ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ പുറത്തിറങ്ങി
മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ എന്ന പേരിൽ ഫൈൻഡ് എക്സ്3 പ്രോയുടെ പുതിയ വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുകയാണ് ഓപ്പോ. കസ്റ്റമൈസബിൾ മാർസ് തീമും പ്രത്യേക പാക്കേജിംഗ് ബോക്‌സുമായാണ് പുതിയ മോഡൽ വരുന്നത്. പുതിയ മോഡൽ സ്കൈ റോക്ക് ഗ്രേ നിറത്തിൽ ലഭ്യമാകും. ഇതോടെ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോയുടെ കളർ വേരിയന്റുകൾ 5 ആയി. ബ്ലൂ, വൈറ്റ്, ഗ്ലോസ് ബ്ലാക്ക്, കോസ്മിക് മോച്ച എന്നിവയാണ് മറ്റ് വേരിയന്റുകൾ.

16 ജിബി റാമും 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഒറ്റ വേരിയന്റിലാണ് ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. ചൈനയിൽ ഈ ഡിവൈസിന് 6,999 യുവാൻ (ഏകദേശം 79,675 രൂപ) ആണ് വില. ഫൈൻഡ് എക്സ് 3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എല്ലാ പ്രധാന സവിശേഷതകളും ഒറിജിനൽ ഫൈൻഡ് എക്സ് 3 പ്രോയ്ക്ക് സമാനമാണ് മാർച്ചിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്.

ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷൻ: സവിശേഷതകൾ
3216 x 1440 ക്യുഎച്ച്ഡി + പിക്‌സൽ റെസല്യൂഷനും 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുള്ള 6.7 ഇഞ്ച് സ്‌ക്രീനാണ് ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷനിൽ ഉള്ളത്. 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി സ്ലോട്ട് നൽകിയിട്ടില്ല.

ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയും 65W സൂപ്പർവൂക്ക് 2.0 ഫ്ലാഷ് ചാർജിങ് സപ്പോർട്ടും ഉണ്ട്. 30W എയർവൂക്ക് വയർലെസ് ഫ്ലാഷ് ചാർജിറങ് സപ്പോർട്ടും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 50 എംപി പ്രൈമറി ഷൂട്ടർ, 5 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 13 എംപി ടെലിഫോട്ടോ ലെൻസ്, 60 എംഎസ് മാഗ്‌നിഫിക്കേഷന് ശേഷിയുള്ള 3 എംപി മാക്രോ ഷൂട്ടർ എന്നിവയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

32 എംപി സെൽഫി ക്യാമറയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇത് പഞ്ച്-ഹോൾ കട്ടൌട്ടിൽ നൽകിയിട്ടുണ്ട്. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്കും ഉണ്ട്. കണക്റ്റിവിറ്റിക്കായി ഡ്യുവൽ സിം സപ്പോർട്ട്, 4ജി എൽടിഇ, 5ജി, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ലോഞ്ച്
നിലവിൽ ഓപ്പോ ഫൈൻഡ് എക്സ്3 പ്രോ മാർസ് എക്സ്പ്ലോറേഷൻ എഡിഷന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കമ്പനി ഇതുവരെ രാജ്യത്ത് ഫൈൻഡ് എക്സ്3 സീരീസ് പോലും പ്രഖ്യാപിച്ചിട്ടില്ല. ബ്രാൻഡ് മുമ്പത്തെ ലോഞ്ച് ടൈംലൈൻ പിന്തുടരുകയാണെങ്കിൽ, ഫൈൻഡ് എക്സ്3 സീരീസ് സ്മാർട്ട്‌ഫോണുകൾ ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അധികം വൈകാതെ തന്നെ മാർസ് എക്സ്പ്ലോറേഷൻ എഡിഷനും രാജ്യത്ത് ലഭ്യമാക്കും. കഴിഞ്ഞ വർഷം ഫൈൻഡ് എക്സ്2 ന്റെ ലംബോർഗിനി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








