മൂന്നാം തലമുറ ഐഫോൺ എസ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക 5ജി സപ്പോർട്ടുമായി
ആപ്പിൾ ഐഫോൺ എസ്ഇയുടെ മൂന്നാം തലമുറ ഡിവൈസ് അടുത്ത വർഷം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. 2016ലാണ് ഐഫോൺ എസ്ഇ എന്ന ആദ്യത്തെ ഡിവൈസ് പുറത്തിറങ്ങിയത്. പിന്നീട് വില കുറഞ്ഞ ഐഫോൺ നിരയിലേക്കുള്ള അടുത്ത ഫോണായി 2020ൽ എസ്ഇ മോഡൽ വീണ്ടും വിപണിയിലെത്തി. അടുത്ത തലമുറയിലെ ഐഫോൺ എസ്ഇ 2022ൽ പുറത്തിറങ്ങും. 2020ൽ പുറത്തിറങ്ങിയ എസ്ഇ മോഡലിൽ ഐഫോൺ 8 പോലുള്ള ഡിസൈനാണ് ഉള്ളത്. വേഗതയേറിയ ചിപ്പും ടച്ച് ഐഡിയുമായിട്ടാണ് ഈ ഡിവൈസ് വിപണിയിലെത്തിച്ചത്.

മൂന്നാം തലമുറ ഐഫോൺ എസ്ഇയിൽ ആപ്പിൾ വലിയ ഡിസ്‌പ്ലേയും 5ജി സപ്പോർട്ടും നൽകുമെന്നാണ് റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോംപാക്റ്റ് ഫോണുകൾ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന ഡിവൈസാണ് ഐഫോൺ എസ്‌ഇ. എന്നാൽ ഇത്തവണ 6.1 ഇഞ്ച് ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്ഇ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രശസ്ത ഡിസ്പ്ലേ അനലിസ്റ്റ് റോസ് യംഗ് ഈ അവകാശവാദങ്ങൾ നിരസിച്ചു. മറ്റ് ചില സവിശേഷതകൾക്കൊപ്പം ഐഫോൺ എസ്ഇ മൂന്നാം തലമുറയുടെ വലുപ്പത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ യംഗ് പുറത്ത് വിട്ടു.

2022ൽ ആപ്പിൾ വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്ന ഐഫോൺ എസ്ഇ 5ജി സപ്പോർട്ടുമായിട്ടാണ് വരുന്നതെന്ന് യംഗ് ട്വീറ്റ് ചെയ്തു. 4.7 ഇഞ്ച് സ്‌ക്രീൻ വലുപ്പത്തിൽ തന്നെയാിരിക്കും മൂന്നാം തലമുറ എസ്ഇയും പുറത്തിറങ്ങുക എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഒരു വലിയ എസ്ഇ മോഡൽ ആപ്പിൾ അവതരിപ്പിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആപ്പിൾ എൽസിഡി ഐഫോൺ ലീക്ക് അനുസരിച്ച് അടുത്ത എൽസിഡി ഐഫോൺ എസ്ഇയും 4.7 ഇഞ്ച് വലിപ്പത്തിൽ ആയിരിക്കും ഉണ്ടാവുക.

പുതിയ ഐഫോൺ എസ്ഇയിൽ സബ് -6 ജിഗാഹെർട്‌സിനൊപ്പം 5ജി ഉണ്ടായിരിക്കാമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. 2023ൽ 6.1 പതിപ്പ് പുറത്തിറങ്ങുക നോച്ചിന് പകരം പഞ്ച് ഹോൾ ഡിസ്പ്ലെയുമായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഐഫോൺ എസ്ഇ പരമ്പരാഗത ഐഫോൺ ഡിസൈൻ ഒഴിവാക്കുമെന്ന് നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സ്മാർട്ട്‌ഫോണിൽ ഹോൾ പഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്നും ലീക്ക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഐഫോൺ 12ന് സമാനമായ അരികുകളോടെയായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക.

സ്വെറ്റാപ്പിളിന്റെ റെൻഡർ ലീക്ക് റിപ്പോർട്ടിൽ ഐഫോൺ 12ന് സമാനമായ ഫ്ലാറ്റ് എഡ്ജ് ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഫോണായിരിക്കും ഐഫോൺ എസ്ഇയുടെ മൂന്നാം തലമുറ എന്ന് വ്യക്തമാക്കുന്നു. 2022 വരെ ആപ്പിൾ മറ്റൊരു ഐഫോൺ എസ്ഇ പുറത്തിറക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐഫോൺ 14 സീരീസിലും ആപ്പിൾ പഞ്ച്-ഹോൾ ഡിസ്‌പ്ലേ അവതരിപ്പിക്കുമെന്നും സൂചനകൾ ഉണ്ട്. ആപ്പിൾ ഐഫോൺ 13 സീരീസ് പുറത്തിറക്കിയിട്ടില്ലാത്തതിനാൽ 14 സീരിസിനെ കുറിച്ചുള്ള വാർത്തകൾക്ക് പ്രാധാന്യം ഇല്ല.

ഐഫോൺ 12 ലോഞ്ച് ചെയ്ത് കഷ്ടിച്ച് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ തന്നെ ഐഫോൺ 13യെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമാവുന്നുണ്ട്. ഐഫോൺ 12ൽ ഉള്ള അതേ ഡിസൈൻ ആണ് ഐഫോൺ 13ൽ ഉള്ളതെങ്കിലും 120 ഹെർട്സ് എൽടിപിഒ ഡിസ്പ്ലേ, മെച്ചപ്പെട്ട ബാറ്ററി ലൈഫ്, മികച്ച ക്യാമറകൾ എന്നിവ പുതിയ സീരിസിൽ ആപ്പിൾ നൽകുമെന്നാണ് സൂചനകൾ.


Click it and Unblock the Notifications