ഈ മാസം വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സ്മാർട്ട്ഫോണുകൾ
എല്ലാ വർഷവും ഒക്‌ടോബർ മാസം ഒന്നിലധികം സ്മാർട്ട്‌ഫോൺ ലോഞ്ച് ഇവന്റുകൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഇത്തവണയും ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ല. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളെല്ലാം തങ്ങളുടെ ഡിവൈസുകൾ ഒക്ടോബർ മാസം പുറത്തിറക്കാനൊരുങ്ങുകയാണ്. ഇതിൽ പല ലോഞ്ചുകളും ഇതിനകം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഐഫോൺ 12 അടക്കമുള്ള ചില ഡിവൈസുകളുടെ ലോഞ്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഈ മാസം തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ആപ്പിൾ ഐഫോൺ 12
സെപ്റ്റംബറിലാണ് ആപ്പിൾ സാധാരണയായി പുതിയ ഐഫോണുകൾ പുറത്തിറക്കാറുള്ളത്. കൊറോണ വൈറസ് കാരണം ഈ വർഷം ആപ്പിളിന്റെ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത് വൈകിയിരിക്കുകയാണ്. ഒക്ടോബർ 13ന് കമ്പനി പുതിയ ഐഫോൺ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ നാല് മോഡലുകൾ ഉണ്ടായിരിക്കും. ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയായിരിക്കും ഈ സ്മാർട്ട്ഫോണുകൾ.

വൺപ്ലസ് 8ടി
വൺപ്ലസ് കുറച്ചുകാലമായി കമ്പനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസായ വൺപ്ലസ് 8ടി സ്മാർട്ട്ഫോണിന്റെ ടീസറുകൾ പുറത്ത് വിടുന്നുണ്ട്. പുതിയ ടീസറിലൂടെ ഈ സ്മാർട്ട്ഫോൺ ഒക്ടോബർ 14ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. 120 ഹെർട്സ് ഡിസ്‌പ്ലേ, 65 വാൾട്ട് ചാർജിങ് സപ്പോർട്ട് എന്നിവയടക്കമുള്ള നിരവധി സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങുന്നത്.

സാംസങ് ഗാലക്സി എഫ്41
ഒക്ടോബർ 8ന് സാംസങ് തങ്ങളുടെ പുതിയ എഫ്-സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീരിസിലെ ഗാലക്‌സി എഫ്41 എന്ന സ്മാർട്ട്ഫോണായിരിക്കും ആദ്യം പുറത്തിറങ്ങുക. ഈ ഡിവൈസിൽ ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 6,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിൾ പിക്സൽ 4എ
കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ അവതരിപ്പിച്ച പിക്‌സൽ 5, പിക്‌സൽ 4എ 5ജി എന്നീ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കില്ല എന്ന ഗൂഗിളിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിക്‌സൽ 4എയുടെ 4ജി വേരിയൻറ് ഒക്ടോബർ 17ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. ഈ ഡിവൈസിന് യുഎസിൽ 349 ഡോളർ (ഏകദേശം 25,000 രൂപ)യാണ് വില. സമാനമായ വിലയ്ക്കായിരിക്കും സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

മോട്ടറോള റേസർ 5ജി
മോട്ടറോള തങ്ങളുടെ അടുത്ത തലമുറ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ഡിവൈസ് ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ മോട്ടറോള റേസറിന്റെ ഈ 5ജി വേരിയന്റിൽ ആദ്യ മോഡലിൽ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം കമ്പനി പരിഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് ഒക്ടോബർ 5ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

റിയൽമി 7ഐ
റിയൽമി സിഇഒ മാധവ് ഷെത്ത് കഴിഞ്ഞ ദിവസം കമ്പനിയുടെ ബജറ്റ് ഡിവൈസായ റിയൽമി 7ഐ വൈകാതെ പുറത്തിറങ്ങുമെന്ന് സൂചനകൾ നൽകിയിരുന്നു. ഡിവൈസിൽ 90 ഹെർട്സ് ഡിസ്‌പ്ലേ പാനൽ, 18 ഡബ്ല്യു ക്വിക്ക് ചാർജിംഗ്, 5,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ ഡിവൈസ് ഒക്ടോബർ 7ന് വിപണിയിൽ അവതരിപ്പിക്കും.

പോക്കോ സി 3
ഒക്ടോബർ 6ന് ഇന്ത്യൻ വിപണിയിൽ പോക്കോ സി3 ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്ന് പോക്കോ അറിയിച്ചു. ഈ ഡിവൈസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റെഡ്മി 9സി സ്മാർട്ട്ഫോണി്റെ റീബ്രാന്റ് ചെയ്ത ഡിവൈസായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് മലേഷ്യൻ വിപണിയിലാണ് അവതരിപ്പിച്ചത്.

വിവോ വി20 സീരീസ്
വിവോ വി20 സീരിസ് സ്മാർട്ട്ഫോൺ ഒക്ടോബർ 12ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വിവോ വി20, വി20 പ്രോ, വി20 എസ്ഇ എന്നീ സ്മാർട്ട്ഫോണുകളായിരിക്കും ഈ സീരിസിൽ ഉണ്ടായിരിക്കുക. ഫ്ലിപ്പ്കാർട്ടിലൂടെയായിരിക്കും ഈ ഡിവൈസുകളുടെ വിൽപ്പന നടക്കുന്നത്.


Click it and Unblock the Notifications








