വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോൺ ജൂൺ 15ന് വിൽപ്പനയ്ക്കെത്തിയേക്കും: വിലയും സവിശേഷതകളും
ഈ വർഷം ഏപ്രിലിലാണ് വൺപ്ലസ് 8 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. സീരിസിലെ സ്റ്റാൻഡേർഡ് മോഡലായ വൺപ്ലസ് 8 സ്മാർട്ട്ഫോൺ മാത്രമാണ് ഇതുവരെ വിൽപ്പനയ്കക്ക് എത്തിയത്. വൺപ്ലസ് 8 പ്രോയുടെ വിൽപ്പന ലോക്ക്ഡൌൺ കാരണം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ഡിവൈസിന്റെ സെയിൽ തിയ്യതി വെളിപ്പെടുത്തി പുതിയ ലീക്ക് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇത് പ്രകാരം ജൂൺ 15ന് വൺപ്ലസ് 8 പ്രോ വിൽപ്പനയ്ക്കെത്തും.

വൺപ്ലസ് 8 പ്രോ മെയ് 29ന് വിൽപ്പനയ്ക്കെത്തും എന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൌണും കാരണം കമ്പനിയുടെ പ്രൊഡക്ഷൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചത് വിൽപ്പന വൈകാൻ കാരണമായി. വൺപ്ലസ് 8ന്റെ വിൽപ്പന കഴിഞ്ഞ ദിവസം അടക്കം നടക്കുകയും ചെയ്തിരുന്നു. വൺപ്ലസിന്റെ സ്മാർട്ട്ഫോൺ പ്രൊഡക്ഷൻ പുനരാരംഭിച്ചതിനാൽ അധികം വൈകാതെ വൺപ്ലസ് 8 പ്രോ വിൽപ്പനയ്ക്കെത്തുമെന്ന് കഴിഞ്ഞ ദിവങ്ങളിൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വൺപ്ലസ് 8 പ്രോ: വിലയും വിൽപ്പനയും
ടിപ്പ്സ്റ്റർ മുകുൾ ശർമയാണ് വൺപ്ലസ് 8 പ്രോ സ്മാർട്ട്ഫോണിന്റെ വിൽപ്പന തിയ്യതി വെളിപ്പെടുത്തുന്ന ലീക്ക് വിവരം ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. ഈ ട്വീറ്റ് പ്രകാരം വൺപ്ലസ് 8 പ്രോ 5 ജി ജൂൺ 15 ന് വിൽപ്പനയ്ക്കെത്തും. ഈ ഡിവൈസ് 15-ാം തിയ്യതി ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാകുമെന്നും ട്വീറ്റിൽ പറയുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള വൺപ്ലസ് 8 പ്രോയ്ക്ക് ഇന്ത്യയിൽ 54,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 59,999 രൂപ വിലയുണ്ട്.

ആദ്യ വിൽപ്പന നടക്കുമ്പോൾ ഉപയോക്താക്കൾക്ക് മികച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. നോ-കോസ്റ്റ് ഇ.എം.ഐ, എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 2,000 രൂപ വിലക്കിഴിവ്, ജിയോ വഴി 6,000 രൂപയുടെ ആനുകൂല്യങ്ങൾ, ആമസോൺ പേയിൽ 1,000 രൂപവരെ ക്യാഷ് ബാക്ക് എന്നിവയാണ് ആദ്യ വിൽപ്പനയുടെ ഭാഗമായി നൽകുന്ന ഓഫറുകൾ. ഔദ്യോഗികമായി ഫോണിന്റെ വിൽപ്പന പ്രഖ്യാപിച്ചാൽ ഈ ഓഫറുകളിൽ ചിലപ്പോൾ മാറ്റം വന്നേക്കും.

വൺപ്ലസ് 8 പ്രോ: സവിശേഷതകൾ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പ്രോസസറിന്റെ കരുത്തിലാണ് വൺപ്ലസ് 8പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5 ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ഈ ഡിവൈസിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഉണ്ട്. ഫോട്ടോഗ്രാഫിക്കായി 48 എംപി പ്രധാന സെൻസറിനൊപ്പം 8 എംപി സെൻസറും 2 എംപി സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി സെൽഫി ക്യാമറയും ഉണ്ട്.

6.78 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 8 പ്രോയിൽ ഉള്ളത്. ആൻഡ്രോയിഡ് 10 OSനൊപ്പം കസ്റ്റം ഓക്‌സിജൻ ഒഎസുമായാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 30W വാർപ്പ് ചാർജ് സപ്പോർട്ടുള്ള 4,510mAh ബാറ്ററി യൂണിറ്റും ഡിവൈസിൽ ഉണ്ട്. ഇപ്പോൾ പുറത്ത് വന്ന വിൽപ്പന തിയ്യതി ഉറപ്പിക്കാൻ സാധിക്കാത്തതാണ്. ലീക്ക് റിപ്പോർട്ടുകൾ ശരിയാവണമെന്നില്ല. കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുന്നതുവരെ ഇക്കാര്യം ഉറപ്പിക്കാൻ സാധിക്കില്ല.


Click it and Unblock the Notifications