കിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് എംഐ 11 സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. 64എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെ, ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസർ, 4250 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ വേരിയന്റുകളിലും ഡിവൈസ് ലഭ്യമാകും.

എംഐ 11 ലൈറ്റ്: വിലയും ലഭ്യതയും
എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 21,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപ വിലയുണ്ട്. എംഐ 11 ലൈറ്റ് ലോഞ്ച് ഓഫറായി 1,500 രൂപ കിഴിവിൽ നിങ്ങൾക്ക് ഈ ഡിവൈസ് സ്വന്തമാക്കാവുന്നതാണ്. ജാസ് ബ്ലൂ, ടസ്കാനി കോറൽ, വിനൈൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. സ്മാർട്ട്ഫോണിന്റെ വിൽപ്പന ജൂൺ 28 മുതൽ ആരംഭിക്കും. എംഐ.കോം, ഫ്ലിപ്പ്കാർട്ട്, എംഐ ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെയാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

എംഐ 11 ലൈറ്റ്: സവിശേഷതകൾ
എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, ഡിസിഐ-പി 3 സപ്പോർട്ട്, എച്ച്ഡിആർ 10 സപ്പോർട്ട്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നീ സവിശേഷതകൾ ഉണ്ട്. സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് അഡ്രിനോ 618 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി എസ്ഒസിയാണ്. 6 ജിബി, 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ എംഐ നൽകിയിട്ടുണ്ട്.

മൂന്ന് പിൻ ക്യാമറകളാണ് എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 5 മെഗാപിക്സൽ ടെലിമാക്രോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. ഡിവൈസിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറാണ് എംഐ നൽകിയിട്ടുള്ളത്. 23 ഡയറക്ടർ മോഡുകൾ ഉൾപ്പെടെ നിരവധി ഫോട്ടോഗ്രാഫി സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

എംഐ 11 ലൈറ്റ് സ്മാർട്ട്ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5 ആണ്. 4,250mAh ബാറ്ററിയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഡിവൈസിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഷവോമി നൽകിയിട്ടുണ്ട്. ഫോണിൽ 3.5 മീറ്റർ ഹെഡ്‌ഫോൺ ജാക്ക് നൽകിയിട്ടില്ല. എന്നാൽ ടൈപ്പ്-സി ടു 3.5 എംഎം ഹെഡ്‌ഫോൺ അഡാപ്റ്റർ കമ്പനി ഡിവൈസിനൊപ്പം നൽകുന്നു. വൺപ്ലസ് നോർഡ് സിഇ 5ജി, ഐക്യു Z3 എന്നിവയോടായിരിക്കും പുതിയ ഡിവൈസ് മത്സരിക്കുന്നത്. പക്ഷേ എംഐ 11 ലൈറ്റിൽ 5ജി സപ്പോർട്ട് ഇല്ല.


Click it and Unblock the Notifications