കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമായി പോക്കോ സി3 ഇന്ത്യൻ വിപണിയിലെത്തി
പോക്കോ സി3 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിപണിൽ അവതരിപ്പിച്ചു. വെർച്വൽ ഇവന്റിലൂടെ പുറത്തിറക്കിയ ഈ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എച്ച്ഡി + ഡിസ്‌പ്ലേ, ഒക്ടാകോർ മീഡിയടെക് പ്രോസസർ, വലിയ ബാറ്ററി, സെൽഫി ക്യാമറയ്‌ക്കായി വാട്ടർഡ്രോപ്പ് ഡിസൈനിലുള്ള നോച്ച് എന്നീ പ്രധാന സവിശേഷതകളാണ് ഉള്ളത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

പോക്കോ സി3: വിലയും ലഭ്യതയും
പോക്കോ സി3 സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 7,499 രൂപയാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 8,999 രൂപയാണ് വില. ഈ വില ഇൻട്രോഡക്ഷൻ ഓഫറായിട്ടാണ് പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ കുറച്ച് വിൽപ്പനയ്ക്ക് ശേഷം വില വർധിക്കാനുള്ള സാധ്യതയുണ്ട്.

ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് പോക്കോ സി3 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഒക്ടോബർ 16 മുതൽ ഈ സമാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്പ്കാർട്ട് ഫ്ലാഷ് സെയിലിലൂടെ മറ്റ് ചില ഓഫറുകളും ഡിവൈസിന് ലഭിച്ചേക്കും. ഈ ഡിവൈസ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന വിധത്തിൽ റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ റീബ്രാന്റ് ചെയ്ത പതിപ്പ് തന്നെയാണ്. ഇന്ത്യൻ വിപണിക്കായി ചില മാറ്റങ്ങൾ ഡിവൈസിൽ വരുത്തിയിട്ടുണ്ട്.

പോക്കോ സി3: സവിശേഷതകൾ
ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ൽ പ്രവർത്തിക്കുന്ന പോക്കോ സി3 സ്മാർട്ട്ഫോണിൽ രണ്ട് നാനോ സിംകാർഡ് സ്ലോട്ടുകളാണ് ഉള്ളത്. 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിലുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും 20: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. 4 ജിബി വരെ റാമുള്ള ആ സ്മാർട്ട്ഫോൺ ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി പോക്കോ സി3യിൽ മൂന്ന് പിൻക്യാമറകളാണ് നൽകിയിട്ടുള്ളത്. എഫ് / 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രധാന ക്യാമറയ്ക്കൊപ്പം എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും പോക്കോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ ക്യാമറയും ഡിവൈസിന്റെ മുൻവശത്ത് നൽകിയിട്ടുണ്ട്.

64 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് പോക്കോ സി3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ പ്രത്യേക സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ചാർജ്ജിംഗിനായി മൈക്രോ യുഎസ്ബി പോർട്ട് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.


Click it and Unblock the Notifications








