അമേരിക്കക്കാർക്കും യുഎഇകൾക്കും ഏറ്റവും ഇഷ്ടം ഇന്ത്യൻ നിർമ്മിത ഫോണുകൾ; കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ
രാജ്യത്തെ സ്മാർട്ട് ഫോൺ കയറ്റുമതി വലിയ രീതിയിൽ വർധിച്ചതായി കണക്കുകൾ. ഈ വർഷത്തെ ഏപ്രില്‍- ജൂലൈ കാലയളവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷത്തിൽ നിന്ന് 99 ശതമാനം വളർച്ച ഉണ്ടായി എന്നാണ് സൂചിപ്പിക്കുന്നത്. 415 കോടി ഡോളറിനുള്ള കയറ്റുമതി ഈ കാലയളവിൽ നടന്നിട്ടുണ്ട്. അതായത് 34,500 കോടി രൂപയുടെ കച്ചവടം.
ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾക്ക് ഏറെ ആവിശ്യക്കാരുള്ള രാജ്യം യുഎസ് ആണ്. യുഎഇയിലും ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത്. ഏപ്രില്‍- ജൂലൈ മാസത്തിൽ മാത്രം 55.16 കോടി ഡോളറിന്റെ സ്മാർട്ട് ഫോണുകളാണ് യുഎഇയിലേക്ക് കയറ്റി അയച്ചത്. അതായത് 4,600 കോടി രൂപയുടെ ഫോണുകൾ. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിൽ വൻ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്.

MOST READ: ഓപ്പോയുടെ മടക്കുന്ന ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും; വിലയും സവിശേഷതകളും അറിയാം
ഇന്ത്യ യുഎഇയിലേക്ക് കയറ്റി അയയ്ക്കുന്ന പെട്രോള്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയെ ഫോൺ കയറ്റുമതി പിന്നിലാക്കി എന്ന പ്രത്യേകതയും ഈ മാസങ്ങളിൽ ഉണ്ടായിരുന്നു. അതേ സയമം യുഎസിലേക്കുള്ള സ്മാർട്ട് ഫോണിന്റെ കയറ്റുമതി പരിശോധിക്കുമ്പോൾ 490 ശതമാനം വർധനവാണ് ഈ മാസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 167 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് ഈ രണ്ട് മാസങ്ങളിലായി ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തിയത്. ഏകദേശം 13,900 കോടി രൂപ വരുമിത്.
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ/PLI) സ്‌കീമും മേക്ക് ഇൻ ഇന്ത്യ പദ്ധതിയും ഈ വളർച്ചയ്ക്ക് വലിയ രീതിയിൽ സഹായകമായി എന്നാണ് കരുതുന്നത്. യുഎസിനും യുഎഇയ്ക്കും പുറമെ നെതര്‍ലന്‍ഡ്‌സ്, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളിലും ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾക്ക് ആവിശ്യക്കാർ ഏറെയാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വരും വർഷങ്ങളിൽ ഇനിയും വളർച്ച നേടാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ ആകെ സ്മാർട്ട് ഫോൺ കയറ്റുമതിയുടെ മൂല്യം 1,090 കോടി ഡോളറാണ് അതായത് 90,000 കോടി രൂപ. ഇതിൽ 256 കോടി ഡോളര്‍ യുഎഇയിൽ നിന്നും 215 കോടി ഡോളര്‍ യുഎസിൽ നിന്നുമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത ഐഫോണുകൾ പുറത്തിറക്കും മുമ്പാണ് കയറ്റുമതിയിൽ ഇത്തരത്തിൽ ഒരു കുതിച്ചു ചാട്ടം നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഇനി വരാനിരിക്കുന്ന മാസങ്ങളിലെ കണക്ക് ചിലപ്പോൾ വീണ്ടും ഉയരത്തിൽ എത്താൻ സാധ്യത ഉണ്ട്. കാരണം ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോണുകൾ ആയിരുന്നു ആപ്പിളിന്റ ഐഫോൺ 15 സീരീസുകൾ. ഇവ ഇന്ത്യയൽ നിർമ്മിക്കുകയും വലിയ രീതിയിൽ കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകൾ വരാനിരിക്കുന്നതേ ഉള്ളു. ഈ കണക്കുകൾ പുറത്ത് വന്നാൽ ഇന്ത്യയുടെ കയറ്റുമതി നേട്ടം പല മടങ്ങ് ഇരട്ടിയായതായി മനസിലാക്കാം.
തമിഴ്നാട്ടിലെ ചെന്നൈയിൽ ആണ് ആപ്പിൾ ഫോൺ നിർമ്മിക്കാനുള്ള പ്ലാന്റ് ഉള്ളത്. ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളുടെ കരാർ നിർമ്മാതാക്കളുമായ ഫോക്‌സ്‌കോൺ ആണ് ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ നേതൃത്വം നൽകുന്നത്. മികച്ച രീതിയിൽ തന്നെ ഇവിടെ പ്രവർത്തനം നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം നിലവിൽ സ്മാർട്ട് ഫോൺ കയറ്റുമതിയിലാണ് ഇന്ത്യ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ അധികം വൈകാതെ തന്നെ ലാപ്ടോപ് കയറ്റുമതിയുലും ഇന്ത്യയ്ക്ക് വലിയ നേട്ടം സ്വന്തമാക്കാൻ സാധിക്കും.
കാരണം മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ സർക്കാർ പ്രമുഖ കമ്പനികളുടെ ലാപ്ടോപുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ വിൽക്കണമെങ്കിൽ ഇന്ത്യയിൽ തന്നെ ഇവ നിർമ്മിക്കണം എന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ട് വെച്ചത്. ഇത്തരത്തിൽ പ്രമുഖ കമ്പനികൾ ഇന്ത്യയിൽ ലാപ്ടോപുകളുടെ നിർമ്മാണം ആരംഭിച്ചാൽ സ്വഭാവികമായും ഇന്ത്യയിൽ വിൽക്കുന്നതിനോടൊപ്പം തന്നെ ഇവ കയറ്റുമതിയും ചെയ്യുന്നതായിരിക്കും. ഇത് രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കാനും സഹായകമാകുന്നതാണ്.


Click it and Unblock the Notifications








