പോക്കോ എക്സ്3 പ്രോ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി
പോക്കോയുടെ അടുത്ത സ്മർട്ട്ഫോണായ പോക്കോ എക്സ്3 പ്രോ ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മാർച്ച് 22ന് ആഗോള വിപണിയിലും മാർച്ച് 30ന് ഇന്ത്യൻ വിപണിയിലും ഈ ഡിവൈസ് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഡിവൈസിന്റെ ലോഞ്ച് തീയതി സ്ഥിരീകരിച്ചതിന് പിന്നാലെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ട് വിലയും പ്രധാന സവിശേഷതകളും കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

പോക്കോ എക്സ്3 പ്രോ: വില
യൂറോപ്യൻ റീട്ടെയിലറായ ഡീൽടെക്കിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് മെറ്റൽ ബ്രോൺസ്, ഫ്രോസ്റ്റ് ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പോക്കോ എക്സ്3 പ്രോ ലോഞ്ച് ചെയ്യുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും ഈ ഡിവൈസ് അവതരിപ്പിക്കും. ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 269 യൂറോ (ഏകദേശം 23,300 രൂപ) ആയിരിക്കും വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന്റെ ഹൈ എൻഡ് വേരിയന്റിന് 319 യൂറോ (ഏകദേശം 27,600 രൂപ) വിലയുണ്ട്.

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ചുള്ള വിലയാണ് ഇത്. ഇക്കാര്യത്തിൽ പോക്കോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വില ഇതായിരിക്കുമെന്ന് ഉറപ്പിക്കാൻ സാധിക്കില്ല. ലോഞ്ച് ഇവന്റിൽ വച്ച് പ്രഖ്യാപിക്കുന്ന വില ലീക്ക് റിപ്പോർട്ടിലുള്ള വിലയുമായി അടുത്ത് നിൽക്കുന്നതായിരിക്കും. ഈ ലോഞ്ച് ഇവന്റിൽ വച്ച് തന്നെ പോക്കോ എഫ്3 അഥവാ പോക്കോ എഫ്3 പ്രോ എന്ന ഡിവൈസ് കൂടി പുറത്തിറങ്ങുമെന്നാണ് സൂചനകൾ.

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോണിന്റെ പെർഫോമൻസ് ഈ വില വിഭാഗത്തിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ ആയിരിക്കുമെന്നാണ് പോക്കോ ട്വിറ്ററിലൂടെ അവകാശപ്പെട്ടത്. ഇന്ത്യൻ വിപണിയിൽ 21,000 രൂപയോളം വില വരുന്ന ഡിവൈസാണ് ഇതെങ്കിൽ ഈ വില വിഭാഗത്തിലുള്ള മറ്റ് ഡിവൈസുകളെക്കാൾ മികച്ച പെർഫോമൻസ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. മാർച്ച് 30ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് ഡിവൈസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമാകും.

പോക്കോ എക്സ്3 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
മുകളിൽ സൂചിപ്പിച്ചതുപോലെ 6 ജിബി റാം + 126 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി എന്നിവയുമായി ജോഡിയാക്കിയ ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 860 ചിപ്‌സെറ്റായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ഈ ഡിവൈസിന്റെ സ്‌ക്രീൻ വലുപ്പവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമല്ല. ഈ സ്മാർട്ട്‌ഫോൺ + 1080p റെസലൂഷൻ ഉള്ള ഒരു ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ. 5200mAh ബാറ്ററിയായിരിക്കും സ്മാർട്ട്‌ഫോണിൽ ഉണ്ടാവുക.

റിപ്പോർട്ടുകൾ അനസരിച്ച് പുതിയ പോക്കോ സ്മാർട്ട്‌ഫോൺ നാല് പിൻക്യാമറകളുമായിട്ടായിരിക്കും പുറത്തിറങ്ങുക. പ്രൈമറി സെൻസറിനൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഡെപ്ത് സെൻസർ, മാക്രോ ലെൻസ് എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കുന്നതിനായി സ്‌ക്രീനിൽ ഒരു പഞ്ച്-ഹോൾ കട്ടൌട്ട് നൽകാനും സാധ്യതയുണ്ട്. സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളായ ബ്ലൂടൂത്ത്, ജിപിഎസ്, ഡ്യുവൽ-ബാൻഡ് വൈഫൈ, 4ജി എൽടിഇ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഈ ഡിവൈസിൽ ഉണ്ടായിരിക്കും.


Click it and Unblock the Notifications








