പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ ഫ്ലാഷ് സെയിൽ ഇന്ന് ഉച്ചയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴി
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ സ്വതന്ത്ര ബ്രാന്റായതിന് ശേഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച രണ്ടാമത്തെ ഡിവൈസാണ് പോക്കോ M2 പ്രോ. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം വളരെ വേഗത്തിൽ വിറ്റഴിഞ്ഞ ഈ ഡിവൈസ് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. 6.7 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് ക്യാമറ സെറ്റപ്പ്, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ എന്നിവയാണ് ഡിവൈസിന്റെ സവിശേഷതകൾ.

പോക്കോ M2 പ്രോ: വിലയും ലഭ്യതയും
പോക്കോ M2 പ്രോ സ്മാർട്ട്ഫോൺ മൂന്ന് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 13,999 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയും വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ റ്റു ഷേഡ്സ് ബ്ലാക്ക്, ഔട്ട് ഓഫ് ബ്ലൂ, ഗ്രീൻ, ഗ്രീനർ എന്നീ നിറങ്ങളിൽ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്.

പോക്കോ M2 പ്രോ: സവിശേഷതകൾ
1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും ഉള്ള 6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുാണ് പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെ വീഡിയോ സ്ട്രീമിങിനും ഗെയിമിങിനുമെല്ലാം മികച്ച അനുഭവം നൽകുന്നതാണ്. പഞ്ച്-ഹോൾ ഡിസൈനിലാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണുമായി ഏറെ സാമ്യം തോന്നുന്ന ഡിസൈനാണ് ഡിവൈസിന്റേത്.

പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ലെൻസും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും 5 എംപി മാക്രോ സെൻസറും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി ലെൻസുമാണ് പോക്കോ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി പഞ്ച്-ഹോളിനുള്ളിൽ 16 എംപി ഫ്രണ്ട് ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. ഈ ക്യാമറയിലൂടെ കുറഞ്ഞ ലൈറ്റിലും മികച്ച സെൽഫികൾ എടുക്കാൻ 'നൈറ്റ് മോഡ്' ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു.

അഡ്രിനോ 618 ജിപിയു ഉള്ള പോക്കോ എം2 പ്രോ സ്മാർട്ട്ഫോൺ മിഡ് റേഞ്ച് ഗെയിമിങ് പ്രോസസറായ ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ശക്തനായ പ്രോസസറിനൊപ്പം 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും പോക്കോ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ഒ.എസ് അടിസ്ഥാനമാക്കിയുള്ള MIUI 11ലാണ് എം2 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

പോക്കോ എം2 പ്രോ സ്മാർട്ട്ഫോണിൽ ചാർജിങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഉള്ളത്. ഈ പോർട്ടിന്റെ അടുത്തായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും സ്പീക്കർ ഗ്രില്ലും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ വലത് വശത്ത് സൈഡ് പാനലിൽ സുരക്ഷയ്ക്കായുള്ള ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








