ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 6,000 എംഎഎച്ച് ബാറ്ററിയുമായി
ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ജൂലൈ 21 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി ഫ്ലിപ്പ്കാർട്ട് ടീസർ പേജിലൂടെ ഫോണിന്റെ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തി. ടീസർ പേജ് അനുസരിച്ച് ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ട്ഫോൺ 6,000 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഇത് വളരെ വലിയൊരു ബാറ്ററിയാണ്.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസിലെ ബാറ്ററി 23 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 44 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂർ സർഫിംഗ്, 38 മണിക്കൂർ 4 ജി ടോക്ക് ടൈം എന്നിവ വാഗ്ദാനം ചെയ്യും. ഈ ഡിവൈസ് വലിയൊരു ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും ഫ്ലിപ്കാർട്ടിന്റെ ടീസർ പേജിലൂടെ വ്യക്തമാകുന്നു. ഹാൻഡ്‌സെറ്റിന്റെ ഡിസ്‌പ്ലേ വലുപ്പം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് എഐ ട്രിപ്പിൾ ക്യാമറ മൊഡ്യൂളുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നാണ് ടീസർ ഇമേജിൽ നിന്നും വ്യക്തമാകുന്നത്. ഈ ക്യാമറ സെറ്റപ്പിന് താഴെയായി ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ടീസർ പേജിലൂടെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഫോണിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലോഞ്ചിന് മുമ്പായി പ്രധാന സവിശേഷതകൾ കമ്പനി പുറത്ത് വിടാൻ സാധ്യതയുണ്ട്.

നേരത്തെ ഇൻഫിനിക്സ്-എക്സ് 680 ഡി മോഡൽ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഈ ഹാൻഡ്‌സെറ്റ് കണ്ടെത്തിയിരുന്നു. കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച് ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് 3 ജിബി റാമിലായിരിക്കും പ്രവർത്തിക്കുക. പവർവിആർ ജിഇ 8320 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ പി 22 ചിപ്‌സെറ്റിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

ഡിസ്‌പ്ലേ പരിശോധിച്ചാൽ, ഡിവൈസിൽ വാട്ടർഡ്രോപ്പ് നോച്ച് ഉള്ള എച്ച്ഡി+ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇത് 1640 x 720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 320 പിപിഐയുമുള്ള ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. സോഫ്റ്റ്വെയർ പരിശോധിച്ചാൽ, ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലായിരിക്കും പ്രവർത്തിക്കുക.

കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഇൻഫിനിക്സ് സ്മാർട്ട് 3 പ്ലസിന്റെ പിൻഗാമിയായിട്ടായിരിക്കും ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. 6.21 ഇഞ്ച് എച്ച്ഡി + ഇൻ-സെൽ 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുള്ള സ്മാർട്ട് 3 പ്ലസ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9.0 പൈയിലാണ് പ്രവർത്തിക്കുന്നത് ഇതിനൊപ്പം കമ്പനിയുടെ സ്വന്തം എക്‌സ് ഒഎസും ഉണ്ട്. ഈ ഡിവൈസ് 10,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസാണ്. പുതിയ ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസും ഇതേ വില നിലവാരത്തിലേക്കായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








