ജിയോഫോൺ നെക്‌സ്റ്റ് പുറത്തിറങ്ങുക കിടിലൻ സവിശേഷതകളോടെ, വില 4,000 രൂപയിൽ താഴെ
റിലയൻസ് ജിയോയുടെ പുതിയ സ്മാർട്ട്ഫോൺ ദീപാവലി സമയത്ത് വിൽപ്പനയ്ക്ക് എത്തുമെന്ന് കമ്പനി തന്നെ പ്രഖ്യാപിച്ചിരുന്നു. ഗൂഗിളുമായി സഹകരിച്ച് നിർമ്മിക്കുന്ന ജിയോഫോൺ നെക്സ്റ്റ് ആണ് ഈ ഡിവൈസ്. ഈ എൻട്രി ലെവൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ മികച്ച സവിശേഷതകളുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചനകൾ. ഈ ഡിവൈസ് ആൻഡ്രോയിഡ് 11 ഗോ എഡിഷനിൽ ആയിരിക്കും പ്രവർത്തിക്കുക എന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു.

ജിയോഫോൺ നെക്‌സ്റ്റിന്റെ പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് ഒരു പിൻ ക്യാമറയും ഒരു എച്ച്ഡി+ ഡിസ്പ്ലേയും ഡിവൈസിൽ ഉണ്ടായിരിക്കും. റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 44-ാമത് റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ (എജിഎം) വച്ചാണ് ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിച്ചത്. ജിയോഫോൺ നെക്സ്റ്റ് ആഗോളതലത്തിൽ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ജിയോഫോൺ നെക്‌സ്റ്റിന്റെ സവിശേഷതകൾ എക്സ്ഡിഎ ഡവലപ്പേഴ്സിന്റെ ചീഫ് എഡിറ്റർ മിഷാൽ റഹ്മാൻ ഇപ്പോൾ ട്വിറ്ററിൽ ടിപ്പ് ചെയ്തിരിക്കുകയാണ്. ഫോണിന്റെ ബൂട്ട് സ്ക്രീനിന്റെ സ്ക്രീൻഷോട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ട്വീറ്റിൽ "ജിയോഫോൺ നെക്സ്റ്റ് ക്രിയേറ്റഡ് വിത്ത് ഗൂഗിൾ" എന്ന് കാണാം. ജിയോഫോൺ നെക്സ്റ്റ് LS-5701-J എന്ന മോഡൽ നമ്പരുമായി വരുന്നു. ഇത് ആൻഡ്രോയിഡ് 11 (ഗോ എഡിഷൻ)ൽ പ്രവർത്തിക്കുമെന്ന് ടിപ്പ് ചെയ്തിട്ടുണ്ട്. സ്മാർട്ട്‌ഫോണിൽ 720x1,440 പിക്‌സൽ ഡിസ്പ്ലേ ഉണ്ടായിരിക്കാമെന്നാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്

മിഷാൽ റഹ്മാന്റെ ട്വീറ്റിൽ ക്വാൽകോം ക്യുഎം 215 എസ്ഒസിയുടെ കരുത്തിൽ ആയിരിക്കും ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക എന്നും സൂചിപ്പിക്കുന്നുണ്ട്. ക്വാൽകോം അഡ്രിനോ 308 ജിപിയുവുള്ള 64-ബിറ്റ്, ക്വാഡ് കോർ പ്രോസസറാണ് ഈ ക്വാൽകോം പ്രോസസർ. ഇത് ലോ-എൻഡ് ഡിവൈസുകൾക്കായിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ബ്ലൂടൂത്ത് v4.2, ജിപിഎസ്, 1080p വീഡിയോ റെക്കോർഡിങ്, എൽപിഡിഡിആർ 3 റാം, ഇഎംഎംസി 4.5 സ്റ്റോറേജ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ബിൽറ്റ്-ഇൻ ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്സ് 5 എൽടിഇ മോഡവും ഡിവൈസിൽ ഉണ്ടായിരിക്കും.

ജിയോഫോൺ നെക്സ്റ്റിൽ പിന്നിൽ 13 എംപി ക്യാമറയായിരിക്കും ഉണ്ടാവുക എന്നും വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി മുൻവശത്ത് 8 എംപി ക്യാമറ ഉണ്ടായിരിക്കുമെന്നും റഹ്മാൻ തന്റെ ട്വീറ്റിൽ പറയുന്നു. ഡ്യുയോഗോ പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കാം എന്നും കുറച്ച് റാം ഒപ്റ്റിമൈസേഷനുകൾ ഉണ്ടായിരിക്കാം എന്നും ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്. സ്നാപ്ചാറ്റ് ഇന്റഗ്രേഷനോടെ ഫോണിൽ പ്രീ ഇൻസ്റ്റാൾ ചെയ്ത ഗൂഗിൾ ക്യാമറ ഗോയുടെ പുതിയ പതിപ്പും ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ.

ജിയോഫോൺ നെക്സ്റ്റ് ഏറ്റവും വില സ്മാർട്ട്‌ഫോണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ വിലയെക്കുറിച്ച് സംസാരിക്കേണ്ടത് അത്യാവശ്യമാണ്. റഹ്മാന്റെ അഭിപ്രായത്തിൽ ജിയോഫോൺ നെക്സ്റ്റിന് 50 ഡോളറിൽ താഴെ വിലവരും. അത് ഇന്ത്യൻ കറൻസിയിൽ ഇത് 4,000 രൂപയോളം വരും. ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചനകൾ. ജിയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications








