മൈക്രോമാക്സ് ഇൻ നോട്ട് 1, 1ബി സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തി; വില 6,999 രൂപ മുതൽ
മൈക്രോമാക്സ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് തിരിച്ചെത്തി. ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് മൈക്രോമാക്സ് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നത്. ഓൺലൈൻ ഇവന്റിൽ വച്ചാണ് ഡൽഹി ആസ്ഥാനമായുള്ള കമ്പനി രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്. ബജറ്റ്, മിഡ് റേഞ്ച് വില വിഭാഗത്തിലേക്കാണ് മൈക്രോമാക്സിന്റെ പുതിയ ഇൻ സ്മാർട്ട്ഫോണുകൾ വരുന്നത്. ആദ്യത്തെ ഫോണിന് ഇൻ നോട്ട് 1 എന്നാണ് പേര്. രണ്ടാമത്തെ ഡിവൈസ് മൈക്രോമാക്സ് ഇൻ 1ബി എന്ന ഡിവൈസാണ്.

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾ
ചൈനീസ് കമ്പനികളായ റെഡ്മി, റിയൽമി എന്നിവയുടെ ഫോണുകൾ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന മിഡ് റേഞ്ച് ഫീച്ചറുകൾ നൽകുന്ന ഡിവൈസുകളുടെ വിഭാഗത്തിലേക്കാണ് ഇൻ നോട്ട് 1 പുറത്തിറക്കിയിരിക്കുന്നത്. എൻട്രി ലെവൽ ഉപയോക്താക്കൾക്ക് കൂടുതൽ അനുയോജ്യമായ ഡിവൈസാണ് ഇൻ 1ബി. മീഡിയാടെക്കുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ട് ഈ രണ്ട് ഡിവൈസുകളിലും മികച്ച മീഡിയടെക്ക് പ്രോസസ്സറുകളാണ് മൈക്രോമാക്സ് നൽകിയിട്ടുള്ളത്.

മൈക്രോമാക്സ് ഇൻ നോട്ട് 1: വില
മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും ഡിവൈസി്നറെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപ വിലയുണ്ട്. വൈറ്റ്, ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. വേരിയന്റിനും പിന്നിൽ വ്യത്യസ്ത പാറ്റേണാണ് കമ്പനി നൽകിയിട്ടുള്ളത്. ഗ്രീൻ കളർ വേരിയന്റിന് പിന്നിൽ എക്സ് ഡിസൈൻ ഉണ്ട്. വൈറ്റ് വേരിയന്റിൽ മാറ്റ് ഫിനിഷാണ് ഉള്ളത്.

മൈക്രോമാക്സ് ഇൻ 1ബി: വില
മൈക്രോമാക്സ് ഇൻ സ്മാർട്ട്ഫോണുകളിലെ ആദ്യത്തെ എൻട്രിലെവൽ വേരിയന്റായ ഇൻ 1ബി എന്ന ഡിവൈസും രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ 2 ജിബി റാമും 32 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള വേരിയന്റിന് 6,999 രൂപയാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 7,999 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മൈക്രോമാക്സ് ഇൻ നോട്ട് 1, ഇൻ 1ബി എന്നിവ ഫ്ലിപ്കാർട്ടിലൂടെയും മൈക്രോമാക്സിന്റെ ഓൺലൈൻ സ്റ്റോറിലൂടെയും വിൽപ്പനയ്ക്ക് എത്തും.

മൈക്രോമാക്സ് ഇൻ നോട്ട് 1: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) സ്ലോട്ടുകളുള്ള മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയും ഹോൾ-പഞ്ച് ഡിസൈനും ഡിവൈസിൽ ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 85 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. ഇതിനൊപ്പം 4 ജിബി റാമും ഉണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസറും വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും മാക്രോ ഷോട്ടുകൾക്കും ഡെപ്ത് സെൻസിംഗിനുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകളുമടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്.

പിന്നിലെ ക്യാമറ സെറ്റപ്പിൽ ഒരു എൽഇഡി ഫ്ലാഷും മൈക്രോമാക്സ് നൽകിയിട്ടുണ്ട്. നൈറ്റ് വിഷൻ സപ്പോർട്ട് ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സപ്പോർട്ട് ഫീച്ചറുകളും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിൽ 16 മെഗാപിക്സൽ ക്യാമറ സെൻസറാണ് ഉള്ളത്. ഇതിൽ 78 ഡിഗ്രി വൈഡ് ആംഗിൾ ലെൻസും ഉണ്ട്. സാധാരണ ഫോട്ടോകൾക്കും വീഡിയോകൾക്കുമൊപ്പം സെൽഫി ക്യാമറ സെൻസറിന് GIF ഷൂട്ട് ചെയ്യാൻ കഴിയും.

128 ജിബി വരെ സ്റ്റോറേജുള്ള മൈക്രോമാക്സ് ഇൻ നോട്ട് 1 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡിവൈസിന്റെ പിൻവശത്ത് ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. റിവേഴ്സ് ചാർജിങ് സപ്പോർട്ടും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്.

മൈക്രോമാക്സ് ഇൻ 1ബി: സവിശേഷതകൾ
മൈക്രോമാക്സ് ഇൻ 1 ബി ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഉള്ള 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ ഡിവൈസിൽ നൽകിയിട്ടുണ്ട്. 2 ജിബി, 4 ജിബി റാം ഓപ്ഷനുകളുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി35 SoCയാണ്. എഫ് / 1.8 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്.

64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് ഇൻ 1ബി സ്മാർട്ട്ഫോൺ വരുന്നത്. ഈ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോൾട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. റിവേഴ്സ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.


Click it and Unblock the Notifications








