കത്തിയ സാംസങ്ങ് ഗാലക്‌സി S4-ന് പകരം ലൂമിയ ഫോണ്‍ നല്‍കാമെന്ന് നോകിയയുടെ വാഗ്ദാനം

Posted By:

സാംസങ്ങ് ഗാലക്‌സി S4 ചാര്‍ജിംഗിനിടെ കത്തിപ്പോയതും തുടര്‍ന്ന് യുവാവ് അതിന്റെ വീഡിയോ യൂട്യൂബില്‍ ഇട്ട സംഭവവും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സാംസങ്ങും ഉപഭോക്താവും തമ്മിലുള്ള ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ നോകിയയും ഇടപെടുകയാണ്. കത്തിപ്പോയ ഗാലക്‌സി S4 -നു പകരം നോകിയ ലുമിയ ഫോണ്‍ നല്‍കാമെന്നാണ് നോകിയ സാംസങ്ങിന്റെ ഈ ഉപഭോക്താവിനെ അറിയിച്ചിരിക്കുന്നത്.

സാംസങ്ങിനോട് ഏറ്റുമുട്ടാന്‍ നോകിയ

ഏതാനും ദിവസം മുമ്പാണ് ചാര്‍ജിംഗിനിടെ റിച്ചാര്‍ഡ് എന്ന ഉപഭോക്താവിന്റെ ഗാലക്‌സി S4 കത്തിയത്. ചാര്‍ജിംഗ് പോര്‍ട് പൂര്‍ണമായും ഉരുകുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കത്തിയ ഫോണിന്റെ വീഡിയോ യുട്യൂബില്‍ പോസ്റ്റ്‌ചെയ്തു. സംഭവം അറിഞ്ഞ സാംസങ്ങ്, വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്താല്‍ പുതിയ ഫോണ്‍ നല്‍കാമെന്ന് അറിയിച്ചു.

എന്നാല്‍ ഇക്കാര്യമറിയിച്ചുകൊണ്ടുള്ള സാംസങ്ങിന്റെ ഇ-മെയില്‍ ഉള്‍പ്പെടുത്തി മറ്റൊരു വീഡിയോ യൂട്യൂബില്‍ ഇടുകയാണ് യുവാവ് ചെയ്തത്. ഈ അവസരത്തിലാണ് നോകിയ യു.എസ്.എ. ട്വിറ്ററിലൂടെ റിച്ചാര്‍ഡുമായി ബന്ധപ്പെട്ടത്. ' നിങ്ങളെ സഹായിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് ഒരു നോകിയ ലൂമിയ അയച്ചുതരാം. ശരിയായ കസ്റ്റമര്‍ സര്‍വീസ് എങ്ങനെയാണെന്ന് അനുഭവിച്ചറിയു' എന്നതാണ് ട്വീറ്റിന്റെ ഉള്ളടക്കം.

എന്നാല്‍ നോകിയയുടെ വാഗ്ദാനം ഇദ്ദേഹം സ്വീകരിച്ചോ എന്ന് അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot