Poco F2: പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങും; റിപ്പോർട്ട്
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഫോണുമായി ബന്ധപ്പെട്ട് നിരവധി ലീക്ക് റിപ്പോർട്ടുകൾക്കും ഊഹങ്ങൾക്കും ഒടുവിലാണ് സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പോക്കോ എഫ്1 എന്ന ജനപ്രിയ ബ്രാന്റിന്റെ പിൻഗാമി പുറത്തിറങ്ങാനൊരുങ്ങുമ്പോൾ സ്മാർട്ട്ഫോൺ വിപണി പ്രതീക്ഷിക്കുന്നത് പ്രീമിയം സവിശേഷതകളും കുറഞ്ഞ വിലയുമുള്ള ഒരു സ്മാർട്ട്ഫോൺ തന്നെയാണ്.

ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, മെയ് 12 ന് ഒരു പോക്കോ എഫ്2 ലോഞ്ച് ഇവന്റ് നടത്താൻ ഒരുങ്ങുകയാണ്. ഈ ഇവന്റിനായി ഷവോമിയുടെ സ്പാനിഷ് പിആർ ഏജൻസി ആൻഡ്രോയിഡ് അതോറിറ്റിക്ക് ക്ഷണകത്ത് അയച്ചിട്ടുണ്ട്. വെർച്യൽ ഇൻവൈറ്റിലെ വിശദാംശങ്ങൾ പോക്കോ എഫ് 2 വിന്റെ ലോഞ്ച് സ്ഥിരീകരിക്കുന്നില്ലെങ്കിലും ഇതെരു ലോഞ്ച് ഇവന്റ് ആണെന്ന് ഉറപ്പിക്കുന്നുണ്ട്. പോക്കോ അടുത്തിടെ ട്വീറ്റ് ചെയ്ത വിവരങ്ങളെ കൂടി അടിസ്ഥാനമാക്കി പരിശോധിച്ചാൽ ഇത് പോക്കോ എഫ് 2വിന്റെ ലോഞ്ച് ഇവന്റ് തന്നെയാവാനാണ് സാധ്യത.

പോക്കോയുടെ ട്വീറ്റിലൂടെ "പോക്കോയുടെ രണ്ടാം തലമുറ" ടീസ് ചെയ്യുന്നു. ഇത് പോക്കോ എഫ് 2 തന്നെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു ട്വീറ്റിൽ പോക്കോ "256 ദിവസത്തെ കാത്തിരിപ്പ്" എന്ന് പരാമർശിച്ചിട്ടുണ്ട്. പക്ഷേ ഏത് പ്രൊഡക്ട് ആണെന്നോ അതിന്റെ സവിശേഷതകളോ വിലയോ ഡിവൈസിന്റെ ലഭ്യതയോ സംബന്ധിച്ച് സൂചനകളൊന്നും ട്വീറ്റിൽ നൽകിയിട്ടില്ല. ‘#POCOisBACK!' എന്ന മറ്റൊരു ട്വീറ്റും ഉണ്ടായിരുന്നു.

അടുത്തിടെ പോക്കോ എഫ് 2 പ്രോ ഗിയർബെസ്റ്റിൽ കണ്ടെത്തിയിരുന്നു. ഏറ്റവും ശക്തമായ ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ഈ ചിപ്പ്സെറ്റ് മിക്കവാറും സ്‌നാപ്ഡ്രാഗൺ 865 SoC ആയിരിക്കും. നോച്ച് ലെസ് ഡിസ്പ്ലെയുമായി പുറത്തിറങ്ങുന്ന ഈ ഡിവൈസിൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയുണ്ടായിരിക്കുമെന്ന സൂചനകളുണ്ട്. "വലിയ ബാറ്ററി പ്ലസ് ഫാസ്റ്റ് ചാർജിംഗ്", "മികച്ച ക്യാമറ" തുടങ്ങിയ സവിശേഷതകളെക്കുറിച്ചും സൂചനകൾ ലഭ്യമായിട്ടുണ്ട്. ഈ ഫോൺ റെഡ്മി കെ 30 പ്രോയ്ക്ക് സമാനമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പോക്കോ എഫ് 2 പ്രോയുടെ വില വിവരം ചോർന്നു
പോർച്ചുഗീസ് വെബ്‌സൈറ്റായ 4ജിന്യൂസ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് പോക്കോ എഫ് 2 പ്രോയുടെ വില 649 യൂറോയിൽ (ഏകദേശം 54,000 രൂപ) ആരംഭിക്കും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്റ്റാൻഡേർഡ് പതിപ്പിനാണ് ഈ വില വരുന്നത്. ടോപ്പ് എൻഡ് മോഡലിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ടായിരിക്കും. ഈ മോഡലിന് 749 യൂറോ (ഏകദേശം 62,200 രൂപ) ആയിരിക്കും വില. പോക്കോ എഫ് 1ന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വില വളരെ കൂടുതലാണ്.

പോക്കോ എഫ് 2 പ്രോ സ്മാർട്ട്ഫോണിന്റെ സവിശേഷതകളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. യൂറോപ്പിൽ ഈ ഫോൺ പുറത്തിറങ്ങുന്നത് ചൈനയിൽ കമ്പനി അവതരിപ്പിച്ച റെഡ്മി കെ 30 പ്രോയുടെ പേര് മാറ്റി മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പുറത്ത് വന്ന ഒരു ലീക്ക് റിപ്പോർട്ടിൽ പോക്കോ ബ്രാൻഡിലേക്ക് മാറ്റാതെ തന്നെ റെഡ്മി കെ 30 പ്രോ സൂം പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.


Click it and Unblock the Notifications








