വൺപ്ലസ് 12ആർ ഇന്ത്യയിൽ അവതരിപ്പിച്ചു; 50,000 രൂപയുടെ ഫീച്ചറുകൾ പക്ഷെ 39,999 രൂപ കൊടുത്താൽ മതി
വൺപ്ലസ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വൺപ്ലസ് 12 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.30ഓടെയാണ് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. വൺപ്ലസ് 12, 12 ആർ എന്നീ ഫോണുകൾക്ക് ഒപ്പം വൺപ്ലസ് ബഡ് 3 എന്ന ഇയർബഡും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
വൺപ്ലസ് 11 സീരീസ് ഫോണുകളുടെ പിൻഗാമികൾ എന്ന നിലയ്ക്കാണ് പുതിയ ഫോണുകളെ വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു ഈ ഫോണുകൾ വൺപ്ലസ് ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഫോണുകൾ ഇന്ത്യയിലും എത്തിയിരിക്കുന്നത്. Qualcomm Snapdrgon 8 Gen 2 SoC പ്രൊസസറുമായി ആണ് വൺപ്ലസ് 12 ആർ അവതരിപ്പിച്ചിരിക്കുന്നത്. 6.78 ഇഞ്ച് ProXDR AMOLED ഡിസ്പ്ലേയാണ് ഈ ഫോണിന് വൺപ്ലസ് നൽകിയിരിക്കുന്നത്.

120Hz റീഫ്രഷ് റെയ്റ്റും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുണ്ട്. നാലാം തലമുറ LTPO സാങ്കേതിക വിദ്യയും ഈ ഡിസ്പ്ലേയ്ക്കായി വൺപ്ലസ് ഒരുക്കിയിരിക്കുന്നു. 4500 നീറ്റ്സിന്റെ ഉയർന്ന തെളിച്ചവും വൺപ്ലസ് 12 ആറിന്റെ ഡിസ്പ്ലേയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. വളരെ അപൂർവ്വമായി മാത്രമെ ഇത്രയും നീറ്റ്സ് തെളിച്ചമുള്ള ഫോണുകൾ പുറത്തിറങ്ങു. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി പ്രത്യേക കൂളിങ് സിസ്റ്റവും കമ്പനി ഇതിൽ നൽകിയിട്ടുണ്ട്.
ഫോണിന്റെ ക്യാമറ ഡിപ്പാർറ്റ്മെന്റ് പരിശോധിക്കുമ്പോൾ സോണി IMX890 സെൻസറുള്ള 50 എംപി ലെൻസാണ് മെയിൻ ക്യാമറ. ഐഒഎസ് പിന്തുണയും ഈ ലെൻസിന് ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ 8 എംപി അൾട്രാ വൈഡ് ക്യാമറ 2 എംപി മാക്രോ ക്യാമറ എന്നിവയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 16 എംപിയാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ. ഓക്സിജൻ ഒഎസ് 14 ഉപയോഗിച്ച് ആൻഡ്രോയിഡ് 14ൽ ആണ് വൺപ്ലസ് 12ആർ പ്രവർത്തിക്കുന്നത്.

100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററിയും വൺപ്ലസ് 12 ആറിൽ ഇടം പിടിച്ചിട്ടുണ്ട്. 26 മിനിറ്റിനുള്ളിൽ ചാർജ് 0 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലെത്തുമെന്നും വൺപ്ലസ് അവകാശപ്പെടുന്നു. 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും. അയൺ ഗ്രേ, കൂൾ ബ്ലൂ എന്നീ നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്. ഫോണിന്റെ രണ്ട് വേരിയന്റുകളാണ് വൺപ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിന്റെ 8ജിബി റാം 128ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയും 16ജിബി റാം 256ജിബി സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയാണ് വില. ഇന്ന് മുതൽ തന്നെ ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 6 മുതൽ ആയിരിക്കും ഈ ഫോണുകൾ വിപണയിൽ എത്തുന്നത്. ബാങ്ക് ഓഫർ വഴി 1000 രൂപയുടെ തൽക്ഷണ കിഴിവ് നേടാൻ സാധിക്കുന്നതാണ്. ഐസിഐസിഐ ബാങ്കിന്റെ കാർഡിനും വൺ കാർഡിനും ആയിരിക്കും ഈ ഓഫർ ലഭിക്കുന്നത്.
ആദ്യ 24 മണിക്കൂറിനുള്ളിൽ ഈ ഫോൺ ബുക്ക് ചെയ്യുന്നവർക്ക് വൺപ്ലസ് ബഡ്സ് ഇസഡ് 2 സൗജന്യമായി ലഭിക്കുന്നതായിരിക്കും. ഇഎംഐ ഓപ്ഷൻ വഴി ഫോൺ സ്വന്തമാക്കുമ്പോൾ ആദ്യത്തെ 6 മാസം പലിശ ഇല്ലാതെ ഇഎംഐ ആസ്വദിക്കാവുന്നതാണ്. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഔദ്യോഗിക സ്റ്റോറുകൾ വഴിയും ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ ആമസോൺ, ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവിടങ്ങളിൽ നിന്നും വൺപ്ലസ് 12ആർ വാങ്ങാൻ സാധിക്കുന്നതാണ്.
അതേസമയം മെറ്റാലിക് ഗ്രേ, സ്പ്ലെൻറിഡ് ബ്ലൂ എന്നീ നിറങ്ങളിലാണ് വൺപ്ലസ് തങ്ങളുടെ ബഡ് 3 പുറത്തിറക്കിയിരിക്കുന്നത്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 70 വണിക്കൂർ വരെ പ്ലേബാക്കും ഈ ഇയർബഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഡാപ്റ്റീവ് നോയിസ് ക്യാൻസലേഷനാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഉപകരണത്തിൽ ടച്ച് ചെയ്തുകൊണ്ട് തന്നെ ഇതിന്റെ വോളിയവും നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. IP55 വാട്ടർ ആന്റ് ഡസ്റ്റ് പ്രതിരോധവും ഇതിനുണ്ട്. 5499 രൂപയാണ് ഇതിന്റെ വില.


Click it and Unblock the Notifications








