പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോൺ ജൂലൈ 23ന് ഇന്ത്യയിൽ അവതരിപ്പിക്കും
പോക്കോയുടെ പുതിയ സ്മാർട്ട്ഫോണായ പോക്കോ എഫ്3 ജിടി ജൂലൈ 23ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇക്കാര്യം കമ്പനി തന്നെ സ്ഥീരികരിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ലിപ്പ്കാർട്ടിലെ ലിസ്റ്റിങിൽ ഈ ഡിവൈസ് ജൂലൈ 22ന് ലോഞ്ച് ചെയ്യുമെന്നാണ് നൽകിയിരുന്നത്. ഇത് ഉടനടി തന്നെ പിൻവലിക്കുകയായിരുന്നു. ഇപ്പോൾ കമ്പനി ഔദ്യോഗികമായി തന്നെ ലോഞ്ച് തിയ്യതി സ്ഥിരീകരിച്ചിരിക്കുകയാണ്. വൺപ്ലസിന്റെ നോർഡ് 2 ജൂലൈ 22ന് ലോഞ്ച് ചെയ്യും എന്നതിനാൽ ആയിരിക്കും ആദ്യം തിരഞ്ഞെടുത്ത തിയ്യതി മാറ്റിയത് എന്നാണ് സൂചനകൾ.

ഇന്ത്യയിൽ അടുത്തിടെ ലോഞ്ച് ചെയ്ത ഷവോമിറെഡ്മി കെ40 ഗെയിം എൻഹാൻസ്ഡ് എഡിഷന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും പോക്കോ എഫ്3 ജിടി എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇക്കാര്യം പോക്കോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷേ റെഡ്മി കെ40 സ്മാർട്ട്ഫോണിന് സമാനമായ നിരവധി സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൈൻസിറ്റി 1200 ചിപ്പ്സെറ്റായിരിക്കും എന്നാണ് സൂചനകൾ.
അമോലെഡ് സ്ക്രീനായിരിക്കും പോക്കോ എഫ്3 ജിടിയിൽ ഉണ്ടായിരിക്കുക. പോക്കോയുടെ ഇത്തരമൊരു ഡിസ്പ്ലെയുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാട്ട്ഫോൺ ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റുള്ളതായിരിക്കും. തിളക്കമുള്ള നിറങ്ങൾക്കും മികച്ച ദൃശ്യതീവ്രതയ്ക്കും HDR10 + സപ്പോർട്ടും ഈ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കുമെന്നാമ് സൂചനകൾ. ഗെയിമിങ്, വീഡിയോ സ്ട്രീമിങ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഏറെ അനുയോജ്യമായ ഡിസ്പ്ലെ ആയിരിക്കും ഇത്.

പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോണിന്റെ ഡിസൈനിൽ നിരവധി ആകർഷകമായ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മാറ്റ് ഫിനിഷുള്ള സ്ലിപ്പ്സ്ട്രീം ഡിസൈൻ എന്നാണ് ഈ ഡിസൈനിനെ പോക്കോ വിളിക്കുന്നത്. ഇതിന് അലുമിനിയം അലോയ് ഫ്രെയിമുമായിട്ടായിരിക്കും വരുന്നത്. മുൻവശത്തും, പിൻഭാഗത്തും ഗ്ലാസ് പാനലുകൾ ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഗൺമെറ്റൽ സിൽവർ, പ്രിഡേറ്റർ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.

ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഉയർന്ന ഫിഡിലിറ്റി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജു ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഡിവൈസിന്റെ മറ്റൊരു സവിശേഷത. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 5065 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

ഇതുവരെയായി പോക്കോ എഫ്3 ജിടിയുടെ കൃത്യമായി വില വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും റിപ്പോർട്ടുകളിൽ പലതും ഈ ഡിവൈസ് ഏകദേശം 30,000 രൂപയോളം വിലയുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്ന സൂചനയാണ് നൽകുന്നത്. ജൂലൈ 22ന് പുറത്തിറങ്ങുന്ന വൺപ്ലസ് നോർഡ് 2നെക്കാൾ വളരെ കുറവായിരിക്കും ഇതെന്നാണ് സൂചനകൾ. 31,999 രൂപ മുതലാണ് വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന് പ്രതീക്ഷിക്കുന്ന വില. ഡിവൈസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.


Click it and Unblock the Notifications








