8,499 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിലെത്തി
ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആകർഷകമായ ഡിസൈൻ, ഡ്യുവൽ പ്രൈമറി ക്യാമറ മൊഡ്യൂൾ, വലിയ ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്തത്. ഈ ഡിവൈസ് നേരത്തെ തായ്‌ലൻഡിൽ അവതരിപ്പിച്ചിരുന്നു. ഇൻഫിനിക്സ് ഹോട്ട് 11 പ്ലേയുടെ പിൻഗാമിയായിട്ടാണ് ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ സ്മാർട്ടഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ: വിലയും ലഭ്യതയും
ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ സ്മാർട്ട്ഫോൺ ഒരൊറ്റ റാം, സ്റ്റോറേജ് വേരിയന്റിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 8,499 രൂപയാണ് സ്മാർട്ട്ഫോണിന്റെ വില. റേസിങ് ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, ഷാംപെയ്ൻ ഗോൾഡ്, ഡേലൈറ്റ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. മെയ് 30 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. റെഡ്മി 9 പ്രൈം, പോക്കോ എം2, റിയൽമി നാർസോ 30എ, റിയൽമി സി15 എന്നിവയ്ക്കെതിരെയാണ് ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ മത്സരിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ: സവിശേഷതകൾ
ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ സ്മാർട്ട്ഫോണിൽ തിരശ്ചീനമായ ലൈൻ പാറ്റേണുകൾക്കൊപ്പം ഡ്യുവൽ-ടോൺ ഫിനിഷുള്ള ആകർഷകമായ ഡിസൈനാണ് കമ്പനി നൽകിയിരിക്കുന്നത്. സ്‌ക്രീനിന് ചുറ്റും മെലിഞ്ഞ ബെസലുകളും സെൽഫി ക്യാമറ സ്ഥാപിക്കാനായി പഞ്ച്-ഹോൾ ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. പുറകിൽ മുകളിൽ ഇടത് കോണിലായി വലിയ ചതുരാകൃതിയിലാണ് ക്യാമറ മൊഡ്യൂൾ നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 3.5എംഎം ഹെഡ്‌ഫോൺ ജാക്കും ഈ ഡിവൈസിൽ ഉണ്ട്.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ സ്മാർട്ട്ഫോണിൽ 6.82 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1,640 x 720 പിക്സൽ റെസലൂഷനാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച്-സാമ്പിൾ റേറ്റുമുള്ള മികച്ചൊരു ഡിസ്പ്ലെയാണ് ഇത്. 480 നിറ്റ്സ് വരെ ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയ്ക്ക് 20.5:9 അസ്പാക്ട് റേഷിയോവും പാണ്ട MN228 ഗ്ലാസ് പ്രോട്ടക്ഷൻ ലെയറും നൽകിയിട്ടുണ്ട്. വളരെ മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്.

രണ്ട് Cortex-A75 കോറുകളും ആറ് Cortex-A55 കോറുകളും ഉള്ള ഒക്ടാകോർ യൂണിസോക്ക് ടി610 പ്രോസസറാണ് ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 12nm ഫാബ്രിക്കേഷൻ പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ചിപ്‌സെറ്റിനൊപ്പം മാലി-ജി52 ഗ്രാഫിക്സ് പ്രോസസറും നൽകിയിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചത് പോലെ 4 ജിബി റാമും 64 ജിബി നേറ്റീവ് സ്റ്റോറേജുമാണ് ഡിവൈസിലുള്ളത്. ഈ സ്റ്റോറേജ് തികയാതെ വരുന്നവർക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം. ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേയിൽ രണ്ട് പിൻക്യാമറകളാണ് ഉള്ളത്. 13 എംപി മെയിൻ ക്യാമറയും എഫ്/1.8 അപ്പർച്ചർ ലെൻസിനുമൊപ്പം ഡെപ്‌ത് സെൻസിംഗ് സെക്കൻഡറി ക്യാമറയാണ് ഈ ഡിവൈസിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി എഫ്/2.0 അപ്പേർച്ചർ ഉള്ള 8 എംപി ക്യാമറയാണ് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ ഡ്യുവൽ 4ജി വോൾട്ടി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. 6,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. കുറഞ്ഞ വിലയിൽ ഈ ഡിവൈസ് നൽകുന്ന ഫീച്ചറുകളെല്ലാം മികച്ചതാണ്.


Click it and Unblock the Notifications








