27,999 രൂപയ്ക്ക് വൺപ്ലസ് നോർഡ് സ്വന്തമാക്കാം, വിൽപ്പന ഇന്ന് ഉച്ചയ്ക്ക് ആമസോൺ വഴി
വൺപ്ലസിന്റെ കുറഞ്ഞ വിലയുള്ള 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് ഇന്ന് വിൽപ്പനയ്ക്കെത്തും. ആമസോൺ ഇന്ത്യ വെബ്സൈറ്റ് വഴിയാണ് ഡിവൈസിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoC, ഡ്യൂവൽ സെൽഫി ക്യാമറ എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ വില ആരംഭിക്കുന്നത് 27,999 രൂപ മുതലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലാഷ് സെയിൽ ആരംഭിക്കും.

വൺപ്ലസ് നോർഡ്: വിലയും ലഭ്യതയും
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ ഇന്ന് ഉച്ചയ്ക്ക് വിൽപ്പനയ്ക്കെത്തും. ഡിവൈസിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയാണ് വില. 12 ജിബി റാം 256 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയാണ് വില. നിലവിൽ ഈ രണ്ട് മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. വൺപ്ലസ് നോർഡിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റ് ഇതുവരെ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കിയിട്ടില്ല. ഇതിന് 24,999 രൂപയാണ് വില. ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഷേഡുകളിൽ ഡിവൈസ് ലഭ്യമാകും.

വൺപ്ലസ് നോർഡ്: സവിശേഷതകൾ
6.44 ഇഞ്ച് അമോലെഡ് എഫ്‌എച്ച്‌ഡി+ റെസല്യൂഷനുള്ള 90Hz ഡിസ്പ്ലേയുമായിട്ടാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലെയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഡിസ്പ്ലെയിൽ ഉണ്ട്. ഡിവൈസിന്റെ പിൻ പാനലും ഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെയിം മുഴുവനും പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയുടെ കരുത്തിലാണ് വൺപ്ലസ് നോർഡ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറുകളിൽ ഏറെ കരുത്തുള്ള പ്രോസസറാണ് ഇത്. 12 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ പ്രോസസറിനൊപ്പം വൺപ്ലസ് നൽകിയിട്ടുണ്ട്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇല്ല. ഇയർഫോണിനുള്ള 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ നൽകിയിട്ടില്ല.

വൺപ്ലസ് നോർഡിന്റെ ഏറ്റവും വലിയ സവിശേഷത ഡ്യൂവൽ സെൽഫി ക്യാമറകളാണ്. 32 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും അടങ്ങുന്നതാണ് മുൻവശത്തെ ക്യമറ സെറ്റപ്പ്. വൺപ്ലസിന്റെ ഡ്യൂവൽ സെൽഫി ക്യാമറ വരുന്ന ആദ്യത്തെ സ്മാർട്ട്ഫോണാണ് ഇത്. വൺപ്ലസ് നോർഡിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഇതിൽ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 5 എംപി ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്.

വാർപ്പ് ചാർജ് 30ടി സപ്പോർട്ടുള്ള 4,115 mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ നൽകിയിട്ടുള്ളത്. റീട്ടെയിൽ ബോക്സിൽ കമ്പനി ഫാസ്റ്റ് ചാർജറും നൽകുന്നുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജ് ചെയ്യുന്നത്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് കസ്റ്റം ഓക്‌സിജൻ ഒഎസ് 10.5ലാണ് വൺപ്ലസ് നോർഡ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തേക്ക് സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളും മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications








