വില കുറഞ്ഞ ഫോൺ വേണോ? നവംബറിൽ വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ
ഇന്ത്യയിലെ 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഈ വർഷം അധികം ഡിവൈസുകൾ ഒന്നും പുറത്തിറങ്ങിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടായിരുന്ന സ്മാർട്ട്‌ഫോൺ വിഭാഗമായിരുന്നു ഇത്. ഷവോമി, റിയൽമി തുടങ്ങിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നുണ്ട്. ഈ കമ്പനികൾ ഈ വർഷം പ്രീമിയം സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധകൊടുത്തു. എങ്കിലും മികച്ച സ്മാർട്ട്ഫോണുകൾ തന്നെ ഈ വില വിഭാഗത്തിൽ ഇന്ന് ലഭ്യമാണ്.

10,000 രൂപയിൽ താഴെ വിലയുള്ള ചില മികച്ച സ്‌മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം കുറച്ച് നാളുകളായി വിപണിയിൽ ഉള്ളതാണ്. നവംബർ മാസത്തിൽ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് ഇവ. ചിപ്പ് ക്ഷാമം അടക്കമുള്ള കാരണങ്ങളാൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ പ്രതിസന്ധിയിലായ കാലത്ത് തിരഞ്ഞെടുക്കാവുന്ന ആകർഷകമായ ഫോണുകളാണ് ഇവ. റിയൽമി, റെഡ്മി, മോട്ടറോള, മൈക്രോമാക്സ് എന്നീ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്.

റിയൽമി നാർസോ 30എ
ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ വിപണി ജിടി സീരീസിലൂടെ പിടിച്ചടക്കുന്നതിനുള്ള തിരക്കിലാണ് റിയൽമി. എങ്കിലും ബജറ്റ സെഗ്‌മെന്റിലുള്ള കമ്പനിയുടെ ശ്രദ്ധ കുറഞ്ഞിട്ടില്ല. കൃത്യമായ ഇടവേളകളിൽ ചില നാർസോ ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കാറുണ്ട്. 10,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാണ് റിയൽമി നാർസോ 30എ. 1600 x 720 പിക്സൽ റെസല്യൂഷനോട് കൂടിയ 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയോടെയാണ് ഇത് വരുന്നത്. 60 Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഹെലിയോ ജി85 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 13-മെഗാപിക്സൽ പ്രൈമറി ക്യാമറയും 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

മോട്ടോ ജി10 പവർ
കഴിഞ്ഞ 18 മാസമായി മോട്ടറോള വിപണിയിൽ കരുത്ത് വർധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് മോട്ടോ ജി10 പവർ. 6.51 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 460 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഉള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറയും മോട്ടറോള മോട്ടോ ജി10 പവറിൽ നൽകിയിട്ടുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്‌റ്റോറേജും ഉള്ള ഫോണിൽ 6000 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

റെഡ്മി 9 പ്രൈം
ഷവോമി ഈ വർഷം 10,000 രൂപയിൽ താഴെ വിലയുള്ള ഒരു സ്മാർട്ട്‌ഫോൺ മാത്രമാണ് പുറത്തിറക്കിയത്. ഇതാണ് റെഡ്മി 9 പ്രൈം. 2021ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണിന് ശേഷൺ കമ്പനി മിഡ്-പ്രീമിയം, മുൻനിര സ്മാർട്ട്ഫോണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2340 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.53 ഇഞ്ച് എച്ച്ഡി+ കപ്പാസിറ്റീവ് മൾട്ടി-ടച്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 394 പിപിഐ പിക്സൽ ഡെൻസിറ്റിയും റെഡ്മി 9 പ്രൈമിൽ ഉണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8 മെഗാപിക്സൽ ഫ്രണ്ട് സെൽഫി ക്യാമറയും ഫോണിലുണ്ട്. മീഡിയടെക് ഹീലിയോ ജി80 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

മൈക്രോമാക്‌സ് ഇൻ 1
സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് മൈക്രോമാക്സ് പുറത്തിറക്കിയ ഇൻ സീരിസിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസാണ് മൈക്രോമാക്സ് ഇൻ 1. 1080 x 2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയുമായാണ് സ്‌മാർട്ട്‌ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ ജി80 പ്രൊസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും ഫോണിലുണ്ട്. ആൻഡ്രോയിഡ് 10-ൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5000 mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിനുണ്ട്. ഫോണിൽ എഫ്/1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്.


Click it and Unblock the Notifications








