ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഇൻഫിനിക്സ് സീറോ 5ജി എത്തിക്കഴിഞ്ഞു
കുറഞ്ഞ നിരക്കിൽ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുന്ന ഇൻഫിനിക്സിന്റെ ഇന്ത്യയിലെ ആദ്യത്തെ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഇൻഫിനിക്സ് സീറോ 5ജി എന്ന ഡിവൈസാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസ് കഴിഞ്ഞ ആഴ്ച ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ടിലുമായി പുറത്ത് വന്ന ടീസറുകൾക്ക് പിന്നാലെ ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഇൻഫിനിക്സ് സീറോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

ഇൻഫിനിക്സ് സീറോ 5ജി: വിലയും ലഭ്യതയും
ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഒരു റാമും സ്റ്റോറേജുമുള്ള വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിവൈസിന്റെ വില 19,999 രൂപയാണ്. കോസ്മിക് ബ്ലാക്ക്, സ്കൈലൈറ്റ് ഓറഞ്ച് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫെബ്രുവരി 18 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഡിവൈസിന്റെ വിൽപ്പനയിൽ മികച്ച ഓഫറുകളും ഡീലുകളും ലഭിക്കും.

ഇൻഫിനിക്സ് സീറോ 5ജി വാങ്ങുന്ന ആളുകൾ സിറ്റി ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണ് എങ്കിൽ അവർക്ക് 10% കിഴിവ് (750 രൂപ വരെ) ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. ഫോൺ വാങ്ങാൻ പ്രതിമാസം 1,667 രൂപ അടവ് വരുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ വിൽപ്പന ആരംഭിക്കുമ്പോൾ അത് അറിയാനായുള്ള നോട്ടിഫൈ മീ എന്ന ഓപ്ഷനും ഇപ്പോൾ ലഭ്യമാണ്.

ഇൻഫിനിക്സ് സീറോ 5ജി: സവിശേഷതകൾ
മുകളിൽ സൂചിപ്പിച്ചത് പോലെ ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോൺ ഇൻഫിനിക്സിന്റെ ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോണാണ്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്. 2460 x 1080 പിക്സൽ റെസലൂഷനുള്ള ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവവും ഉണ്ട്. ഇത് വളരെ മികച്ചൊരു ഡിസ്പ്ലെ തന്നെയാണ്. ഒടിടി സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്കെല്ലാം യോജിച്ച ഡിസ്പ്ലെയാണ് ഇതെന്ന് നിസംശയം പറയാം. ഈ ഡിസ്പ്ലെയുടെ ക്വാളിറ്റി ഇൻഫിനിക്സ് എടുത്ത് കാട്ടുന്നുമുണ്ട്.

6nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമ്മിച്ച ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസറാണ് ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 2.4GHzൽ ക്ലോക്ക് ചെയ്യുന്ന രണ്ട് കോർടെക്സ്-എ78 പെർഫോമൻസ് കോറുകളും 2GHz-ൽ ക്ലോക്ക് ചെയ്ത ആറ് കോർടെക്സ്-എ55 എഫിഷ്യൻസി കോറുകളും ഈ പ്രോസസറിൽ ഉണ്ട്. ഈ ഡിവൈസിൽ 8 ജിബി എൽപിഡിഡിആർ5 റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് ഉള്ളത്. ഇൻഫിനിക്സ് മെംഫ്യൂഷൻ എന്ന് വിളിക്കുന്ന വെർച്വൽ റാം സ്റ്റോറേജ് എക്സ്പാൻഷൻ സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്.

ഇൻഫിനിക്സ് സീറോ 5ജി ഒരു യൂണി-കർവ് ഡിസൈനോടെയാണ് വരുന്നത്, പിൻ ക്യാമറ മൊഡ്യൂൾ ഓപ്പോയുടെ അടുത്തകാലത്ത് പുറത്തിറങ്ങിയ ഫൈൻഡ് എക്സ് സീരീസ് ഡിവൈസുകളോട് സാമ്യത പുലർത്തുന്നു. രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുക. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ 5ജി സ്മാർട്ട്ഫോണിൽ ഇൻഫിനിക്സ് നൽകിയിട്ടുള്ളത്. 5ജി ഫോൺ ആയതിനാൽ തന്നെ കൂടുതൽ ബാറ്ററി ഉപയോഗിക്കേണ്ട വരുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കും. ഇതിനെല്ലാം യോദിച്ച ബാറ്ററി തന്നെയാണ് ഇൻഫിനിക്സ് നൽകിയിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങും ഈ വില വിഭാഗത്തിൽ മികച്ചതാണ്.

ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോണിൽ 48 എംപി പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 2x സൂം & 30x ഡിജിറ്റൽ സൂം എന്നിവയുള്ള 13 എംപി ടെലിഫോട്ടോ ലെൻസ്, ക്വാഡ്-എൽഇഡി ഫ്ലാഷുള്ള 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഈ പിൻ ക്യാമറ സെറ്റപ്പിൽ ഇൻഫിനിക്സ് നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 960fps സ്ലോ-മോഷൻ, നൈറ്റ് സെൽഫി തുടങ്ങിയ ഫീച്ചറുകളും ഈ ഡിവൈസിന്റെ ക്യാമറ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10ലാണ് ഇൻഫിനിക്സ് സീറോ 5ജി പ്രവർത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

ഇൻഫിനിക്സ് സീറോ 5ജി ഫോണിന് 199 ഗ്രാം ഭാരമാണ് ഉള്ളത്. വൈഫൈ 6, ഡ്യുവൽ 5ജി സിം, ഹീറ്റ് പൈപ്പ് തെർമൽ മൊഡ്യൂൾ 2.0, 3ഡി കൂളിംഗ് മാസ്റ്റർ, മൈക്രോഎസ്ഡി കാർഡ് സ്ലോട്ട്, ആം മാലി-G68 MC4 ജിപിയു, ടൈപ്പ്-സി പോർട്ട്, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതകളാണ്. വിലയും സവിശേഷതകളും നോക്കിയാൽ ഇന്ത്യൻ വിപണി പിടിക്കാൻ പോന്നൊരു 5ജി സ്മാർട്ട്ഫോൺ തന്നെയാണ് ഇതെന്ന് പറയാം. ക്യാമറയുടെയും മറ്റും കാര്യത്തിൽ ഈ വില വിഭാഗത്തിൽ മറ്റ് ഡിവൈസുകൾ മുന്നിട്ട് നിൽക്കുമെങ്കിലും ഇൻഫിനിക്സ് സീറോ 5ജി സ്മാർട്ട്ഫോൺ മറ്റ് ബ്രാന്റുകൾക്ക് കടുത്ത മത്സരം ഉണ്ടാക്കുമെന്ന് ഉറപ്പിക്കാം.


Click it and Unblock the Notifications








