ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
കാത്തിരിപ്പിനൊടുവിൽ ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ മാത്രം ലഭ്യമാകും. മികച്ച സവിശേഷതകൾ, ഗംഭീരമായ ഡിസൈൻ, ഉയർന്ന ഗെയിമിങ് പ്രകടനത്തിനായുള്ള കരുത്തൻ ചിപ്പ്സെറ്റ്, പ്രോ-ലെവൽ ഫോട്ടോഗ്രാഫി മോഡുകൾ എന്നിങ്ങനെ നിരവധി ആകർഷകമായ ഫീച്ചറുകളോടെയാണ് ഇൻഫിനിക്സ് സീറോ 8ഐ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വിലയും ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കും.

ഇൻഫിനിക്സ് സീറോ 8ഐ: വിലയും ലഭ്യതയും
ഇൻഫിനിക്സ് സീറോ 8ഐ ഇന്ത്യൻ വിപണിയിൽ ഒറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് 14,999 രൂപയാണ് വില. സ്മാർട്ട്‌ഫോൺ ഡിസംബർ 9ന് ഫ്ലിപ്കാർട്ടിലൂടെ വിൽപ്പനയ്ക്ക് എത്തും. സിൽവർ ഡയമണ്ട്, ബ്ലാക്ക് ഡയമണ്ട് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഡിവൈസിന്റെ മറ്റ് വേരിയന്റുകൾ വിപണിയിൽ എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

ഇൻഫിനിക്സ് സീറോ 8ഐ: സവിശേഷതകൾ
ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് പഞ്ച്-ഹോൾ ഡിസൈനും ഉണ്ട്. മീഡിയടെക് ഹീലിയോ ജി90ടി എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമുള്ള ഈ ഡിവൈസിൽ എആർഎം മാലി-ജി 76 ജിപിയുവും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് എക്സ്ഒഎസ് 7 സ്കിന്നാണ് ഫോണിന്റെ ഒഎസ്.

ഇൻഫിനിക്സ് സീറോ 8ഐയുടെ പിൻവശത്ത് ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് ഉള്ളത്. നാല് ക്യാമറകളാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളക്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 48 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ, മറ്റൊരു എഐ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവയും കമ്പനി നൽകിയിട്ടുണ്ട്.

ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി രണ്ട് ക്യാമറകൾ നൽകിയിട്ടുണ്ട്. 16 മെഗാപിക്സൽ സെൻസർ, 8 മെഗാപിക്സൽ സെൻസർ എന്നിവയാണ് ഈ ക്യാമറകൾ. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4500എംഎഎച്ച് ബാറ്ററിയാണ് ഇൻഫിനിക്സ് സീറോ 8ഐ സ്മാർട്ട്ഫോണിൽ ഉള്ളത്. ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിലുള്ളത്.

ചിപ്‌സെറ്റിലും ക്യാമറ എക്സ്പീരിയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഈ രണ്ട് വിഭാഗങ്ങളും ഇൻഫിനിക്സ് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് സീറോ 8ഐ യെക്കുറിച്ച് സംസാരിച്ച ഇൻഫിനിക്സ് ഇന്ത്യ സിഇഒ അനിഷ് കപൂർ പറഞ്ഞു. സീറോ 8ഐ പുറത്തിറങ്ങിയതോടെ ഇൻഫിനിക്സ് ഈ വർഷം നേട്ടത്തോടെ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൾട്ടി ടാസ്‌കിങിന് ഉൾപ്പെടെ സഹായിക്കുന്ന ഈ ഡിവൈസ് കുറഞ്ഞ വിലയിലാണ് ലഭ്യമാകിയിരിക്കുന്നത്. ഡിവൈസിന്റെ ഡിസൈനും യുണീക്ക് ആണ്.


Click it and Unblock the Notifications








