വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വിൽപ്പന ഏപ്രിൽ 5ന്
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ച് വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തി. വൺപ്ലസിന്റെ ഈ പുതിയ ഡിവൈസിന് ഇന്ത്യയിൽ 66,999 രൂപ മുതലാണ് വില. ഫോണിന്റെ വിൽപ്പന ഏപ്രിൽ 5 മുതലാണ് ആരംഭിക്കുന്നത്. ഈ ഡിവൈസ് അതിന്റെ മുൻഗാമിയായ വൺപ്ലസ് 9 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. കരുത്തൻ പ്രോസസർ, മികച്ച ക്യാമറ സെറ്റപ്പ്, വലിയ ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം ഈ ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് 10 പ്രോ 5ജി: വിലയും ഓഫറുകളും
വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ വോൾകാനിക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുള്ള എൻട്രി ലെവൽ വേരിയന്റിന് 66,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ഹൈഎൻഡ് വേരിയന്റിന് 71,999 രൂപ വിലയുണ്ട്. ആമസോൺ, വൺപ്ലസ്.ഇൻ എന്നിവയിൽ നിന്നും മറ്റും ഏപ്രിൽ 5 മുതൽ ഡിവൈസ് വാങ്ങാം. നിരവധി ലോഞ്ച് ഓഫറുകളും ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കും.

എസ്ബിഐ കാർഡ് ഉപയോഗിച്ച് വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കും ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും 4,500 രൂപ കിഴിവാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഒമ്പത് മാസത്തെ നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്താൽ 5000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ഓരോ ഡിവൈസിന്റെയും എക്സ്ചേഞ്ച് മൂല്യത്തിന് അനുസരിച്ചായിരിക്കും ഈ എക്സ്ചേഞ്ച് ബോണസ് ലഭിക്കുക.

വൺപ്ലസ് 10 പ്രോ 5ജി വാങ്ങാൻ വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ എന്നിവയിൽ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 10% ക്യാഷ്ബാക്ക് ലഭിക്കും. തിരഞ്ഞെടുത്ത ജിയോ പ്രീപെയ്ഡ് പ്ലാൻ വരിക്കാർക്ക് വൺപ്ലസ് 10 പ്രോ 5ജി വാങ്ങുമ്പോൾ 7,200 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഡിവൈസ് വാങ്ങുമ്പോൾ റെഡ് കേബിൾ ലൈഫ് പ്ലാൻ 1,999 രൂപയ്ക്ക് ലഭിക്കും. 1 ടിബി ക്ലൗഡ് സ്റ്റോറേജ്, 12 മാസത്തെ വിപുലീകൃത വാറന്റി, 12 മാസത്തെ ആമസോൺ പ്രൈം അല്ലെങ്കിൽ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയടക്കമുള്ള ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.

വൺപ്ലസ് 10 പ്രോ 5ജി: സവിശേഷതകൾ
വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിൽ മാറ്റ് ഫിനിഷുള്ള ഗ്ലാസും 3ഡി നാനോക്രിസ്റ്റലിൻ സെറാമിക് ലെൻസ് കവറുമാണ് ഉള്ളത്. മെറ്റൽ മിഡിൽ ഫ്രെയിം 3ഡി നാനോക്രിസ്റ്റലിൻ സെറാമിക് ഉപയോഗിച്ചാണ് നൽകിയിരിക്കുന്നത്. ഡിവൈസിൽ ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോറും ഉണ്ട്. എന്നാൽ ഈ ഡിവൈസിൽ വാട്ടർ റസിസ്റ്റൻസിനുള്ള ഐപി68 റേറ്റിങ് ഇല്ല. 6.7 ഇഞ്ച് ക്യുഎച്ച്ഡി+ ഇ4 അമോലെഡ് കർവ്ഡ് സ്‌ക്രീനാണ് സ്മാർട്ട്ഫോണിൽ വൺപ്ലസ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 3216 x 1440 പിക്സൽ റെസലൂഷൻ, വേരിയബിൾ 120Hz റിഫ്രഷ് റേറ്റ്, 1300 നിറ്റ്സ് വരെ ബ്രൈറ്റ്നസ് എന്നിവയെല്ലാം ഉണ്ട്. സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോളും ഡിസ്പ്ലെയിലുണ്ട്.

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് 10 പ്രോ 5ജി വരുന്നത്. 48 എംപി പ്രൈമറി സോണി IMX789 സെൻസറും എഫ്/1.8 അപ്പേർച്ചറുള്ള ലെൻസുമാണ് ഇതിലുള്ളത്. ഒഐഎസ് സപ്പോർട്ടും ഈ പ്രൈമറി ക്യാമറയ്ക്ക് ഉണ്ട്. 50 എംപി 150-ഡിഗ്രി വൈഡ് ആംഗിൾ സാംസംഗ് JN1 സെക്കണ്ടറി സെൻസറും എഫ്/2.4 അപ്പർച്ചറും ഒഐഎസ് സപ്പോർട്ടും 3.3x ഒപ്റ്റിക്കൽ സൂമുമുള്ള 8 എംപി ടെർഷ്യറി ടെലിഫോട്ടോ ക്യാമറയുമാണ് ഈ ഹാസ്സൽബ്ലാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. രണ്ടാം തലമുറ ഹാസൽബ്ലാഡ് പ്രോ മോഡ് എല്ലാ പിൻ ക്യാമറകളിൽ നിന്നും 12-ബിറ്റ് റോ ഫോട്ടോഗ്രാഫി സാധ്യമാക്കുന്നു. .32 എംപി സെൽഫി ക്യാമറ സെൻസറും ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്ന 5ജി എസ്എ/എൻഎസ്എ സപ്പോർട്ടുള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറാണ്. 5-ലെയർ 3ഡി പാസീവ് കൂളിംഗ് സിസ്റ്റവും ഈ ഡിവൈസിൽ ഉണ്ട്. 8ജിബി /12 ജിബി LPDDR5 റാമും 128 ജിബി /256 ജിബി UFS 3.1 സ്റ്റോറേജ് സ്‌പെയ്‌സുമാണ് ഈ ഡിവൈസിൽ വൺപ്ലസ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്‌സിജൻ ഒഎസ് 12.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വൈഫൈ 6 എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളാണ് വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഡ്യുവൽ-സെൽ 5000mAh ബാറ്ററിയുള്ള ഡിവൈസിൽ ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 80W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 32 മിനിറ്റിനുള്ളിൽ സ്‌മാർട്ട്‌ഫോൺ 100% വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50W എയർവൂക്ക് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. റിവേഴ്സ് വയർലെസ് ചാർജിങും ഈ ഡിവൈസിലൂടെ സാധ്യമാകും.


Click it and Unblock the Notifications