ഹുവാവേ Y9s സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു; വില, ഓഫറുകൾ
ചൈനീസ് കമ്പനിയായ ഹുവാവേയുടെ ഏറ്റവും പുതിയ പോപ്പ്-അപ്പ് സെൽഫി ക്യാമറ സ്മാർട്ട്‌ഫോണായ ഹുവാവേ വൈ9എസ് വിൽപ്പന ആരംഭിച്ചു. ഈ പ്രീമിയം മിഡ് റേഞ്ച് ഡിവൈസ് കമ്പനി കഴിഞ്ഞ ആഴ്ചയാണ് അവതരിപ്പിച്ചിത്. പോപ്പ്-അപ്പ് ക്യാമറയ്‌ക്കൊപ്പം ഒരു ഫുൾ സ്‌ക്രീൻ ഡിസൈനുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിൾ മൊബൈൽ സർവ്വീസ് സപ്പോർട്ടും ഈ ഫോണിനുണ്ട്. നേരത്തെ കമ്പനി ഇന്ത്യൻ വിപണിയിൽ അവരിപ്പിച്ചിട്ടുള്ള Y9 (2019), Y9 പ്രൈം (2019) എന്നിവയുടെ നിരയിലേക്കാണ് Y9s ചേരുന്നത്.

ഹുവാവേ Y9s: ഇന്ത്യയിലെ വില, ഓഫർ
6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ഒറ്റ സ്റ്റോറേജ് വേരിയന്റിൽ മാത്രമേ ഹുവാവേ വൈ 9 എസ് ലഭ്യമാകൂ. 19,990 രൂപയാണ് ഈ ഡിവൈസിന്റെ വില. ഒമ്പത് മാസത്തെ നോ-കോസ്റ്റ് ഇഎംഐയും 1,500 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ലോഞ്ച് ഓഫറായി കമ്പനി നൽകുന്നുണ്ട്. Y9s വാങ്ങുമ്പോൾ 1,000 രൂപ വരെ ആമസോൺ പേ ക്യാഷ്ബാക്കും ലഭ്യമാണ്. ഈ സ്മാർട്ട്ഫോൺ ആമസോൺ ഇന്ത്യ വഴി ഓൺലൈനിലൂടെ സ്വന്തമാക്കാം. ബ്രീത്തിങ് ക്രിസ്റ്റൽ, മിഡ്നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

ഹുവാവേ Y9s: സവിശേഷതകൾ
ഹുവാവേ Y9s സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് ഫുൾവ്യൂ എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 2340 x 1080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 91 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. കിരിൻ 710 എഫ് ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഹുവാവേ വൈ 9 എസിന് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും.

എല്ലാ വില നിലവാരത്തിലുമുള്ള സ്മാർട്ട്ഫോണുകളിലും മികച്ച ക്യാമറകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്ന കമ്പനിയാണ് ഹുവാവേ. Y9s സ്മാർട്ട്ഫോണിന്റെ കാര്യത്തിലും ഈ പതിവ് തുടരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്. റിയർ ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്.

16 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് 9 പ്രോ, പോക്കോ എക്സ് 2 എന്നിവയിൽ ഉള്ളതുപോലെ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറാണ് ഹുവാവേ വൈ9എസിൽ നൽകിയിരിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ 10W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ലോക്ക്ഡൌണിന് ശേഷം സ്മാർട്ട്ഫോൺ വിപണി സജീവമാകുമ്പോൾ ഈ ഡിവൈസ് ജനപ്രീതി നേടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








