട എല്ലാ മികച്ച സവിശേഷതകളും വരുന്നുണ്ട്. ബിജിഎംഐ, കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ഗെയിമുകൾ കളിക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ ഇന്ന് 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്.

ധാരാളം സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുന്ന വിഭാഗമാണ് 20,000 രൂപയിൽ താഴെ വിലയുള്ള വിഭാഗം. ഈ വില വിഭാഗത്തിൽ പുറത്തിറങ്ങിയിട്ടുള്ള മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. റെഡ്മി, റിയൽമി, ഐക്യുഒഒ, മോട്ടറോള എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്. ഈ ഫോണുകളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഈ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

റെഡ്മി നോട്ട് 10 പ്രോ മാക്സ്
20,000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ലഭിക്കുന്ന മികച്ച ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 10 പ്രോ മാക്‌സ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ബിജിഎംഐ പോലുള്ള ഉയർന്ന നിലവാരമുള്ള ഗെയിമിങ് മികച്ച രീതിയിൽ കളിക്കാൻ സാധിക്കും. ഷവോമിയുടെ എംഐയുഐ സോഫ്‌റ്റ്‌വെയറും മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റെഡ്മി നോട്ട് 10 പ്രോ മാക്‌സിൽ 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 18,999 രൂപ മുതലാണ്.

റിയൽമി എക്സ്7
റിയൽമി ഈ വർഷം ആദ്യം അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി എക്സ്7. ഈ വില വിഭാഗത്തിൽ മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഫോൺ കൂടിയാണ് ഇത്. മീഡിയടെക് ഡെമൻസിറ്റി 800യു പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5ജി സപ്പോർട്ടും ഈ ഫോണിലുണ്ട്. ലാഗുകളോ ഫ്രെയിം ഡ്രോപ്പുകളോ ഇല്ലാതെ ഗെയിമുകൾ കളിക്കാൻ സാധിക്കുന്നു എന്നതാണ് ഈ ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത. റിയൽമി യുഐ 2.0 നിങ്ങളുടെ ഗെയിമിങ് അനുഭവം കൂടുതൽ രസകരമാക്കുന്നു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി, 6.4-ഇഞ്ച് സൂപ്പർ അമോലെഡ് എന്നിവയുള്ള ഡിവൈസിന്റെ വില 19,999 രൂപയാണ്.

ഐക്യുഒഒ Z3
ഏത് വില വിഭാഗത്തിലും മികച്ച പെർഫോമൻസ് നൽകുന്ന ഡിവൈസുകൾ പുറത്തിറക്കി ജനപ്രീതി നേടിയ ഐക്യുഒഒയുടെ മികച്ച സ്മാർട്ട്ഫോണാണ് ഐക്യുഒഒ Z3. ക്വാൽകോം സ്നാപ്ഡ്രാഗൺ 768ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി എൽസിഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. എച്ച്ഡിആർ10, 120Hz റിഫ്രഷ് റേറ്റ് എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇത് മികച്ച ഗെയിമിങ് അനുഭവം നൽകും. 4400mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിനൊപ്പം 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇത് വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാൻ സഹായിക്കുന്നു.

മോട്ടറോള മോട്ടോ ജി60
സ്റ്റോക്ക് ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് മോട്ടറോള മോട്ടോ ജി60. ക്വാൽകോം സ്നാപ്ഡ്രാഗൺ 732 ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് ഗെയിമുകൾ കളിക്കാൻ മികച്ചതാണ്. 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 6000mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ബാറ്ററി ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കും. മോട്ടറോള മോട്ടോ ജി60 സ്മാർട്ട്ഫോണിന് 17,999 രൂപയാണ് വില.


Click it and Unblock the Notifications