2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ ഇവയാണ്
സ്മാർട്ട്ഫോൺ വിപണി സജീവമായ കാലമാണ് 2021. മികച്ച സ്മാർട്ട്ഫോണുകൾ തന്നെ കഴിഞ്ഞ വർഷം വിപണിയിലെത്തിയിരുന്നു. സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയുടെ വലിയ മാറ്റങ്ങൾക്കും 2021 സാക്ഷിയായി. 5ജി സ്മാർട്ട്ഫോണുകൾ വ്യാപകമായ 2021ൽ എല്ലാ വില വിഭാഗത്തിലും ആകർഷകമായ ഫീച്ചറുകളുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമായിട്ടുണ്ട്. 10000 രൂപയിൽ താഴെയുള്ള വിലയിൽ പോലും മികച്ച ക്യാമറയും പ്രോസസറും ഡിസ്പ്ലെയുമെല്ലാം ഉള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.

കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡുകൾ വേഗത്തിൽ വിപണി പിടിച്ചെടുക്കുന്ന കാഴ്ച്ച ഇന്ത്യൻ വിപണിക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളുടെ വലിയ ആധിപത്യം ഉള്ളത്. ഷവോമി, റിയൽമി, വിവോ, ഓപ്പോ തുടങ്ങിയ ബ്രാന്റുകൾ ഇന്ത്യയിൽ നിന്ന് വലിയ നേട്ടം ഉണ്ടാക്കുന്നുണ്ട്. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകളും ചൈനീസ് എതിരാളികളോട് മത്സരിക്കാൻ കഴിഞ്ഞ വർഷം നിരവധി സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നുവെങ്കിലും ചൈനീസ് കമ്പനികളുടെ ആധിപത്യം അതുപോലെ തുടരുകയാണ്.
ചൈനീസ് ബ്രാൻഡുകൾക്ക് പുറമെ സാംസങ്, ആപ്പിൾ തുടങ്ങിയ ബ്രാൻഡുകൾക്കും കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് ഇന്ത്യയിൽ ലഭിച്ചത്. 2021-ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഡിവൈസുകളുടെ വിലയും സവിശേഷതകളും സഹിതം ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ വരും ദിവസങ്ങളിൽ പുതിയ ലോഞ്ചുകൾക്കായി തയ്യാറെടുക്കുമ്പോൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

വൺപ്ലസ് 9
ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ ഫോണുകളിൽ ഒന്നാണ് വൺപ്ലസ് 9. വൺപ്ലസ് 9 പ്രോയ്‌ക്കൊപ്പം കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ബ്രാൻഡ് അടുത്ത തലമുറ വൺപ്ലസ് 10 സീരീസ് വൈകാതെ പുറത്തിറക്കാനിരിക്കുമ്പോഴും വൺപ്ലസ് 9 ജനപ്രിയ സ്മാർട്ടഫോൺ ആയി തുടരുകയാണ്. ഫോണിന് 120Hz റിഫ്രഷ് റേറ്റുള്ള ഫ്ലൂയിഡ് അമോലെഡ് 2.0 പാനലാണ് ഉള്ളത്. ഇത് 5nm സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഹാസൽബ്ലാഡ് ക്യാമറകളുള്ള ഡിവൈസിൽ വയർലെസ്, റിവേഴ്സ് ചാർജിങ് സപ്പോർട്ടുകളുണ്ട്. 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഡിവൈസാണ് ഇത്.

റെഡ്മി നോട്ട് 10 പ്രോ
നിങ്ങൾ 20,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസാണ് അന്വേഷിക്കുന്നത് എങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് റെഡ്മി നോട്ട് 10 പ്രോ. 2021-ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌മാർട്ട്‌ഫോണുകളിലൊന്നാണ് ഇത്. 64 എംപി ക്വാഡ് ക്യാമറ സിസ്റ്റം, 120 ഹെർട്‌സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 732ജി ചിപ്പ്സെറ്റ്, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഹാൻഡ്‌സെറ്റ് 2021 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോണിനെ വിപണിയിൽ ജനപ്രിയമാക്കിയ മറ്റൊരു പ്രധാന ഘടകം ഇതിലുള്ളത് അമോലെഡ് പാനലാണ് എന്നതാണ്.

