ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും; വിലയും സവിശേഷതകളും
ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കും. റെനോ 6 5ജി സ്മാർട്ട്ഫോണിനൊപ്പം കഴിഞ്ഞയാഴ്ചയാണ് ഈ ഡിവൈസ് പുറത്തിറങ്ങിയത്. ലോഞ്ച് ചെയ്ത ദിവസം തന്നെ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചിരുന്നു. ഇന്ന് ഡിവൈസിന്റെ ഓപ്പൺ സെയിൽ ആരംഭിക്കുമ്പോൾ കമ്പനി ആകർഷകമായ ലോഞ്ച് ഓഫറുകളും നൽകുന്നുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസി, ക്വാഡ് ക്യാമറ സെറ്റപ്പ്, 4,500 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഡിവൈസ് വിപണിയിൽ എത്തിയത്.

ഓപ്പോ റെനോ 6 പ്രോ 5ജി: വില, വിൽപ്പന
പുതിയ ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോൺ ഒറ്റ വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 39,990 രൂപയാണ് ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില. അറോറ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ, ഓപ്പോ ഓൺലൈൻ സ്റ്റോർ, മറ്റ് റീട്ടെയിലർമാർ എന്നിവ വഴിയാണ് ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ ക്യാഷ്ബാക്ക്, ഇഎംഐ ഓപ്ഷനുകൾ എന്നിവയും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കും.

ഓപ്പോ റെനോ 6 പ്രോ 5ജി: സവിശേഷതകൾ
ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.3ൽ ആണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണിൽ നാല് പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, കളർ ടെമ്പറേച്ചർ സെൻസറുള്ള 2 മെഗാപിക്സൽ മോണോ ക്യാമറ എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഓപ്പോ നൽകിയിട്ടുണ്ട്. ഡിസ്പ്ലേയുടെ മുകളിൽ ഇടത് മൂലയിലായി ഹോൾ-പഞ്ച് കട്ട് ഔട്ടിലാണ് ഇത് നൽകിയിട്ടുള്ളത്.

65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ റെനോ 6 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഓപ്പോ റെനോ 6 സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5ജി, Wi-Fi 6, ബ്ലൂടൂത്ത് v5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഡിവൈസിൽ ഉണ്ട്. 7.6 മിമി കട്ടിയുള്ള ഫോണിന്റെ ഭാരം 177 ഗ്രാമാണ്.


Click it and Unblock the Notifications








