ഗൂഗിളിനൊപ്പം ചേർന്ന് 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ജിയോ, വില 4,000 രൂപയിൽ താഴെ
വില കുറഞ്ഞ 4ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ് ജിയോ. ഇതിനായി കമ്പനി ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഗൂഗിളും ജിയോയുടെ ചേർന്ന് പുറത്തിറക്കുന്ന വില കുറഞ്ഞ സ്മാർട്ട്ഫോൺ എപ്പോഴായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഇന്ത്യയിലെ വലിയൊരു വിഭാഗം 2ജി, 3ജി ഉപയോക്താക്കളെ 4ജിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 4ജി നെറ്റ്വർക്ക് മാത്രമുള്ള ജിയോ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം ഗൂഗിൾ റിലയൻസ് ജിയോയുടെ ഓഹരി വാങ്ങിയിരുന്നു. 33,737 കോടി രൂപയ്ക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയുടെ ഓഹരി ഗൂഗിൾ സ്വന്തമാക്കിയത്. ജിയോ പ്ലാറ്റ്‌ഫോമുകളിൽ മൊത്തത്തിൽ ഗൂഗിൾ 7.7 ഓഹരികളാണ് വാങ്ങിയത്. ഇതോട് കൂടിയാണ് വില കുറഞ്ഞ 4ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഇരു കമ്പനികളും സഹകരിച്ച് തുടങ്ങിയത്. വില കുറഞ്ഞ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിനായി ഗൂഗിൾ റിലയൻസ് ജിയോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെളിപ്പെടുത്തി.

പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ കൃത്യമായ വിശദാംശങ്ങളും വിലയും പിച്ചൈ വെളിപ്പെടുത്തിയിട്ടില്ല. "വില കുറഞ്ഞ ഒരു ഫോൺ നിർമ്മിക്കുന്നതിനാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും ഈ പദ്ധതിയിൽ പുരോഗതി കൈവരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ഇതിനായി ഞങ്ങൾ ജിയോയോടൊപ്പം പ്രവർത്തിക്കുന്നു എന്നുമാണ് പിച്ചൈ വ്യക്തമാക്കിയത്.

ഐറ്റലുമായും ജിയോ പ്രവർത്തിക്കുന്നു
റിലയൻസ് ജിയോയ്‌ക്കൊപ്പം ചേർന്ന് ഐറ്റെൽ പുതിയ സ്മാർട്ട്‌ഫോൺ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഐറ്റൽ എ23 പ്രോ 4ജി എന്ന സ്മാർട്ട്‌ഫോൺ കമ്പനി പുറത്തിറക്കിയത്. ഈ സ്മാർട്ട്‌ഫോൺ മൈജിയോ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ എന്നിവയിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഈ ജിയോ പ്ലാറ്റ്ഫോമുകളിലൂടെ ഐറ്റൽ എ23 പ്രോ 5ജി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആകർഷകമായ കിഴിവുകളാണ് ജിയോ നൽകുന്നത്.

2021 ജൂൺ 1 മുതൽ ഐറ്റൽ എ23 ലഭ്യമാകും. റിലയൻസ് ജിയോ ഉപയോക്താക്കൾ ഈ ഡിവൈസ് വാങ്ങുമ്പോൾ വലിയ വിലക്കിഴിവാണ് ലഭിക്കുന്നത്. 4,999 രൂപ വിലയുള്ള ഈ ഡിവൈസ് ഉപയോക്താക്കൾക്ക് റിലയൻസ് സ്റ്റോറുകളിൽ നിന്നും 3,899 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് കൂടാതെ ജിയോ ഉപയോക്താക്കൾക്ക് 3,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഈ ഓഫർ എല്ലാ ഉപയോക്താക്കൾക്കും ബാധകമാണ്.

ഐറ്റൽ എ23 പ്രോ 4ജി: സവിശേഷതകൾ
5 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള സ്ക്രീൻ, ആൻഡ്രോയിഡ് 10 (ഗോ), 1 ജിബി റാം, 8 ജിബി റോം എന്നിവയുള്ള എ23 പ്രോ 4ജി സ്മാർട്ട്‌ഫോണിൽ 2400 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 2 എംപി പിൻ ക്യാമറയും വിജിഎ സെൽഫി ക്യാമറയുമായാണ് വരുന്നത്. സ്മാർട്ട് ഫെയ്സ് അൺലോക്കുള്ള ഈ ഡിവൈസ് ലേക് ബ്ലൂ, സഫയർ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.

വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലൂടെ ജിയോയുടെ ലക്ഷ്യം
വില കുറഞ്ഞ സ്മാർട്ട്‌ഫോണുകൾ രാജ്യത്തെ എല്ലാവരിലും സ്മാർട്ട്ഫോണുകൾ എത്താൻ കാരണമാവും എന്നും ഇതുവഴി ഡാറ്റാ ഉപഭോഗം വർദ്ധിപ്പിക്കുമെന്നുമാണ് ജിയോ കണക്ക് കൂട്ടുന്നത്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് 20 ശതമാനം വിലകുറഞ്ഞതിനാൽ തന്നെ വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ജിയോ തന്നെ തിരഞ്ഞെടുക്കും. ഇതിലൂടെ ഇന്ത്യയിൽ 50 ശതമാനം ടെലികോം വിപണി വിഹിതം നേടുക എന്നതാണ് ജിയോയുടെ ലക്ഷ്യം.


Click it and Unblock the Notifications








