ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും
ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു. ഡിവൈസിന്റെ വിലയിൽ 2,000 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 27,990 രൂപയായിരുന്നു വില ഇപ്പോൾ ഈ ഡിവൈസ് 25,990 രൂപയ്ക്ക് വിൽപ്പന നടത്തും. പുതുക്കിയ വില ആമസോണിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനിമുതൽ എല്ലാ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും പുതിയ വിലയിലായിരിക്കും ഡിവൈസ് ലഭിക്കുന്നത്.

ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ 256 ജിബി സ്റ്റോറേജുള്ള മോഡൽ ആമസോണിൽ 32,990 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഇപ്പോൾ ഈ വേരിയന്റിന് 29,989 രൂപയാണ് വില. ഈ മോഡലിന്റെ വില കുറച്ചിരിക്കുന്നത് താല്കാലികമായിട്ടാണോ സ്ഥിരമായിട്ടാണോ എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോൺ രാജ്യത്ത് അറോറ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഓപ്പോ റെനോ 3 പ്രോ: സവിശേഷതകൾ
ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിൽ ഡ്യുവൽ പഞ്ച് ഹോൾ ഡിസൈനുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ പി 95 ചിപ്‌സെറ്റിന്റെ കരുത്തുള്ള ഈ സ്മാർട്ട്ഫോണിൽ 8 ജിബി റാമും ഉണ്ട്. 4,025 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി VOOC 4.0 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

64 എംപി പ്രൈമറി സെൻസരുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ക്യാമറ സെറ്റപ്പിൽ 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 20 എംപി ഡിജിറ്റൽ സൂം സപ്പോർട്ടുള്ള 13 എംപി ടെലിഫോട്ടോ ലെൻസ്, 2 എംപി ലെൻസ് എന്നീ ക്യാമറകളാണ് ഉള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 44 എംപി പ്രൈമറി ക്യാമറയും 2 എംപി ഡെപ്ത് സെൻസറും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ എന്നിവയാണ് ഓപ്പോ റെനോ 3 പ്രോ സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 4 ജി VoLTE, WiFi 802.11 ac, ബ്ലൂടൂത്ത് 5, GPS / GLONASS / Beidou, NFC എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ചാർജിങിനും ഡാറ്റ ട്രാൻസ്ഫറിനുമായി യുഎസ്ബി ടൈപ്പ്-സി പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ ഡിവൈസിന് 175 ഗ്രാം ഭാരമാണ് ഉള്ളത്.

സവിശേഷതകൾ പരിശോധിക്കുമ്പോൾ സെൽഫികൾ എടുക്കാൻ താല്പര്യമുള്ള ആളുകൾക്കും ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് ഓപ്പോ റെനോ 3 പ്രോ. ഈ ഡിവൈസ് ചൂടാക്കാതെ തന്നെ അതിവേഗം ചാർജ് ചെയ്യാനുള്ള സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിമിങിന് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് ഈ വില നിലവാരത്തിൽ ലഭിക്കുന്ന മികച്ചൊരു ഡിവൈസ് തന്നെയാണ് ഇത്.


Click it and Unblock the Notifications