117 ഡിഗ്രി ആക്ഷൻ ക്യാമറയുമായി മോട്ടറോള വൺ ആക്ഷൻ ഓഗസ്റ്റ് 23ന് ഇന്ത്യയിലെത്തും
കാത്തിരിപ്പിനൊടുവിൽ മോട്ടറോളയുടെ ആക്ഷൻ ക്യാമറ സ്മാർട്ട്ഫോൺ മോട്ടറോള വൺ ആക്ഷൻ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. യൂറോപിൽ കഴിഞ്ഞ ദിവസമാണ് ഫോൺ പുറത്തിറങ്ങിയത്. ഇന്ത്യയിൽ ആഗസ്റ്റ് 23ന് ഫോൺ പുറത്തിറക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ മോട്ടറോള അറിയിച്ചു. മോട്ടറോളയുടെ വൺ സീരീസിലെ രണ്ടാമത്തെ ഫോണാണ് വൺ ആക്ഷൻ. ഫോൺ വീഡിയോ റെക്കോർഡിങ്ങിനായുള്ള 117 ഡിഗ്രി വൈഡ് ക്യാമറയാണ് ഫോണിൻറെ പ്രത്യേകത.

വൺ ആക്ഷൻ പുറത്തിറങ്ങുന്നതിന് മുൻപ് ചോർന്ന വിവരങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഫോണിൻറെ ഘടന. വൺ വിഷന് തുല്യമായ സ്പെസിഫിക്കേഷൻസാണ് വൺ ആക്ഷൻ ഫോണിലും ഉള്ളത്. വൺ വിഷനിൽ നിന്നും വരുത്തിയിട്ടുള്ള കുറച്ച് മാറ്റങ്ങളിൽ പ്രധാനം ക്യാമറയാണ്. 117 ഡിഗ്രി വൈഡ് ആക്ഷൻ ക്യാമറയിലൂടെ വീഡിയോ റെക്കോർഡിങ് സംവിധാനങ്ങളിലാണ് വൺ ആക്ഷൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

ക്യാമറകൾ
മോട്ടറോള വൺ ആക്ഷൻറെ ക്യാമറയാണ് ഫോണിനെ ശ്രേദ്ധേയമാക്കുന്നത്. മോട്ടറോള ജർമ്മൻ വെബ്സൈറ്റിലെ ബ്രോഷർ പ്രകാരം മൂന്ന് ക്യാമറകളാണ് വൺ ആക്ഷൻറെ പിൻഭാഗത്ത് നൽകിയിരിക്കുന്നത്. പ്രൈമറി ക്യാമറ 12 മെഗാ പിക്സൽ ക്യാമറയാണ്. F1.8 ലെൻസുള്ള ഈ ക്യാമറയിൽ 4K റസലൂഷനിൽ വീഡിയോ റെക്കോർഡ് ചെയ്യാം. രണ്ടാമത്തേത് 5 മെഗാപിക്സൽ ഡെപ്ത് ക്യാമറയാണ്. മൂന്നാമത്തെ ക്യാമറ വൈഡ് ആങ്കിൾ ആണ്. എന്നാൽ ഈ ക്യാമറയ്ക്ക് വൈഡ് ആങ്കിൾ മോഡിൽ ഫോട്ടോകൾ എടുക്കാൻ സാധിക്കില്ല. വീഡിയോ റെക്കോർഡിങ് മാത്രമേ സാധിക്കു.

ആൾട്രാ വൈഡ് മോഡ്
16 മെഗാപിക്സലുള്ള വൈഡ് ആക്ഷൻ ക്യാമറയ്ക്ക് ഫോട്ടോകൾ എടുക്കാൻ സാധിക്കില്ലെങ്കിലും ഗോപ്രോയെ പോലെ ആൾട്രാ വൈഡ് മോഡിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. ക്യാമറ സെൻസറുകൾ 90 ഡിഗ്രിയാക്കിയിരിക്കുന്നതിനാൽ പോട്ട്രൈറ്റ് മോഡിൽ ഫോൺ പിടിച്ചിരിക്കുമ്പോൾ പോലും വൈഡ് ആങ്കിൾ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കുന്നു. ഗോ പ്രോയെ പോലെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഇല്ലെങ്കിലും ആ കുറവ് മോട്ടറോളയുടെ EIS തീർക്കും. മികച്ച സ്റ്റെബിലൈസേഷൻ തന്നെ EIS നൽകുന്നു.

6.3 ഇഞ്ച് FHD+ LCD ഡിസ്പ്ലെ
വൺ ആക്ഷനിലെത്തുമ്പോൾ ഫ്രണ്ട് ക്യാമറ 12 മെഗാപിക്സൽ യൂണിറ്റാക്കി ചുരുക്കുകയും ബാക്ക് പാനലിൽ പ്ലാസ്റ്റ്ക്ക് ബോഡിക്ക് പകരം വൺവിഷൻറെ ഗ്ലാസ് പാനലും നൽകുന്നു. 15W ടർബോ പവർ ചാർജ്ജിങ്ങിന് പകരം നൽകിയിരിക്കുന്നത് 10w ഫാസ്റ്റ് ചാർജ്ജിങ്ങാണ്. മറ്റുള്ള സ്പെസിഫിക്കേഷനുകളിൽ വലീയ മാറ്റം വരുത്തിയിട്ടില്ല. 6.3 ഇഞ്ച് FHD+ LCD ഡിസ്പ്ലെ 21:9 അസ്പെക്ട് റേഷിയോയോട് കൂടിയും നൽകിയിരിക്കുന്നു.

ഇന്ത്യൻ വിപണിയിലെ പ്രതീക്ഷകൾ
മോട്ടറോള ഇത്തവണയും ആശ്രയിച്ചിരിക്കുന്നത് 4 GB റാമും 128 GB സ്റ്റോറേജ് സ്പെയ്സും ഉള്ള Exynos 9609 ചിപ്പ്സെറ്റിനെയാണ്. വൺ വിഷന് സമാനമായ 3500mAh ബാറ്ററി തന്നെയാണ് മോട്ടറോള വൺ ആക്ഷനും നൽകിയിരിക്കുന്നത്. യൂറോപ്പിൽ 299 യൂറോയാണ് ഫോണിൻറെ വില. ഏകദേശം 23,500 രൂപയ്ക്ക് തുല്യമാണ് ഈ തുക. ഇന്ത്യയിലെത്തുമ്പോൾ വിലയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 19,999 രൂപ വിലവരുന്ന വൺ വിഷനേക്കാൾ വിലക്കുറവിൽ വൺ ആക്ഷൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








