ഓപ്പോയുടെ വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണായ ഓപ്പോ K7x അവതരിപ്പിച്ചു
ഓപ്പോ തങ്ങളുടെ ജനപ്രീയ സ്മാർട്ട്ഫോൺ സീരിസായ 'കെ' സീരീസിൽ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ പുറത്തിറക്കി. കമ്പനിയുടെ 5ജി സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ ഡിവൈസ് കൂടിയാണ് വിപണിയിലെത്തിയ ഓപ്പോ K7x. 90 ഹെർട്സ് എഫ്എച്ച്ഡി+ ഡിസ്പ്ലേ, മിഡ് ടയർ മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ, 5,000 എംഎഎച്ച് ബാറ്ററി യൂണിറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഡിവൈസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഓപ്പോ K7x: സവിശേഷതകൾ
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 720 പ്രോസസറിന്റെ കരുത്തിലാണ് ഓപ്പോ K7x സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റ് 5ജി കണക്റ്റിവിറ്റി സപ്പോർട്ടോടെയാണ് വരുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ സ്റ്റോറേജ് കൂടുതലായി വേണ്ട അവസരങ്ങളിൽ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഓപ്പോ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർ ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ K7x സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. എഫ്‌എച്ച്‌ഡി + റെസല്യൂഷൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, സെൽഫി ക്യാമറയ്ക്കായി പഞ്ച്-ഹോൾ ഡിസൈൻ എന്നിവയാണ് ഈ ഡിസ്പ്ലെയുടെ സവിശേഷതകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 അപ്പർച്ചറുള്ള 16 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നത്.

ഓപ്പോ K7x സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് നാല് ക്യാമറ സെൻസറുകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലാണ് നൽകിയിരിക്കുന്നത്. 48 എംപി പ്രൈമറി സെൻസറുള്ള ഈ ക്യാമറ സെറ്റപ്പിൽ 8 എംപി സെക്കൻഡറി സെൻസറും ഡെപ്ത്, മാക്രോ ഇഫക്റ്റുകൾക്കായി 2 എംപിയുടെ രണ്ട് സെൻസറുകളുമാണ് ഓപ്പോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി യുഎസ്ബി ടൈപ്പ്-സി പോർട്ട് 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്.

ഓപ്പോ K7x: വില
ഓപ്പോ K7x സ്മാർട്ട്ഫോണിന് ചൈനീസ് വിപണിയിൽ വില ആരംഭിക്കുന്നത് 1,399 യുവാൻ മുതലാണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 15,592 രൂപയോളം വരും. ഈ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ എപ്പോഴായിരിക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വൈകാതെ തന്നെ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററി യൂണിറ്റും ഈ ഡിവൈസിൽ ഉണ്ട്.

ഒറ്റ സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഓപ്പോ K7x സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ബ്ലാക്ക് മിറർ, ബ്ലൂ ഷാഡോ കളർ വേരിയന്റുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലും അധികം വില വ്യത്യാസമില്ലാതെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഇതേ വിലയുമായി ഡിവൈസ് പുറത്തിറക്കുകയാണെങ്കിൽ ഓപ്പോ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കുന്ന കമ്പനിയായി മാറും. ഡിവൈസ് ഇന്ത്യയിൽ എത്തുമ്പോൾ വില കൂടുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.


Click it and Unblock the Notifications