ആപ്പിൾ ഐഫോൺ 12 നിർമ്മിക്കുക ഇന്ത്യയിൽ; വില വൻതോതിൽ കുറയും
ഐഫോൺ പ്രേമികൾക്കൊരു സന്തോഷ വാർത്ത പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 12ന് ഐഫോൺ 11നെക്കാൾ വില കുറവായിരിക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ആപ്പിൾ അടുത്തിടെ തമിഴ്‌നാട്ടിലെ ഒരു പ്ലാന്റിൽ ഐഫോൺ 11 നിർമ്മിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഫോൺ 12 ഇന്ത്യയിൽ തന്നെ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവിലായിരിക്കും പുതിയ ഐഫോൺ നിർമ്മിക്കുകയെന്നും ഇതിനായി ആപ്പിൾ വൻ തുക നിക്ഷേപം നടത്തുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആപ്പിളിന്റെ നിക്ഷേപം പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു. കർണാടകയുടെ തലസ്ഥാന നഗരത്തിന് സമീപമുള്ള നർസാപുരയിൽ ഐഫോൺ 12 നിർമ്മാണം ആരംഭിക്കുമെന്ന് കർണാടക മുൻ മന്ത്രിയും ട്വീറ്റ് ചെയ്തു.

ബെംഗളൂരു ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് വിസ്ട്രോൺ. ഇതിന്റെ നിയന്ത്രണത്തിലായിരിക്കും പുതിയ നിർമ്മാണ ശാലയും പ്രവർത്തിക്കുക. നിലവിൽ ആപ്പിൾ ഐഫോൺ 7, ഐഫോൺ എക്സ്ആർ, ഐഫോൺ 11, ഐഫോൺ എസ്ഇ (2020) എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇനി ആപ്പിളിന്റെ ഐഫോൺ 12 ഉൾപ്പെടെ രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന എല്ലാ ഐഫോൺ മോഡലുകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാാണ് സാധ്യത.

ഐഫോൺ 12ന് ഐഫോൺ 11നെക്കാൾ വിലകുറയും
ഐഫോൺ 11 ഇന്ത്യൻ വിപണിയിൽ ഐഫോൺ എക്സ്ആറിനേക്കാൾ കുറഞ്ഞ വിലയിലാണ് വിപണിയിലെത്തിയത്. പക്ഷേ അന്താരാഷ്ട്ര വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 11ന് ഇന്ത്യയിൽ വില കൂടുതലാണ്. എന്നാൽ ഐഫോൺ 12ന് വില കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ 11 ന് സമാനമായ വിലയിലായിരിക്കും ഐഫോൺ 12 പുറത്തിറങ്ങുക എന്നാണ് അഭ്യൂഹങ്ങൾ.

ഐഫോൺ 11ന്റെ വില വർധിക്കാൻ കാരണമായ വൻ ഇറക്കുമതി തീരുവ ഇല്ലാതെ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഐഫോൺ 12 കുറഞ്ഞ വിലയിൽ ലഭ്യമായേക്കും. ഐഫോൺ 12 സ്മാട്ട്ഫോണിൽ ഐഫോൺ 11നെ അപേക്ഷിച്ച് വളരെയധികം മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ ഇത് വിപണിയിലെത്തുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മിക്കവാറും എല്ലാ ഐഫോണുകളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച് അസംബിൾ ചെയ്യാൻ ആരംഭിക്കുന്നതോടെ വരാനിരിക്കുന്ന ഐഫോണുകളുടെ വില മുമ്പുണ്ടായിരുന്ന ഡിവൈസുകളുടെ വിലയേക്കാൾ വളരെ കുറവാകാനാണ് സാധ്യത. യുഎസ്, യൂറോപ്പ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ ഐഫോൺ 12 വിൽപ്പനയ്‌ക്കെത്തുന്ന ദിവസം തന്നെ ഇന്ത്യയിലും വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications







