കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം, വൺപ്ലസ് നോർഡ് സിഇ 5ജിയുടെ വിൽപ്പന ഇന്ന്
വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിന്റെ ഓപ്പൺ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. 5ജി കണക്റ്റിവിറ്റിയുള്ള പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്ഫോണായ നോർഡ് സിഇ കഴിഞ്ഞ ആഴ്ചയാണ് വിപണിയിലെത്തിയത്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും മൂന്ന് കളർ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ എസ്ഒസി, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്പ്ലെ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

വൺപ്ലസ് നോർഡ് സിഇ 5ജി: വില, ലഭ്യത
വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 22,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 24,999 രൂപയും 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയുമാണ് വില. ബ്ലൂ വോയിഡ്, ചാർക്കോൾ ഇങ്ക്, സിൽവർ റേ നിറങ്ങളിൽ ഇത് ലഭ്യമാകും. വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, ആമസോൺ എന്നിവ വഴി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്.

വൺപ്ലസ് നോർഡ് സിഇ 5ജി: ഓഫറുകൾ
വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലും ആമസോണിലും വൺപ്ലസ് നോർഡ് സിഇ 5ജി വാങ്ങുന്നവർക്ക് മികച്ച കിഴിവുകൾ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിക്കുന്നവർക്ക് 1,000 രൂപ കിഴിവ് ലഭിക്കും. വൺപ്ലസ് സ്റ്റോർ ആപ്പ് ഉപയോഗിച്ച് ഓപ്പൺ സെയിലിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് വൺപ്ലസ് വാച്ചും മറ്റ് പ്രൊഡക്ടുകളും നേടാം. അമേരിക്കൻ എക്സ്പ്രസ് കാർഡുകളിൽ അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കും എച്ച്ഡിഎഫ്സി ബാങ്കിൽ ആറുമാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വൺപ്ലസ് വെബ്സൈറ്റിലൂടെ ലഭിക്കും.

വൺപ്ലസ് നോർഡ് സിഇ 5ജി: സവിശേഷതകൾ
വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോണിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 20: 9 അസ്പാക്ട് റേഷിയോവും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. അഡ്രിനോ 619 ജിപിയു, 12 ജിബി വരെ റാം എന്നിവയ്ക്കൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750ജി എസ്ഒസിയാണ്. 256 ജിബി വരെ സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള ഡിവൈസ് ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസ് 11ൽ പ്രവർത്തിക്കുന്നു.

വൺപ്ലസ് നോർഡ് സിഇ 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഈ ക്യാമറ സെറ്റപ്പിൽ ഉള്ളത്. ഈ സെൻസറിൽ എഫ് / 1.79 ലെൻസും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും (ഇഐഎസ്) നൽകിയിട്ടുണ്ട്. ഇതിനൊപ്പം എഫ് / 2.25 അൾട്രാ-വൈഡ് ലെൻസ് ഉള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയാണ് മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറയാണ് ഉള്ളത്. ഇതിൽ എഫ് / 2.45 ലെൻസും ഇഐഎസ് സപ്പോർട്ടും ഉണ്ട്.

5ജി, 4ജി എൽടിഇ, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഡിവൈസിൽ ഉള്ളത്. വൺപ്ലസ് നോർഡ് സിഇ 5ജിയിലുള്ള സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിൽ നോയിസ് ക്യാൻസലേഷൻ സപ്പോർട്ടുള്ള സൂപ്പർ ലീനിയർ സ്പീക്കറാണ് ഉള്ളത്. വാർപ്പ് ചാർജ് 30ടി പ്ലസ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടേടെ 4,500 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുള്ളത്.


Click it and Unblock the Notifications








