സ്നാപ്ഡ്രാഗൺ 768ജിയുടെ കരുത്തുമായി ഐക്യുഒഒ Z3 ഇന്ത്യൻ വിപണിയിലെത്തി: വില, സവിശേഷതകൾ
വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ രാജ്യത്ത് ആദ്യത്തെ മിഡ് റേഞ്ച് ഡിവൈസ് പുറത്തിറക്കി. ഐക്യുഒഒ Z3 എന്ന പേരിലുള്ള ഈ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും. രണ്ട് കളർ വേരിയന്റുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. ഇന്ത്യൻ വിപണിയിൽ റിയൽമി, റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ പോന്ന ഫീച്ചറുകളാണ് ഈ ഡിവൈസിൽ ഉള്ളത്. സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും പരിശോധിക്കാം.

ഐക്യുഒഒ Z3: വില, ലഭ്യത
ഐക്യുഒഒ Z3 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,990 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 20,990 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 22,990 രൂപയുമാണ് വില വരുന്നത്. എയ്‌സ് ബ്ലാക്ക്, സൈബർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഇന്ന് തന്നെ ഡിവൈസിന്റെ വിൽപ്പനയും ആരംഭിക്കും. ആമസോൺ ഇന്ത്യ, ഐക്യുഒഒ വെബ്സൈറ്റ് എന്നിവയിലാണ് വിൽപ്പന നടക്കുന്നത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ ഡിവൈസ് വാങ്ങുമ്പോൾ 1,500 രൂപ കിഴിവ് ലഭിക്കും.

ഐക്യുഒഒ Z3: സവിശേഷതകൾ
ഐക്യുഒഒ Z3 സ്മാർട്ട്ഫോണിൽ 6.58 ഇഞ്ച് ഐപിഎസ് എൽസിഡി എഫ്എച്ച്ഡി + ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെ ഡൈനാമിക് 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഗെയിമിങിന് ആവശ്യമായ സവിശേഷതകളും ഈ ഡിവൈസിൽ ഉണ്ട്. 180Hz ടച്ച് റസ്പോൺസ് റേറ്റാണ് ഡിസ്പ്ലെയ്ക്ക് നൽകിയിട്ടുള്ളത്. അത് കൂടാതെ 5-ലെയർ ലിക്വിഡ്-കൂളിംഗ് സിസ്റ്റവും ഈ ഡിവൈസിൽ ഉണ്ട്. ഇത് ഗെയിമിങിനിടെ ഫോൺ ചൂടാകുന്നത് കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐക്യുഒഒ Z3 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768ജി എസ്ഒസിയാണ്. 5ജി എനേബിൾഡ് ചിപ്പ്സെറ്റാണ് ഇത്. ഡിവൈസിന്റെ ടോപ്പ് വേരിയന്റിൽ ഉപയോക്താക്കൾക്ക് 8 ജിബി എൽപിഡിഡിആർഎക്സ് 4 റാമും 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ലഭിക്കും. ഇന്റേണൽ സ്റ്റോറേജിൽ നിന്ന് 3 ജിബി വരെ കൂടുതൽ റാം ഉപയോഗിക്കാൻ സഹായിക്കുന്ന എക്സ്റ്റന്റഡ് റാം ഫീച്ചറും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഇത് മികച്ചൊരു ഫീച്ചറാണ്.

ഐക്യുഒഒ Z3 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 എംപിയാണ്. ഇതിനൊപ്പം 8 എംപി അൾട്രാ വൈഡ് സെൻസറും 2 എംപി ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വാട്ടർ ഡ്രോപ്പ് നോച്ചിൽ 16 എംപി സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. മിഡ് റേഞ്ച് ഡിവൈസുകളിൽ കാണുന്ന മാന്യമായ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ സ്മാർട്ട്ഫോണിലും ഉള്ളത്.

4,400 എംഎഎച്ച് ബാറ്ററിയാണ് ഐക്യുഒഒ Z3 സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് ഫൺടച്ച് ഒഎസ്11ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ബ്ലൂടൂത്ത് 5.1, യുഎസ്ബി-സി പോർട്ട്, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഫോണിലെ മറ്റ് സവിശേഷതകൾ.


Click it and Unblock the Notifications