എൽജി സ്മാർട്ട്ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോർട്ട്
എൽജി ഇലക്‌ട്രോണിക്‌സ് തങ്ങളുടെ മൊബൈൽ കമ്മ്യൂണിക്കേഷൻ ബിസിനസ് അടച്ചുപൂട്ടുമെന്ന് റിപ്പോർട്ട്. സ്മാർട്ട്ഫോൺ ബിസിനസ് വിൽക്കാനുള്ള ശ്രമങ്ങളിലായിരുന്നു എൽജി എന്നും ഇതുമായി ബന്ധപ്പെട്ട് ജർമ്മനിയിലെ ഫോക്‌സ്‌വാഗൺ എജിയും വിയറ്റ്നാമിന്റെ വിൻഗ്രൂപ്പ് ജെഎസ്‌സിയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സ്മാർട്ട്ഫോൺ ബിസിനസ് അടച്ചുപൂട്ടാൻ എൽജി തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൽജിയുടെ സ്മാർട്ട്ഫോൺ ബിസിനസ് ഇപ്പോൾ കനത്ത നഷ്ടത്തിലാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4.5 ബില്യൺ ഡോളറിന്റെ നഷ്ടമാണ് എൽജിക്ക് സ്മാർട്ട്ഫോൺ ബിസിനസിൽ ഉണ്ടായിരിക്കുന്നത്. 2021ൽ എൽജി സ്മാർട്ട്‌ഫോൺ ബിസിനസിൽ നിന്ന് ഒഴിവാകുമെന്ന് കൊറിയ ഹെറാൾഡ് ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൽജി തങ്ങളുടെ സ്മാർട്ട്ഫോൺ ബിസിനസ് വിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇത് പരാജയപ്പെട്ടു എന്നും അതുകൊണ്ട് തന്നെ എൽജി സ്മാർട്ട്ഫോൺ ബിസിനസ് അവസാനിപ്പിക്കുന്നുവെന്നും പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു.

എൽജി സിഇഒ ക്വോൺ ബോംഗ്-സിയോക്ക് തങ്ങളുടെ ഉദ്ദ്യേഗസ്ഥർക്ക് അയച്ച കത്തിൽ പരിഗണനകളില്ലാതെയള്ള പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, വിൽപ്പന, പിൻവലിക്കൽ, സ്മാർട്ട്ഫോൺ ബിസിനസ് കുറയ്ക്കുക തുടങ്ങിയ സാധ്യമായ എല്ലാ ഓപ്ഷനുകളും കമ്പനി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട്ഫോൺ വിഭാഗത്തിൽ പണിയെടുക്കുന്ന എല്ലാ ജോലിക്കാരെയും പരിഗണിച്ചുകൊണ്ടായിരിക്കും എൽജി തങ്ങളുടെ ബിസിനസ് അവസാനിപ്പിക്കുന്നത് എന്ന കാര്യം ഉറപ്പാണ്.

എൽജി കഴിഞ്ഞ മാസം സിഇഎസ് 2021ൽ (കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ) പ്രദർശിപ്പിച്ച എൽജി റോളബിൾ ഡിസ്‌പ്ലേ സ്മാർട്ട്‌ഫോൺ വികസിപ്പിക്കുന്നത് നിർത്തിവച്ചുവെന്നാണ് റിപ്പോർട്ട്. സിഇഎസിൽ ഏറെ ശ്രദ്ധ ആകർഷിച്ച എൽജി റോളബിൾ ഡിസ്പ്ലെ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാനുള്ള സാധ്യതയും ഇല്ലാതായെന്ന് ഡോങ്‌എ റിപ്പോർട്ടിൽ പറയുന്നു. എൽജി സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡിവൈസുകളിലൊന്നാണ് ഇത്. വ്യത്യസ്തമായ ഡിസൈനുകൾകൊണ്ട് വിപണിയിൽ ജനപ്രീതി നേടിയവയാണ് എൽജി ഡിവൈസുകൾ.

സൈഡ് റോളിംഗ് ഡിസ്‌പ്ലേയുള്ള വലുപ്പം മാറ്റാനാകുന്ന സ്‌ക്രീനാണ് എൽജി റോളബിളിന്റെ പ്രധാന ആകർഷണം. കമ്പനിയുടെ എക്സ്പ്ലോറർ പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വികസിപ്പിച്ചിരുന്നത്. ഉപയോക്താവിന്റെ അനുഭവം അപ്‌ഗ്രേഡുചെയ്യുന്ന വ്യത്യസ്ത ഫോം ഫാക്ടറുള്ള പുതിയ ഡിവൈസുകൾ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യമാണ് എൽജിക്ക് ഉള്ളതെന്ന് സിഇഎസിൽ ഈ ഡിവൈസ് അവതരിപ്പിച്ചുകൊണ്ട് എൽജി മൊബൈൽ വിഭാഗം വ്യക്തമാക്കിയിരുന്നു.

മൊബൈൽ കമ്മ്യൂണിക്കേഷൻ ബിസിനസ് ഡിവിഷന്റെ ഭാവി നിർണയിക്കുന്ന തീരുമാനം എൽജി തങ്ങളുടെ ജീവനക്കാരോട് ഏപ്രിലിൽ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. എൽജി വക്താവ് ജനുവരിയിൽ ദി വെർജിന് നൽകിയ പ്രസ്താവനയിൽ 2021ൽ മൊബൈൽ ബിസിനസിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിന് ആവശ്യമായ ഏത് തീരുമാനവും എടുക്കാൻ എൽജി ഇലക്ട്രോണിക്സ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിരുന്നു.


Click it and Unblock the Notifications








