വിപണി പിടിക്കാൻ അസൂസ് 8Z സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും
അസൂസ് തങ്ങളുടെ പുതിയ മുൻനിര സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അസൂസ് 8Z എന്ന ഡിവൈസാണ് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. 2021 ജൂണിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച സെൻഫോൺ 8ന്റെ തന്നെ റീബ്രാന്റ് ചെയ്ത പതിപ്പാണ് അസൂസ് 8Z. ഈ പുതിയ അസൂസ് സ്മാർട്ട്ഫോൺ കോംപാക്റ്റ് ഡിസൈനുമായിട്ടാണ് വരുന്നത്. കരുത്തും അഴകും ഒരുപോലെയുള്ള ഈ മുൻനിര ഡിവൈസിന്റെ വിൽപ്പന മാർച്ച് 7ന് ആരംഭിക്കും. ഒരു റാം, സ്റ്റോറേജ് വേരിയന്റിൽ മാത്രമേ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിട്ടുള്ളു.

അസൂസ് 8Z: വിലയും ലഭ്യതയും
അസൂസ് 8Z സ്മാർട്ട്ഫോഓൺ ഇന്ത്യയിൽ ഒരു റാം, സ്റ്റോറേജ് കോൺഫിഗറേഷനിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഈ ഡിവൈസിനുള്ളത്. 42,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്റെ വില. ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പന നടക്കുന്നത്. ഒബ്സിഡിയൻ ബ്ലാക്ക്, ഹൊറൈസൺ സിൽവർ കളർ ഓപ്ഷനുകളിൽ അസൂസ് 8Z ലഭ്യമാകും.

അസൂസ് 8Z: ഓഫറുകൾ
അസൂസ് 8Z വാങ്ങുന്ന ഉപയോക്താക്കൾ സ്ലൈസ് വിസ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ അവർക്ക് 10% കിഴിവ് ലഭിക്കും. 1,000 രൂപ വരെയാണ് ഈ കിഴിവ് ലഭിക്കുന്നത്. യെസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 1000 രൂപ വരെ 10% കിഴിവ ലഭിക്കും. ഐഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾക്കും ഇതേ 10% കിഴിവ് ലഭിക്കും. ഈ ഡിവൈസ് വാങ്ങുന്നതിനൊപ്പം നിങ്ങൾക്ക് വെറും 1,999 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനി സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അസൂസ് 8Z സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.

അസൂസ് 8Z: സവിശേഷതകൾ
അസൂസ് 8Z സ്മാർട്ട്ഫോണിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളഇൽ ഒന്ന് അതിന്റെ ഡിസ്പ്ലെ തന്നെയാണ്. 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റും എച്ച്ഡിആർ പ്ലേബാക്കും, 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 5.9 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെയാണ് അസൂസ് 8Z സ്മാർട്ട്ഫോണിലുള്ളത്. സ്‌ക്രീനിന് സുരക്ഷയ്ക്കായി മുൻവശത്ത് ഗൊറില്ല ഗ്ലാസ് വിക്ടസും നൽകിയിട്ടുണ്ട്. 2.84GHz വരെ ക്ലോക്ക് സ്പീഡും അഡ്രിനോ 660 ജിപിയുവും ഉള്ള സ്‌നാപ്ഡ്രാഗൺ 888 ഫ്‌ളാഗ്ഷിപ്പ് പ്രോസസറാണ് ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 8 ജിബി LPDDR5 റാമും 128 ജിബി UFS 3.1 സ്റ്റോറേജും ഉണ്ട്. ഒന്നിലധികം 5ജി നെറ്റ്‌വർക്ക് ബാൻഡുകളും ഫോണിൽ സപ്പോർട്ട് ചെയ്യും.

അസൂസ് 8Z സ്മാർട്ട്ഫോണിൽ എഫ്/1.8 അപ്പർച്ചറും പിഎഫ്എഎഫ്, ഒഐഎസ് എന്നിവയുള്ള 64 എംപി സോണി IMX686 പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 12 എംപി സോണി IMX363 ക്യാമറയും നൽകിയിട്ടുണ്ട്. 64 എംപി പ്രൈമറി ക്യാമറയ്ക്ക് 8കെ വീഡിയോകളും 4കെ എച്ച്ഡിആർ സപ്പോർട്ടും ഉണ്ട്. 12 എംപി ക്യാമറയിലൂടെ 4കെ വരെ റെക്കോർഡ് ചെയ്യാം. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സോണി IMX663 ഡ്യുവൽ പിക്സൽ ഓട്ടോഫോക്കസ് ക്യാമറയാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 11ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

അസൂസ് 8Z സ്മാർട്ട്ഫോൺ 4,000mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുമായാണ് ഫോൺ വരുന്നത്. ഡിറാക്ക് സൌണ്ടോട് കൂടിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പും ഫോണിലുണ്ട്. ഹൈ-റസലൂഷൻ ഓഡിയോ സപ്പോർട്ടും ഇതിൽ നൽകിയിട്ടുണ്ട്. ഐപി68 ഡസ്റ്റ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, നാവിക്, വാട്ടർ റെസിസ്റ്റന്റ് റേറ്റിങ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഫോണിന് 169 ഗ്രാം ഭാരമാണ് ഉള്ളത്.


Click it and Unblock the Notifications








