ഹോണർ 9 സി, 9 എ, 9 എസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
ഹോണർ തങ്ങളുടെ പുതിയ മൂന്ന് സ്മാർട്ട്‌ഫോണുകൾ കൂടി പുറത്തിറക്കി. ഹോണർ 9 എ, ഹോണർ 9 സി, ഹോണർ 9 എസ് എന്നീ സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. കൊറോണ വൈറസ് പടരുന്നത് കണക്കിലെടുത്ത് റഷ്യയിൽ വച്ച് നടന്ന ലോഞ്ചിന് വലിയ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കമ്പനി സ്മാർട്ട്ഫോണിന്റെ വിവരങ്ങളും ഫോണും വെളിപ്പെടുത്തുക മാത്രമാണ് ലോഞ്ചിലൂടെ ചെയ്തത്.

ബജറ്റ് സ്മാർട്ട്ഫോണിൽ നിന്നും മിഡ് റേഞ്ച് സെഗ്‌മെന്റ് വരെ വ്യാപിച്ച് കിടക്കുന്ന മൂന്ന് സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ഫോണുകളുടെയും സവിശേഷതകളും ഏറെ ആകർഷണീയമാണ്. മൂന്ന് സ്മാർട്ട്ഫോണുകളുടെ പരിശോധിക്കുമ്പോൾ അതിൽ ഏറ്റവും വില കൂടിയതും ആകർഷകമായ സവിശേഷതകളുള്ളതുമായ സ്മാർട്ട്ഫോൺ ഹോണർ 9 സി ആണ്.

ഹോണർ 9 സി ശക്തമായൊരു ചിപ്‌സെറ്റുമായാണ് പുറത്തിറങ്ങിയത്. വലിയ ബാറ്ററിയും 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഹോണർ 9സി സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. മറ്റ് രണ്ട് മോഡലുകളും അതിന്റെ വിലയ്ക്ക് അനുസൃതമായ രീതിയിൽ ആകർഷകമായ സവിശേഷതകളുമായാണ് വരുന്നത്. എന്തായാലും ഈ മൂന്ന് സ്മാർട്ട്ഫോണുകൾക്കും ഗൂഗിൾ പ്ലേ സപ്പോർട്ട് ഉണ്ടായിരിക്കില്ലെന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണ്. ഗൂഗിൾ പ്ലേയ്ക്ക് പകരം ഹുവാവേയുടെ ആപ്പ് ഗാലറിയാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്.

ഹേണർ 9 സി: സവിശേഷതകളും വിലയും
ഹോണർ പുറത്തിറക്കിയ മൂന്ന് സ്മാർട്ട്ഫോണുകളിൽ ഏറ്റവും കരുത്തുള്ള സ്മാർട്ട്ഫോൺ ഹോണർ 9 സി സ്മാർട്ട്ഫോൺ ആണ്. 6.39 ഇഞ്ച് ഐപിഎസ് എൽസിഡി, എച്ച്ഡി + റെസല്യൂഷൻ ഉള്ള ഡിസ്പ്ലെയാണ് ഫോണിൽ നൽകിയിരിക്കുന്നത്. അതിനൊപ്പം ഡിസ്പ്ലെയിൽ ഒരു പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. 90 ശതമാനം സ്ക്രീൻ ടു ബോഡി റേഷിയോയും ഈ സ്ക്രീനിനുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ജോടിയാക്കിയ ഇൻ-ഹൌസ് കിരിൻ 710 SoC ആണ് ഹോണർ 9 സിക്ക് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ് 9 പൈയിലാണ് ഹോണർ 9 സി പ്രവർത്തിക്കുന്നത്. ക്യാമറ സവിശേഷതകൾ പരിശോധിച്ചാൽ 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറിനും 2 മെഗാപിക്സൽ ഡെപ്ത് സെൻസറിനും ഒപ്പം 48 മെഗാപിക്സൽ പ്രധാന ക്യാമറയും നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4000 എംഎഎച്ച് ബാറ്ററി പായ്ക്കാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഡ്യുവൽ സിം 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 കണക്റ്റിവിറ്റി എന്നീ സവിശേഷതകളും കണക്ടിവിറ്റിക്കായി നൽകിയിട്ടുണ്ട്. ഫോണിന്റെ വില 12,990 റഷ്യൻ റൂബിളാണ് (ഏകദേശം 13,000 രൂപ). സവിശേഷതകൾ പരിശോധിക്കുമ്പോൾ മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയാണ് ഇത്.

ഹോണർ 9 എ: സവിശേഷതകളും വിലയും
എച്ച്ഡി റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയുമായിട്ടാണ് ഹോണർ 9 എ പുറത്തിറങ്ങുന്നത്. പഞ്ച്-ഹോളിനുപകരം 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചാമ് കമ്പനി നൽകിയിട്ടുള്ളത്. പിന്നിൽ 13 മെഗാപിക്സൽ പ്രമറി ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് എംടി 6762 ആർ പ്രോസസറാണ് ഫോണിന്റെ കരുത്ത്.

ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 3.1 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൈക്രോ യുഎസ്ബി പോർട്ടിലൂടെ ചാർജ് ചെയ്യാൻ കഴിയുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം 4 ജി, ഡബ്ല്യു-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവ ഉൾപ്പെടുന്നു. റഷ്യയിൽ 10,990 റൂബിളാണ്(ഏകദേശം 11,000 രൂപ) ഡിവൈസിന്റെ വില.

ഹോണർ 9 എസ്: സവിശേഷതകളും വിലയും
5.45 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡിയാണ് ഹോണർ 9 എസിന് നൽകിയിട്ടുള്ളത്. ഹോണർ 9എയ്ക്ക് സമാനമായി ഹോണർ 9 എസിനും കരുത്ത് നൽകുന്നത് മീഡിയടെക് MT6762 SoCയാണ് പക്ഷേ 9എസിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജും മാത്രമേ നൽകിയിട്ടുള്ളു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള മാജിക്ക് UI 3.1 ലാണ് ഹോണർ 9 എസ് പ്രവർത്തിക്കുന്നത്.

ഹോണർ 9 എസിന്റെ ക്യാമറ പരിശോധിച്ചാൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയുമാണ് ഫോണിൽ നൽകിയിട്ടുള്ളത്. 3020mAh ബാറ്ററി, മൈക്രോ യുഎസ്ബി പോർട്ട്, ഡ്യുവൽ സിം 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0 എന്നിവയുമായാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്. ഈ ബഡ്ജറ്റ് സ്മാർട്ട്ഫോൺ റഷ്യയിൽ 6,990 റൂബിളിനാണ് (ഏകദേശം 7,000 രൂപ) അവതരിപ്പിച്ചത്.


Click it and Unblock the Notifications