സാംസങ് ഗാലക്സി എഫ്62
നിങ്ങൾക്ക് ഒരു ചൈനീസ് ബ്രാൻഡ് സ്മാർട്ട്ഫോൺ വാങ്ങാൻ താല്പര്യം ഇല്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മിഡ്-റേഞ്ച് ഡിവൈസ് ആണ് സാംസങ് ഗാലക്സി എഫ്62. ഇന്ത്യൻ വിപണിയിൽ 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡിവൈസുകളിൽ ഒന്നാണ് ഇത്. സാംസങിന്റെ തന്നെ എക്സിനോസ് 9825 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 7,000 mAh ബാറ്ററിയാണ് ഉള്ളത്. വലിയ അമോലെഡ് പാനലും ഈ സ്മാർട്ട്ഫോണിൽ ദക്ഷിണ കൊറിയൻ ബ്രാന്റ് നൽകിയിട്ടുണ്ട്. 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയുള്ള ഈ സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ 64 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്.

റെഡ്മി 9എ
റെഡ്മി 9എ സ്മാർട്ട്ഫോൺ 2020ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ 2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകളിൽ ഒന്നാണ് ഇത്. ഹീലിയോ ജി25 പ്രോസസറിന്റെ കരുത്തിലാണ് റെഡ്മി 9എ പ്രവർത്തിക്കുന്നത്. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഷൻ ഓപ്ഷനുള്ള ഈ ഡിവൈസിൽ വലിയ ഡിസ്പ്ലേയുണ്ട്. ഫിംഗർപ്രിന്റ് സെൻസർ ഈ ഡിവൈസിൽ നൽകിയിട്ടില്ല. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്നതാണ് റെഡ്മി 9എയെ ഇന്ത്യൻ വിപണിയിൽ ജനപ്രിയമാക്കിയത്.

ഓപ്പോ എഫ്19
2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകളുടെ പട്ടികയിൽ ഉള്ള മറ്റൊരു സ്മാർട്ട്‌ഫോണാണ് ഓപ്പോ എഫ്19. അമോലെഡ് പാനൽ, സ്‌നാപ്ഡ്രാഗൺ 662 പ്രോസസർ, 48 എംപി ട്രിപ്പിൾ ക്യാമറ സിസ്റ്റം തുടങ്ങിയവ മികച്ച സവിശേഷതകളാണ് ഈ ഓപ്പോ സ്മാർട്ട്ഫോണിനെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഒന്നാക്കി മാറ്റിയത്. വളരെ ഭാരം കുറഞ്ഞ ഡിവൈസാണ് ഇത്. ഓപ്പോ എഫ്19 സ്മാർട്ട്ഫോൺ ഇന്ത്യയിൽ 20,000 രൂപയ്ക്ക് ലഭ്യമാകും.

ഐഫോൺ എസ്ഇ (2020)
ഐഫോൺ എസ്ഇ (2020) അൽപ്പം പഴയ മോഡലാണ് എങ്കിലും 2021-ലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഈ ഡിവൈസ് ഉണ്ട്. ആപ്പിൾ ഡിവൈസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാവുന്ന വില കുറഞ്ഞ മികച്ച ഐഫോണുകളിൽ ഒന്നാണ് ഐഫോൺ എസ്ഇ (2020). ആപ്പിൾ എ13 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ വയർലെസ് ചാർജിങും ഐപി67 റേറ്റിങും നൽകിയിട്ടുണ്ട്.

വിവോ വി20
രാജ്യത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ വിവോ വി20 സ്മാർട്ട്ഫോണും ഉണ്ട്. ഈ ഡിവൈസിൽ എഫ്എച്ച്ഡി+ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 44 എംപി എഎഫ് സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. പ്രീമിയം ലുക്കുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 30,000 രൂപയിൽ താഴെ വിലയുള്ള ഡിവൈസാണ് ഇത്.


Click it and Unblock the Notifications








