ബഡ്ജറ്റ് ഫ്രണ്ട്ലി മാർക്കറ്റ് പിടിക്കാനായി വൺപ്ലസ്; നോർഡ് എൻ30 എസ്ഇ അവതരിപ്പിച്ചു, ഫീച്ചറുകൾ അമ്പരപ്പിക്കും
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ ഏറ്റവും പുതിയ ഫോണായ വൺപ്ലസ് നോർഡ് എൻ 30 എസ്ഇ യുഎഇയിൽ പുറത്തിറക്കി. വൺപ്ലസ് നോർഡ് എൻ 20 എസ്ഇയുടെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ എന്ന നിലയ്ക്കാണ് പുതിയ ഫോൺ എത്തിയിരിക്കുന്നത്.
നേരത്തെ ചൈനയിൽ അവതരിപ്പിച്ച അതേ പതിപ്പ് തന്നെയാണ് ഇപ്പോൾ യുഎഇയിലും അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ ഈ ഫോൺ ഇന്ത്യയിലും എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ് ആണ് വൺപ്ലസ് നോർഡ് എൻ 30 എസ്ഇയ്ക്കായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഒരൊറ്റ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും മാത്രമാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ രണ്ട് കളർ ഓപ്ഷനുകൾ ഈ ഫോണിന് വൺപ്ലസ് നൽകിയിട്ടുണ്ട്.

4ജിബി റാം 128ജിബി വേരിയന്റാണ് വൺപ്ലസ് നോർഡ് എൻ 30 എസ്ഇയ്ക്ക് അവകാശപ്പെടാനുള്ളത്. യുഎഇയിൽ ഇതിന്റെ വില 599 ദിർഹം ആണ്. അതായത് ഇന്ത്യൻ മാർക്കറ്റിലെ 13,600 രൂപ. സാറ്റിൻ ബ്ലാക്ക്, സിയാൻ സ്പാർക്കിൾ എന്നീ കളർ ഓപ്ഷനുകളിലായിരിക്കും ഈ ഫോൺ ലഭിക്കുന്നത്. നിലവിൽ വൺപ്ലസിന്റെ ഗ്ലോബൽ വെബ്സൈറ്റിൽ ഈ ഫോണിന്റെ വിവരങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫോൺ വൺപ്ലസ് ആഗോളതലത്തിൽ പുറത്തിറക്കിയേക്കും.
വൺപ്ലസ് നോർഡ് എൻ 30 എസ്ഇയുടെ പ്രധാന ഫീച്ചറുകളും സവിശേഷതകളും എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 391 ppi പിക്‌സൽ ഡെൻസിറ്റിയും 20:9 ആസ്പെക്ട് റേഷിയോയുമുള്ള 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. Mali-G57 MC2 GPU, 4GB RAM, 128GB ഓൺബോർഡ് സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ MediaTek Dimensity 6020 SoC ആണ് ഫോണിന്റെ ചിപ്സെറ്റ്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1ൽ ആയിരിക്കും വൺപ്ലസ് നോർഡ് എൻ 30 എസ്ഇ പ്രവർത്തിക്കുക. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഒരു മിഡ് ബഡ്ജറ്റ് ഫോണിലുള്ള സൗകര്യങ്ങൾ എല്ലാം ഈ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണിന് കാണാൻ സാധിക്കുന്നതാണ്. 50 എംപിയാണ് ഈ ഫോണിന്റെ പ്രധാന ക്യാമറ. ഇതിന് പുറമെ 2 എംപിയുടെ ഡെപ്ത് സെൻസറും വൺപ്ലസ് ഈ ഫോണിനായി നൽകിയിട്ടുണ്ട്.
ഈ രണ്ട് ക്യാമറകൾക്ക് ഒപ്പം ഫോണിന്റെ പിൻവശത്തായി ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. ഡിസ്പ്ലേയിലെ പഞ്ച് ഹോളിലാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. 8 എംപിയാണ് ഈ ഫ്രണ്ട് ക്യാമറയുടെ ശേഷി. മികച്ച രീതിയിൽ വീഡിയോ കോളുകൾ ആസ്വദിക്കാനും സെൽഫി ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്താനും ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കും.
33W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡ് എൻ 30 എസ്ഇയ്ക്കായി കമ്പനി നൽകിയിരിക്കുന്നത്. ഫോണിന്റെ മുൻഗാമി ആയിരുന്ന വൺപ്ലസ് നോർഡ് എൻ 20 എസ്ഇയ്ക്കും ഇതേ ബാറ്ററി തന്നെയായിരുന്നു പായ്ക്ക് ചെയ്തിരുന്നത്. ഹാൻഡ്സെറ്റിന്റെ അധിക സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർറും ഈ ഫോണിൽ വൺപ്ലസ് സജ്ജീകരിച്ചിട്ടുണ്ട്. പവർ ബട്ടണായും ഈ സെൻസർ ഉപയോഗിക്കാവുന്നതാണ്.
5G, GPS, NFC, Bluetooth 5.3, USB Type-C എന്നിവയാണ് ഈ ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകൾ. 193 ഗ്രാം മാത്രമാണ് വൺപ്ലസ് നോർഡ് എൻ 30 എസ്ഇയുടെ ഭാരം. നിലവിൽ ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ സാംസങ്ങിന്റേത് അടക്കം നിരവധി ഫോണുകളാണ് ഇന്ത്യൻ മാർക്കറ്റിൽ നിലവിലുള്ളത്. വൺപ്ലസിന്റെ പുതിയ ഫോണുകൾ ഇന്ത്യയിൽ എത്തുമ്പോൾ ഈ സെഗ്മെന്റിൽ മത്സരം കനക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








