വൺപ്ലസ് നോർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 24,999 രൂപ
മാസങ്ങളോളം നീണ്ട ലീക്ക് റിപ്പോർട്ടുകൾക്കും കാത്തിരിപ്പിനും ശേഷം വൺപ്ലസിന്റെ വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് പുറത്തിറങ്ങി. ആൻഡ്രോയിഡ് 10 ഒ.എസിനെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് സോഫ്റ്റ്വെയറുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 5ജി.

വൺപ്ലസ് നോർഡ്: സവിശേഷതകൾ
എഫ്‌എച്ച്‌ഡി + റെസല്യൂഷനുള്ള 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ 90Hz ഡിസ്പ്ലേ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ക്വാൽകോമിന്റെ ഏറ്റവും ശക്തമായ 700 സീരീസ് പ്രോസസറായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഡിവൈസിൽ ഉണ്ട്. സ്റ്റോറേജ് വികസിപ്പിക്കുന്നതിനായി വൺപ്ലസ് നോർഡിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോ ഇയർഫോണിനും മറ്റുമായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കോ നൽകിയിട്ടില്ല.

വൺപ്ലസ് നോർഡിൽ മൊത്തം ആറ് ക്യാമറകളുണ്ട്, പിന്നിൽ നാല് സെൻസറുകളും മുന്നിൽ രണ്ട് സെൻസറുകളുമാണ് വൺപ്ലസ് നൽകിയിട്ടുള്ളത്. മുൻവശത്ത് 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ സെൽഫി ക്യാമറ സെറ്റപ്പ് വരുന്ന ആദ്യ വൺപ്ലസ് സ്മാർട്ട്‌ഫോണാണ് ഇത്. പിന്നിലെ ക്യാമറ യൂണിറ്റിൽ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസറാണ് നൽകിയിട്ടുള്ളത്. 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ ലെൻസും 5 എംപി ഡെപ്ത് സെൻസറുമാണ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ.

4,115 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ ഉള്ളത്. ഇതിനൊപ്പം വാർപ്പ് ചാർജ് 30ടി സപ്പോർട്ടും നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജറും റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഈ ഫാസ്റ്റ് ചാർജിങ് സംവിധാനം നൽകിയിട്ടുള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഡിവൈിസിൽ നൽകിയിട്ടുള്ളത്. വൺപ്ലസ് നോർഡ് ആൻഡ്രോയിഡ് 10 ഒഎസിൽ കസ്റ്റം ഓക്‌സിജൻ ഒഎസ് 10.5 സ്‌കിനിലാണ് പ്രവർത്തിക്കുന്നത്. നോർഡിന് രണ്ട് വർഷത്തേക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വൺപ്ലസ് നോർഡ്: വിലയും ലഭ്യതയും
ഓഗസ്റ്റ് 4 മുതൽ വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകും. ജൂലൈ 22 മുതൽ ആമസോണിലൂടെ ഈ ഡിവൈസ് പ്രീ-ബുക്ക് ചെയ്യാൻ സാധിക്കും. വൺപ്ലസ് റെഡ് കേബിൾ ക്ലബ് മെമ്പേഴ്സിന് ഓഗസ്റ്റ് 3ന് തന്നെ ഡിവൈസ് വാങ്ങാൻ സാധിക്കും. ഡിവൈസിന്റെ അടിസ്ഥാന വേരിയന്റായ 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോഡൽ 2020 സെപ്റ്റംബർ മുതൽ മാത്രമേ ലഭ്യമാകൂ. ഈ ഡിവൈസിന് 24,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയാണ് വില.

വൺപ്ലസ് നോർഡിന്റെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയാണ് വില. ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് നിറങ്ങളിൽ ലഭ്യമാണ്. ലോഞ്ച് ഓഫറുകളായി പ്രീ-ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് ആമസോൺ 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ നൽകുന്നുണ്ട്. കൂടാതെ അമേരിക്കൻ എക്സ്പ്രസ് കാർഡ് ഉപയോഗിച്ച് ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 2,000 രൂപ കിഴിവും ലഭിക്കും. വൺപ്ലസ് നോർഡിന്റെ മൂന്ന് വേരിയന്റിലും 6000 രൂപ വിലമതിക്കുന്ന ജിയോ ആനുകൂല്യങ്ങളും ഓഫറായി ലഭിക്കും.


Click it and Unblock the Notifications








