ഐക്യൂവിന്റെ അടാർ ഐറ്റം നിയോ9 പ്രോ ഇന്ത്യയിലെത്തി; ക്യാമറാ ഫീച്ചറുകളിൽ പുലി, വില 35,999 രൂപ മുതൽ
ഐക്യൂ ആരാധകരെ ആവേശത്തിലാഴ്ത്തി കമ്പനിയുടെ ഏറ്റവും പുതിയ ഫോണായാ ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വളരെ കുറച്ച് ഫോണുകൾ മാത്രമാണ് ഐക്യൂ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. എങ്കിലും അവതരിപ്പിച്ച ഫോണുകൾ എല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. ഇതിനാലാണ് പുതിയ ഫോണിനും മികച്ച വരവേൽപ് ലഭിക്കുന്നത്.
ഐക്യൂ നിയോ സീരീസിലെ ടോപ് എൻഡ് മോഡൽ എന്ന വിശേഷണവുമായി ആണ് കമ്പനി നിയോ 9 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഐക്യൂ ഈ ഫോൺ ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഫോൺ ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നത്. ഫോണിന്റെ പ്രധാന സവിശേഷതകൾ പരിശോധിക്കുമ്പോൾ 6.78 ഇഞ്ച് 1.5K 1-144Hz LTPO AMOLED സ്‌ക്രീൻ ആണ് ഈ ഫോണിൽ ഫീച്ചർ ചെയ്തിരിക്കുന്നത്.

2160Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 16,000-ലെവൽ ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെൻ്റ്, SGS ലോ ബ്ലൂ ലൈറ്റ്, ലോ ഫ്ലിക്കർ സർട്ടിഫിക്കേഷൻ, 3000 nites പീക്ക് ബ്രൈറ്റ്‌നെസ് തെളിച്ചം എന്നിവയും ഈ സ്ക്രീനിന് അവകാശപ്പെടാനുണ്ട്. സ്നാപ്ഡ്രാഗൺ 8 Gen 2 SoC ചിപ്സെറ്റാണ് ഐക്യൂ നിയോ 9 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. ഫോണിന്റെ പെർഫോമൻസ് വർധിപ്പിക്കാനായി ഐക്യൂ സ്വയം വികസിപ്പിച്ച ക്യൂ1 ചിപ്പും ഈ ഫോണിൽ നൽകിയിരിക്കുന്നു.
12ജിബി വരെ LPDDR5X റാമും 256ജിബി വരെ UFS 4.0 സ്റ്റോറേജും ഐക്യൂ നിയോ 9 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി പ്രത്യേക കൂളിങ് സംവിധാനവും ഈ ഫോണിനായി ഐക്യൂ നൽകിയിരിക്കുന്നു. ഫോണിന്റെ ക്യാമറാ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോഴും മികച്ച നിലവാരം നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നതാണ്. OIS പിന്തുണയുള്ള ഉള്ള 50 MP Sony IMX920 VCS സെൻസറാണ് ഫോണിന്റെ പ്രൈമറി ലെൻസ്.

വിവോ എക്സ് 100ൽ ഫീച്ചർ ചെയ്ത അതേ 8 MP അൾട്രാ വൈഡ് ക്യാമറയും ഐക്യൂ നിയോ 9 പ്രോയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 MPയുടേത് ആണ്. പ്രധാനമായും രണ്ട് കളർ വേരിയന്റുകളിൽ ആണ് ഐക്യൂ തങ്ങളുടെ നിയോ 9 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, ചുവപ്പ് എന്നിവയാണ് ഈ നിറങ്ങൾ.
ഇതിൽ ചുവപ്പ് നിറത്തിന് ഡ്യുവൽ ടോൺ ഡിസൈനും പ്രീമിയം വെഗൻ ലെതർ ഫിനിഷും ഉണ്ട്, കറുപ്പ് നിറത്തിന് ആകട്ടെ മാറ്റ് ഫിനിഷിങ്ങാണ് കമ്പനി നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14ന്റെ Funtouch OS 14ൽ ആണ് ഐക്യൂ നിയോ 9 പ്രോ പ്രവർത്തിക്കുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിനായി ഐക്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്.
120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5160 mAh ഡ്യുവൽ സെൽ ബാറ്ററിയാണ് ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. വെറും 9 മിനിറ്റിനുള്ളിൽ തന്നെ 1 ശതമാനത്തിൽ നിന്ന് 40 ശതമാനം വരെ ചാർജ് കയറാൻ ഈ ചാർജർ സഹായിക്കും എന്നും ഐക്യൂ അവകാശപ്പെടുന്നു. ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് പതിപ്പിന് 35,999 രൂപയാണ് വില. 8ജിബി റാം 256ജിബി സ്റ്റോറേജിന് 37,999 രൂപയും വില വരുന്നു.
ഇവയ്ക്ക് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഐക്യൂ പുതിയ ഫോണിന്റെ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട് ഇതിന്റെ വില വരുന്നത് 39,999 രൂപയാണ്. ആമസോണിൽ നിന്നും ഐക്യൂവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇന്ന് മുതൽ ഈ ഫോൺ പ്രീബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. നാളെ മുതൽ ഫോണിന്റെ വിൽപന ആരംഭിക്കും എന്നാണ് ഐക്യൂ അറിയിച്ചിരിക്കുന്നത്. 8ജിബി റാം 128ജിബി സ്റ്റോറേജിന്റെ വിൽപന ആരംഭിക്കുന്നത് മാർച്ച് 21 മുതലായിരിക്കും


Click it and Unblock the Notifications








