പോക്കോ എം4 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി, വില 14,999 രൂപ മുതൽ
പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ലോഞ്ച് ചെയ്ത ഈ ഡിവൈസ് പോക്കോ ആരാധകരെ നിരാശപ്പെടുന്നുന്നില്ല. കഴിഞ്ഞ വർഷം ജൂണിൽ രാജ്യത്ത് ലോഞ്ച് ചെയ്ത പോക്കോ എം3 പ്രോ 5ജിയുടെ പിൻഗാമിയായ പോക്കോ എം4 പ്രോ 5ജി ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസി ചിപ്പ്സെറ്റുമായിട്ടാണ് വരുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 90Hz ഡിസ്‌പ്ലേ, 50-മെഗാപിക്സൽ പ്രൈമറി ക്യാമറ തുടങ്ങിയ സവിശേഷതകളും ഫോണിലുണ്ട്. ഈ ഡിവൈസിന്റെ വിലയും സവിശേഷതകളും നോക്കാം.

പോക്കോ എം4 പ്രോ 5ജി: വില, ലഭ്യത
പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,999 രൂപ വിലയുണ്ട്. ഈ ഡിവൈസിന്റെ ടോപ്പ് എൻഡ് മോഡലായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ കൂൾ ബ്ലൂ, പോക്കോ യെല്ലോ, പവർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പോക്കോ എം4 പ്രോ 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴി നടക്കുന്ന സെയിലിൽ ഈ സ്മാർട്ട്ഫോണിന് ആകർഷകമായ ഓഫറുകളും ലഭിക്കും.

പോക്കോ എം4 പ്രോ 5ജി: സവിശേഷതകൾ
പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയുടെ നടുവിൽ സെൽഫി ക്യാമറയ്ക്കായുള്ള ഒരു പഞ്ച്-ഹോളും നൽകിയിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റാണ് ഈ ഡിവൈസിലുള്ളത്. ആനിമേഷനുകളും സ്ക്രോളിങും സുഗമമായി തോന്നുന്ന ഡിസ്പ്ലെയാണ് ഇത്. 240Hz ടച്ച് സാമ്പിൾ റേറ്റാണ് ഡിസ്പ്ലെയിൽ ഉള്ളത്. ഈ ഡിസ്പ്ലെ പരിശോധിച്ചാൽ തന്നെ ഇത് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഫോൺ ആണെന്ന് വ്യക്തമാകും.

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറാണ്. 8 ജിബി വരെ റാമും ഈ ഡിവൈസിൽ ഉണ്ട്. കൂടുതൽ റാം ആവശ്യമായി വരുന്ന അവസരങ്ങളിൽ ഉപയോഗിക്കാവുന്ന ഡൈനാമിക് റാം എക്സ്പാൻഷൻ ഫീച്ചറും ഈ ഡിവൈസിന്റെ സവിശേഷതയാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് 8 ജിബി വരെയും ടർബോ റാം ഉപയോഗിച്ച് 11 ജിബി വരെയും എക്സ്പാൻഷൻ ഓപ്‌ഷൻ ലഭിക്കും.

പോക്കോ എം4 പ്രോ 5ജി ഫോണിലെ ഓൺബോർഡ് സ്റ്റോറേജ് 128 ജിബി ആണ്. ഇത് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് ഈ ഡിവൈസിന്റെ സിം കാർഡ് സ്ലോട്ടിന്റെ പോരായ്മ. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഇത് ദിവസം മുഴുവൻ ഉപയോഗിക്കാനും വേഗത്തിൽ ചാർജ് ചെയ്യാനും സാധിക്കും.

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ പിന്നിൽ രണ്ട് ക്യാമറകൾ മാത്രമാണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയമാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 50 എംപി ക്യാമറ ഉള്ളതിനാൽ തന്നെ ഈ ഡിവൈസിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ സാധിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഒരു ഐആർ ബ്ലാസ്റ്റർ, യുഎസ്ബി-സി പോർട്ട്, എഫ്എം റേഡിയോ സപ്പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്.


Click it and Unblock the Notifications